വിപണി താഴെ; ടിസിഎസും ഐടിയും ക്ഷീണത്തിൽ; രൂപ ഇടിവിൽ

വിപണി താഴ്ചയിൽ. മുഖ്യസൂചികകളുടെ തുടക്കം അര ശതമാനം താഴ്ചയിലായിരുന്നു. ബാങ്ക് സൂചിക തുടക്കത്തിൽ നഷ്ടത്തിലായിരുന്നെങ്കിലും പിന്നീടു കയറി. റിലയൻസ് ഇന്നും താഴാേട്ടു നീങ്ങി. രൂപ ഇന്നും വീഴ്ചയിലായി.

വിപണിയുടെ പ്രതീക്ഷയോളം മികവ് ഒന്നാം പാദ റിസൽട്ടിന് ഇല്ലാതിരുന്നതിനെ തുടർന്ന് ടിസിഎസ് ഓഹരിവില നാലര ശതമാനത്തിലധികം ഇടിഞ്ഞു. ഇൻഫി, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്സിഎൽ, മൈൻഡ് ട്രീ, എൽ ആൻഡ് ടി ടെക് തുടങ്ങിയവയും ഗണ്യമായി താണു. നിഫ്റ്റി ഐടി സൂചിക മൂന്നു ശതമാനത്തോളം ഇടിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുയർന്ന റിയൽറ്റി ഓഹരികൾ ഇന്നു വലിയ താഴ്ചയിലായി. മെറ്റൽ ഓഹരികൾ തുടക്കത്തിൽ താണിട്ട് പിന്നീടു കയറി. ഡയഗ്നോസ്റ്റിക് കമ്പനികളും ക്ഷീണത്തിലാണ്.വാഹന എഫ്എംസിജി കമ്പനികൾ ഇന്നും നേട്ടമുണ്ടാക്കി.
അഡാനി ഗ്രൂപ്പ് 5ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുന്നു എന്ന റിപ്പാേർട്ട് ഭാരതി എയർടെൽ ഓഹരിയെ നാലു ശതമാനത്തിലധികം താഴ്ത്തി.ഗ്രൂപ്പ് ബിസിനസുകളുടെ സ്വകാര്യ നെറ്റ് വർക്കിനു വേണ്ടിയാണു സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുന്നത് എന്നാണ് അഡാനി ഗ്രൂപ്പ് പറയുന്നത്.
മികച്ച റിസൽട്ടിനെ തുടർന്ന് അവന്യു സൂപ്പർ മാർട്സ് ഓഹരി രണ്ടു ശതമാനത്തോളം ഉയർന്നു.
500 കോടി രൂപയുടെ ഓർഡർ ലഭിച്ചത് കെഎസ്ബി പമ്പ്സിന്റെ ഓഹരിവില രണ്ടു ശതമാനം ഉയർത്തി.
ഡോളർ നാലു പൈസ നേട്ടത്തിൽ 79.29 രൂപയിലാണ് ഓപ്പൺ ചെയ്തത്.പിന്നീട് 79.40 രൂപ എന്ന പുതിയ റിക്കാർഡിലേക്കു കയറി. രൂപ ഇനിയും താഴേക്കു പോകുമെന്നു കരുതപ്പെടുന്നു.
സ്വർണം ലോക വിപണിയിൽ 1741-1742 ഡോളറിലാണ്. കേരളത്തിൽ പവൻ വില മാറ്റമില്ലാതെ 37,560 രൂപയിൽ തുടർന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it