Begin typing your search above and press return to search.
ഓഹരി വിപണി വീണ്ടും കയറി; പിന്നെ ചാഞ്ചാട്ടം
വിപണിയിലെ ആവേശം തിരിച്ചുപിടിച്ചു കൊണ്ട് ഓഹരികൾ ഇന്നും നേട്ടത്തിലായി. തുടക്കത്തിൽ അര ശതമാനത്തിൽ താഴെ നേട്ടത്തിലായിരുന്ന മുഖ്യ സൂചികകൾ പിന്നീട് ഒരു ശതമാനത്തോളം ഉയർന്നു. അതിനു ശേഷം താഴോട്ടു നീങ്ങി.
ലാഭം ഇരട്ടിയിലേറെ ആക്കിയ നാലാംപാദ റിസൽട്ടിൻ്റെ വെളിച്ചത്തിൽ എയർടെൽ ഓഹരി ഇന്നു രണ്ടര ശതമാനത്തോളം ഉയർന്നു. മികച്ച റിസൽട്ടും വർധിച്ച ലാഭ മാർജിനും നോസിൽ ഓഹരിയെ എട്ടു ശതമാനം ഉയർത്തി. ലാഭത്തോതു കൂടിയത് മിൻഡാ കോർപറേഷൻ്റെ ഓഹരി അഞ്ചു ശതമാനം ഉയരാൻ സഹായിച്ചു.
ലാഭവും ലാഭമാർജിനും ഇടിഞ്ഞത് ഡോ.ലാൽ പാഥ് ലാബ്സിൻ്റെയും മെട്രോപ്പോലിസ് ഹെൽത്തിൻ്റെയും ഓഹരി വില ഏഴു ശതമാനത്തോളം ഇടിച്ചു. ഡയഗ്നോസ്റ്റിക് ബിസിനസിലെ കമ്പനികൾക്ക് കോവിഡ് തരംഗം കഴിഞ്ഞതോടെ വരുമാനം കുത്തനെ ഇടിയുകയാണ്. അമേരിക്കൻ, യൂറോപ്യൻ ബിസിനസുകൾ ഗണ്യമായി കൂടുന്നത് ഇൻഡോകോ റെമഡീസിൻ്റെ ഓഹരിവില അഞ്ചു ശതമാനത്തിലധികം ഉയർത്തി.
ഇന്നലെ താഴ്ചയിലായിരുന്ന എൽഐസി ഓഹരി ഇന്നു ചെറിയ നേട്ടത്തിലായി.
തുടക്കത്തിൽ നേട്ടത്തിലായിരുന്ന റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി പിന്നീടു നഷ്ടത്തിലായി.
പരുത്തിവില ഇരട്ടിച്ച സാഹചര്യത്തിൽ മൂന്നു മാസത്തേക്ക് കയറ്റുമതി നിരോധിക്കാനും ഇറക്കുമതിച്ചുങ്കം കുറയ്ക്കാനും നീക്കമുള്ളതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോട്ടൺ മില്ലുകൾക്കും വസ്ത്ര നിർമാതാക്കൾക്കും ഇതു നേട്ടമാകും.
ഡോളർ ഇന്നു രണ്ടു പൈസ താണ് 77.53 രൂപയിലാണു വ്യാപാരം തുടങ്ങിയത്. പിന്നീട് 77.47 രൂപയിലേക്കു താണു.
ലോകവിപണിയിൽ സ്വർണം 1808 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ പവനു 360 രൂപ കുറഞ്ഞ് 37,880 രൂപയായി.
Next Story
Videos