Begin typing your search above and press return to search.
റിലയൻസിന്റെ നീക്കം നിക്ഷേപകർ ശ്രദ്ധിക്കണം ; ഏഷ്യൻ പെയിൻ്റ്സിൽ എന്തു നടക്കുന്നു
ബാങ്ക് ഓഹരികൾ ഇടിഞ്ഞതിൻ്റെ ഫലമായി മുഖ്യസൂചികകൾ ചെറിയ നഷ്ടത്തിലാണ് ഇന്നു രാവിലെ വ്യാപാരം തുടങ്ങിയത്. താമസിയാതെ സൂചികകൾ നേട്ടത്തിലായി. എന്നാൽ അവിടെ നിൽക്കാനായില്ല. അന്തരീക്ഷം കൂടുതൽ ഇടിവിലേക്കു നയിക്കുന്നതാണ്. ബാങ്ക് - ധനകാര്യ കമ്പനികൾ ഇന്നു വലിയ താഴ്ച കണ്ടു. ഐടി ഓഹരികൾ തിരിച്ചു കയറി.
റിലയൻസ് ഇൻഡസ്ട്രീസ് ഗ്യാസിഫിക്കേഷൻ ബിസിനസ് പ്രത്യേക ഉപകമ്പനിയാക്കാൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ട്. ജാംനഗറിലെ ഗ്യാസ് ക്രാക്കർ യൂണിറ്റ് ഒലെഫിൻ ഇനത്തിൽ പെട്ട കെമിക്കലുകൾ നിർമിക്കും. ഹൈഡ്രജൻ ഇന്ധന ഉൽപാദനവും ലക്ഷ്യമിടുന്നു. ഭാവിയിൽ ഈ ഉപകമ്പനി ലിസ്റ്റ് ചെയ്യാനും ലക്ഷ്യമിടുന്നു. റിലയൻസ് ഓഹരി ഇന്നു വ്യാപാരത്തുടക്കത്തിൽ ഒന്നര ശതമാനത്തോളം ഉയർന്നിട്ടു താണു.
യുഎഇയിലെ ടി20 ക്രിക്കറ്റ് ലീഗിൽ ഒരു ടീമിനെ അവതരിപ്പിക്കാൻ റിലയൻസ് നടപടി തുടങ്ങിയതായി റിപ്പോർട്ട്. ഐപിഎലിൽ മുംബൈ ഇന്ത്യൻസ് റിലയൻസിൻ്റെ ടീമാണ്.
ഏഷ്യൻ പെയിൻ്റ്സ് പ്രൊമോട്ടർമാരായ ദാനി കുടുംബത്തെപ്പറ്റി ഉയരുന്ന ആരോപണങ്ങൾ കമ്പനിയെയും ഓഹരി വിലയെയും ബാധിക്കാവുന്ന നിലയിലേക്കു വളരുകയാണ്. നിക്ഷേപക താൽപര്യങ്ങൾ സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന ഇൻഗവേൺ എന്ന സന്നദ്ധ സ്ഥാപനം ആരോപണങ്ങൾ അന്വേഷിച്ച് അവയിൽ കഴമ്പുണ്ടെന്നു കണ്ടു. ദാനി കുടുംബത്തിൻ്റെ തന്നെ കമ്പനിയായ പലാഡിൻ പെയിൻ്റ്സ് ആൻഡ് കെമിക്കൽസിൽ നിന്നു വാങ്ങുന്ന അസംസ്കൃത പദാർഥങ്ങൾ വാങ്ങുന്നത് അമിത വിലക്കാണെന്ന് തെളിഞ്ഞു. പ്രൊമോട്ടർമാരായ അശ്വിൻ ദാനിയെയും മകൻ മാളവ് ദാനിയെയും ഡയറക്ടർ ബോർഡിൽ നിന്നു മാറ്റണമെന്നാണ് ഇൻ ഗവേണിൻ്റെ ശിപാർശ.
ഏയ്സറിനു വേണ്ടി ലാപ്ടോപ്പുകൾ നിർമിക്കാൻ കരാർ നേടിയ ഡിക്സൺ ടെക്നോളജിസിൻ്റെ ഓഹരി വില രണ്ടു ശതമാനത്തിലേറെ ഉയർന്നു.
കമ്പനിയുടെ ലാഭ മാർജിൻ പ്രതീക്ഷയിലും വളരെ താഴെയായത് സീമെൻസ് ഓഹരി വില എഴുശതമാനത്തോളം ഇടിയാൻ കാരണമായി.
ക്രിപ്റ്റോ കറൻസികൾ നിരോധിക്കുമെന്ന സൂചന ബിറ്റ്കോയിൻ വില ഇന്ത്യൻ എക്സ്ചേഞ്ചുകളിൽ ഇന്നു രാവിലെ 15 ശതമാനം താഴ്ത്തി. ബിനാൻസ്, ഈഥർ തുടങ്ങിയ മറ്റു ക്രിപ്റ്റോ കറൻസികളും വലിയ താഴ്ചയിലാണ്. ആഗോളതലത്തിൽ വില അധികം താണിട്ടില്ല.
പേടിഎം തുടക്കത്തിൽ എഴു ശതമാനത്തിലധികം ഉയർന്നെങ്കിലും പിന്നീട് ആ നേട്ടം കുറഞ്ഞു.
എൽഐസി രണ്ടു ശതമാനം ഓഹരി വിറ്റത് ഗ്രാസിം ഇൻഡസ്ട്രീസിൻ്റെ ഓഹരി ഇടിയാൻ കാരണമായി.
Next Story
Videos