ഓഹരി വിപണി ചാഞ്ചാടുന്നു, കാരണം ഇതാണ്

തിരുത്തൽ വാദികളും ബുള്ളുകളും തമ്മിൽ വടംവലി തുടരുന്നു. വിപണി താഴ്ന്നു തുടങ്ങിയ ശേഷം കുറേക്കൂടി താണിട്ട് ചാഞ്ചാട്ടത്തിലായി. ഏഷ്യൻ വിപണികളെല്ലാം താഴ്ന്നതും യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നു നിൽക്കുന്നതും വിപണിയുടെ ഉയർച്ചയ്ക്കു തടസമാണ്.

ബാങ്ക് ഓഹരികളുടെ പ്രകടനമാണു മുഖ്യസൂചികകളെ നയിക്കുന്നത്. ബാങ്ക് സൂചിക കയറിയിറങ്ങുന്നത് മുഖ്യസൂചികകളിൽ ആവർത്തിക്കുന്നു
കുറച്ചു ദിവസം കുതിച്ചു കയറിയ റിയൽ എസ്റ്റേറ്റ് ഓഹരികൾ ഇന്ന് ഇടിഞ്ഞു.
തെക്കേ അമേരിക്കൻ വ്യോമയാന കമ്പനി ഏവിയങ്കയുടെ ഐടി സംവിധാനം നവീകരിച്ചു പരിപാലിക്കാനുള്ള കരാർ ലഭിച്ചത് ടിസിഎസിൻ്റെ ഓഹരി വില രാവിലെ ഉയർത്തി. പക്ഷേ പിന്നീട് ഓഹരി താഴ്ചയിലായി. ഇൻഫിയും ടെക് മഹീന്ദ്രയുമടക്കമുള്ള ഐടി കമ്പനികൾ എല്ലാം തന്നെ താഴ്ചയിലാണ്.
റബർ വില താഴുന്നത് ടയർ കമ്പനി ഓഹരികൾക്കു വില കൂട്ടി. ചൈനീസ് ഡിമാൻഡ് കുറഞ്ഞതാണു റബറിൻ്റെ രാജ്യാന്തര വില കുറച്ചത്. ഇന്ത്യയിലും ആനുപാതികമായി വില കുറയുന്നുണ്ട്. കണ്ടെയ്നർ ക്ഷാമം മൂലം റബർ ഇറക്കുമതി തടസപ്പെടുന്നതിനാൽ രാജ്യാന്തര വിലയേക്കാൾ വളരെ ഉയർന്നാണ് ഇന്ത്യയിൽ വില.
കാനഡ പെൻഷൻ ഫണ്ട് രണ്ടു കോടി ഓഹരികൾ വിറ്റത് എസ്ബിഐ ലൈഫ് ഇൻഷുറൻസിൻ്റെ വില നാലു ശതമാനം ഇടിച്ചു. രാധാകൃഷ്ണൻ ദമാനി ഓഹരി വാങ്ങിയതിനെ തുടർന്ന് ജമ്മു ആൻഡ് കാഷ്മീർ ബാങ്കിൻ്റെ ഓഹരി വില നാലര ശതമാനം ഉയർന്നു.
സ്വർണം രാജ്യാന്തര വിപണിയിൽ വീണ്ടും താണ് 1786 ഡോളറിലെത്തി. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയായി.
ഡോളർ വീണ്ടും കയറ്റത്തിലാണ്.ഇന്നലെ 18 പൈസ ഉയർന്ന് 73.60 രൂപയായ ഡോളർ ഇന്നു രാവിലെ വീണ്ടും 23 പൈസ കയറി 73.83 രൂപയിലെത്തി.
ഗണേശ ചതുർഥി പ്രമാണിച്ചു നാളെ ഓഹരി വിപണി അവധിയിലാണ്.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it