പണനയത്തിൽ വിപണിക്കു തൃപ്തി; രൂപ മെച്ചപ്പെട്ടു

റിസർവ് ബാങ്ക് പണനയത്തിൽ അപ്രതീക്ഷിതമായ ഒന്നും ചെയ്തില്ല. റീപോ റേറ്റ് 50 ബേസിസ് പോയിൻ്റ് ഉയർത്തി 5.4 ശതമാനമാക്കി. ഇതനുസരിച്ചു മറ്റു നിരക്കുകളിലും മാറ്റം വന്നു. ഏകകണ്ഠമായാണു പണനയകമ്മിറ്റി (എംപിസി) തീരുമാനം എന്നു ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

എന്നാൽ വിപണിയുടെ എല്ലാ മോഹങ്ങളും ശക്തി കാന്തദാസ് നിറവേറ്റിയില്ല. നിരക്കു വർധന 25 ബേസിസ് പോയിൻ്റിൽ നിലനിർത്തണമെന്നതാണു നടക്കാതെ പോയ ഒരു മോഹം. വിലക്കയറ്റം ഏഴു ശതമാനത്തിനു മുകളിൽ നിൽക്കുമ്പോൾ റിസർവ് ബാങ്കിനു തീരെ കുറഞ്ഞ വർധന കൊണ്ടു തൃപ്തിപ്പെടാൻ പറ്റുകയില്ല. ഇതൊഴികെ പണനയ കാര്യത്തിൽ വിപണി പൊതുവേ സംതൃപ്തി പ്രകടിപ്പിച്ചു.
ഈ വർഷത്തെ ജിഡിപി വളർച്ച സംബന്ധിച്ച പ്രതീക്ഷയിലും മാറ്റം വരുത്തിയില്ല. 7.2 ശതമാനം എന്ന നിഗമനം നിലനിർത്തി. ഏപ്രിൽ-ജൂണിലെ ജിഡിപി വളർച്ച 16.2 ശതമാനമാണെന്നു റിസർവ് ബാങ്ക് കണക്കാക്കുന്നു. 2020 -21-ൽ ഒന്നാം പാദ ജിഡിപി കുത്തനെ ഇടിഞ്ഞതിൻ്റെ ഫലമായി കഴിഞ്ഞ വർഷവും ഇക്കൊല്ലവും ഈ പാദത്തിൽ അസാധാരണമായി ഉയർന്ന വളർച്ച ഉണ്ടായി. ഈ മാസം 31-നാണ് ഒന്നാം പാദ വളർച്ചക്കണക്ക് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തു വിടുക. ജൂലൈ - സെപ്റ്റംബർ ജിഡിപി വളർച്ച 6.2 ശതമാനമാകുമെന്നും ഗവർണർ പറഞ്ഞു. ഒക്ടോബർ - ഡിസംബറിൽ 4.1 ശതമാനം വളർച്ചയേ പ്രതീക്ഷിക്കുന്നുള്ളു. ജനുവരി-മാർച്ചിൽ 5.8 ശതമാനമാകും വളർച്ച.
ഈ സാമ്പത്തിക വർഷം ചില്ലറ വിലക്കയറ്റം 6.7 ശതമാനമായിരിക്കും എന്നാണു റിസർവ് ബാങ്ക് കണക്കാക്കുന്നത്.
രൂപ ഇന്നു തുടക്കത്തിൽ നല്ല നേട്ടമുണ്ടാക്കിയെങ്കിലും പിന്നീട് അതു നിലനിർത്താനായില്ല. ഡോളർ 79.01 രൂപ വരെ താഴ്ന്നിട്ട് 79.16 ലേക്ക് ഉയർന്നു. പണനയപ്രഖ്യാപനത്തിൽ റീപോ നിരക്ക് ഗണ്യമായി വർധിപ്പിച്ചതിനാൽ രൂപയുടെ വിനിമയ നിരക്ക് മെച്ചപ്പെട്ടു. നയംപ്രഖ്യാപിക്കും മുൻപ് 79.16 രൂപയിലായിരുന്ന ഡോളർ അതിനു ശേഷം 79.09 രൂപയിലായി. പിന്നീട് 79.06 രൂപയിലേക്കു ഡോളർ താണു.
നയം മുഖ്യ സൂചികകൾക്കു ചെറിയ നേട്ടമായി. നിഫ്റ്റി 40 പോയിൻ്റ് നേട്ടത്തിൽ നിന്ന് 65 പോയിൻ്റിലേക്കു കയറി. സെൻസെക്സും കൂടുതൽ നേട്ടത്തിലായി.
ലോക വിപണിയിൽ സ്വർണം 1790 ഡോളറിലാണ്. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 38,120 രൂപയായി.


Related Articles
Next Story
Videos
Share it