Begin typing your search above and press return to search.
ആവേശത്തുടക്കത്തിൽ വിപണി; ഐടി, മെറ്റൽ തിരിച്ചു വരുന്നു; രൂപയ്ക്കു ക്ഷീണം
തികച്ചും ആവേശകരമായ തുടക്കമാണു വിപണി ഇന്നു കുറിച്ചത്. മുഖ്യസൂചികകൾ അര ശതമാനത്തിലേറെ ഉയർന്ന് വ്യാപാരം ആരംഭിച്ച ശേഷം നേട്ടം 0.80 ശതമാനത്തിനു മുകളിലാക്കി. ബാങ്ക് നിഫ്റ്റിയും മെറ്റൽ സൂചികയും നേട്ടങ്ങൾക്കു മുന്നിൽ നിന്നു. അതേ സമയം രൂപ വീണ്ടും ദുർബലമായി.
കഴിഞ്ഞ ദിവസങ്ങളിൽ വിപണിയെ ക്ഷീണിപ്പിച്ച വമ്പൻ ഓഹരികൾ ഇന്നു നല്ല ഉയർച്ച കാണിച്ചു. മെറ്റൽ സൂചിക തുടക്കത്തിൽ ഒരു ശതമാനത്തോളം കയറി. പിന്നീട് ഒന്നേകാൽ ശതമാനത്തിലേക്കു കയറി. കുറേ ദിവസങ്ങളായി ഇടിവിലായിരുന്ന ഐടി മേഖല ഇന്നു നേട്ടത്തിലാണ്.
വൈദ്യുത വാഹന വിപണിയിൽ വലിയ കളിക്കാരനാകാൻ ടാറ്റാ മോട്ടോഴ്സ് ഒരുങ്ങുന്നു എന്ന ചെയർമാൻ എൻ.ചന്ദ്രശേഖരൻ്റെ പ്രസ്താവനയെ ഓഹരിവില രണ്ടു ശതമാനം ഉയർത്തി വിപണി സ്വാഗതം ചെയ്തു.
കോൾ ഇന്ത്യ, ഒഎൻജിസി, ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ, വേദാന്ത, ജെഎസ്ഡബ്ള്യു സ്റ്റീൽ, പവർ ഗ്രിഡ് തുടങ്ങിയവ രണ്ടു ശതമാനത്തോളം ഉയർന്നു. സിമൻ്റ് ഓഹരികളിലും നല്ല വാങ്ങൽ താൽപര്യം കണ്ടു.
മുൻ ദിവസങ്ങളിൽ താഴ്ചയിലായിരുന്ന ഒഎംഡിസി (ഒറീസ മിനറൽസ് ഡവലപ്മെൻ്റ് കമ്പനി) ഇന്ന് ഒന്നര ശതമാനത്തോളം ഉയർന്നു.
പാമോയിൽ വിലയിടിവിൻ്റെ പേരിൽ തിങ്കളാഴ്ച കുതിച്ച എഫ്എംസിജി ഓഹരികൾ ഇന്നു കുറേ താണു.
സ്വർണം ലോക വിപണിയിൽ 1810-1811 ഡോളറിലാണ്. കേരളത്തിൽ പവന് 80 രൂപ ഉയർന്ന് 38,480 രൂപയായി.
ഡോളർ ഇന്നു രാവിലെ എട്ടു പൈസ നേട്ടത്തിൽ 79.03 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 79.065 രൂപയിലേക്കു കയറി.
Next Story