Begin typing your search above and press return to search.
ഓഹരി വിപണിയിൽ തകർച്ച തുടരുന്നു. രൂപയ്ക്കും ഇടിവ്
രാജ്യാന്തര ചലനങ്ങളുടെ തുടർച്ച ഇന്ത്യൻ വിപണിയിലും. മുഖ്യസൂചികകൾ ഒന്നര ശതമാനം ഇടിവിൽ വ്യാപാരം തുടങ്ങി. പിന്നീടു കൂടുതൽ താണു. നിഫ്റ്റി 16,400 നും സെൻസെക്സ് 54,800 നും താഴെ എത്തിയിട്ടു തിരിച്ചു കയറി. വീണ്ടും സൂചികകൾ താണു. സെൻസെക്സ് ആയിരത്തിലധികം പോയിൻ്റ് ഇടിഞ്ഞു. നിക്ഷേപക സമ്പത്തിൽ അഞ്ചുലക്ഷം കോടി രൂപ നഷ്ടമായി.
ഓഹരികൾക്കൊപ്പം രൂപയും ഇടിവിലായി. ഡോളർ 77 രൂപയെ സമീപിക്കുകയാണ്.
ബാങ്ക്, ധനകാര്യ സർവീസ്, ഐടി, റിയൽറ്റി, മെറ്റൽ, കൺസ്യൂമർ ഡ്യുറബിൾസ്, എഫ്എംസിജി, ഫാർമ, ഹെൽത്ത് കെയർ തുടങ്ങിയ വ്യവസായമേഖലാ സൂചികകളല്ലാം കുത്തനെ താണു. ബാങ്ക് നിഫ്റ്റി രണ്ടു ശതമാനം താഴ്ചയിലാണ്.
പി ഇ അനുപാതം കൂടിയ ഓഹരികൾക്കാണു വലിയ ഇടിവ്. ഇന്നു റിസൽട്ട് പുറത്തു വിടാനിരിക്കുന്ന റിലയൻസ് ആദ്യം നേട്ടത്തിലായിരുന്നെങ്കിലും പിന്നീട് ഒരു ശതമാനത്തോളം താണു.
മിഡ് ക്യാപ് വിഭാഗത്തിൽ കോഫോർജ്, വോൾട്ടാസ്, ചോളമണ്ഡലം ഇൻവെസ്റ്റ്മെൻ്റ്സ് തുടങ്ങിയവ ആറു മുതൽ ഒൻപതു വരെ ശതമാനം താഴ്ചയിലായി.
മൈൻഡ് ട്രീയും എൽ ആൻഡ് ടി ഇൻഫോടെക്കും ലയിപ്പിക്കാനുള്ള തീരുമാനം ഇന്ന് ഉണ്ടാകും. രണ്ട് ഓഹരികൾക്കും ഇന്നു രാവിലെ വില ഇടിഞ്ഞു. എൽ ആൻഡ് ടി ഇൻഫോടെക്ക് അധികൃതർ ഇന്നു നാലു മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്. മൈൻഡ് ട്രീയുടെ 60.99 ശതമാനവും ഇൻഫോടെക്കിൻ്റെ 74.09 ശതമാനവും ഓഹരി എൽ ആൻഡ് ടിയുടെ കൈയിലാണ്.
വേദാന്ത ഓഹരി ഇന്ന് 10 ശതമാനത്തോളം ഇടിഞ്ഞു. സാങ്കേതിക വിശകലനക്കാർ വേദാന്ത ഓഹരി വരും ദിവസങ്ങളിൽ വീണ്ടും താഴുമെന്ന വിലയിരുത്തലിലാണ്. 365 രൂപയിലാണ് ഓഹരി ഇപ്പോൾ.
ഡോളർ ഇന്ന് 0.48 ശതമാനം നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. 76.62 രൂപയിൽ വ്യാപാരം ആരംഭിച്ച ഡോളർ ഇടയ്ക്ക് 76.57 ലേക്കു താണു. പിന്നീട് 76.72 രൂപയിലേക്കു കയറിയിട്ടു പിൻവാങ്ങി. വീണ്ടും ഉയർന്ന ഡോളർ 76.76 രൂപയിലെത്തി. ലോകവിപണിയിൽ ഡോളർ സൂചിക 20 വർഷത്തെ ഏറ്റവും ഉയർന്ന നിലയായ 103.78 ലെത്തി.
സ്വർണം ലോകവിപണിയിൽ 1875 ഡോളറിലേക്കു കയറി. കേരളത്തിൽ പവന് 240 രൂപ കുറഞ്ഞ് 37,680 രൂപയായി.
Next Story
Videos