ആവേശത്തോടെ ഓഹരി സൂചികകൾ, പുതിയ ഉയരങ്ങളിൽ

അമേരിക്കൻ ഫെഡ് തീരുമാനം പകർന്നു നൽകിയ ആവേശം ഇന്നു വിപണിയെ ഉയരങ്ങളിലേക്കു കയറ്റി. നല്ല നേട്ടത്തോടെ തുടങ്ങിയ വിപണി പിന്നീടും കയറി. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ സെൻസെക്സ് 56,650 നു മുകളിലാണ്; നിഫ്റ്റി 16,850 നു മുകളിലും.

എല്ലാ വ്യവസായ വിഭാഗങ്ങളും കുതിപ്പിലായി. ചെറുകിട, ഇടത്തരം ഓഹരികളും വൻകിടക്കാർക്കൊപ്പം ഉയർന്നു. ടാറ്റാ സ്റ്റീൽ, റിലയൻസ്, ഐസിഐസിഐ, എച്ച്ഡിഎഫ്സി, മാരുതി തുടങ്ങിയവ കുതിപ്പിനു മുന്നിൽ നിന്നു. ഐടി കമ്പനികളാണു രാവിലെ കാര്യമായ നേട്ടമുണ്ടാക്കാത്തത്. ഒരിടയ്ക്ക് ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയവ താഴാേട്ടു പോയി..
21,000 കോടി രൂപയുടെ അവകാശ ഇഷ്യു പ്രഖ്യാപിച്ച ഭാരതി എയർടെൽ ഓഹരിക്ക് രണ്ടര ശതമാനത്തോളം വില ഉയർന്നു. മ്യൂച്വൽ ഫണ്ട് ബിസിനസ് വിൽക്കുന്നു എന്ന റിപ്പോർട്ട് എൽ ആൻഡ് ടി ഫിനാൻഷ്യൽ ഹോൾഡിംഗ്സിൻ്റെ വില രണ്ടര ശതമാനത്തിലധികം ഉയർത്തി.
ചൈന സ്റ്റീൽ ഉൽപാദനം കുറയ്ക്കുന്നതായ റിപ്പോർട്ട് സ്റ്റീൽ കമ്പനികളുടെ ഓഹരി വില കയറാൻ കാരണമായി. ഇൻ്റഗ്രേറ്റഡ് സ്റ്റീൽ നിർമാതാക്കളായ ടാറ്റാ സ്റ്റീലും സെയിലും മൂന്നര ശതമാനത്തിലധികം ഉയർന്നു. കയറ്റുമതി വിപണിയിൽ ഈ കമ്പനികൾക്കു വലിയ നേട്ടമുണ്ടാക്കാനാകും. ചൈനയിൽ നിന്നുള്ള കയറ്റുമതി കുറയുന്ന സാഹചര്യത്തിലാണിത്.
മലേഷ്യയിൽ ലോക്ക് ഡൗൺ നീട്ടിയത് സെമികണ്ടക്ടർ ചിപ്പുകളുടെ ലഭ്യത വീണ്ടും കുറച്ചു. സെപ്റ്റംബറിലും വാഹന നിർമാണം കുറയക്കേണ്ടി വരും. ഉത്സവകാല ഡിമാൻഡ് വർധനയുടെ നേട്ടം കൊയ്യാൻ മാരുതി അടക്കം കാർ കമ്പനികൾക്കു കഴിയില്ല.
ഡോളറിനു മേൽ രൂപ വീണ്ടും നേട്ടമുണ്ടാക്കി. വെള്ളിയാഴ്ച ഡോളർ നിരക്ക് 54 പൈസ താണ് 73.68 രൂപയിലെത്തിയിരുന്നു. ഇന്നു രാവിലെ ഡോളർ 22 പൈസ കുറഞ്ഞ് 73.46 രൂപയിലാണു വ്യാപാരം തുടങ്ങിയത്.
ലോകവിപണിയിൽ സ്വർണം 1822.8 ഡോളറിൽ നിന്ന് 18146 ഡാേളറിലേക്കു താണു. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 35,560 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it