Begin typing your search above and press return to search.
ഓഹരി വിപണിയിൽ തകർച്ച; ഐടിയും ബാങ്കുകളും താഴോട്ട്
ഇൻഫോസിസിൻ്റെ നേതൃത്വത്തിൽ ഐടി കമ്പനികളും എച്ച്ഡിഎഫ്സി ബാങ്കിൻ്റെ നേതൃത്വത്തിൽ ബാങ്കുകളും ഇടിവിനു മുന്നിൽ നിന്നു
എല്ലാ ഘടകങ്ങളും എതിരായി. വിപണി ഇടിഞ്ഞു. ഇൻഫോസിസിൻ്റെ നേതൃത്വത്തിൽ ഐടി കമ്പനികളും എച്ച്ഡിഎഫ്സി ബാങ്കിൻ്റെ നേതൃത്വത്തിൽ ബാങ്കുകളും ഇടിവിനു മുന്നിൽ നിന്നു. സെൻസെക്സ് 1200 ലേറെ പോയിൻ്റും നിഫ്റ്റി മുന്നൂറിലേറെ പോയിൻ്റും താഴോട്ടു പോയി.
ഇൻഫോസിസിൻ്റെ റിസൽട്ട് പ്രതീക്ഷയോളം വന്നില്ല. ഐടി കമ്പനികൾക്കു സമീപകാല ഭാവി മോശമാണെന്നു വിപണി വിലയിരുത്തുന്നു. ഇൻഫി ഓഹരി രാവിലെ ഒൻപതു ശതമാനം വരെ താണു. പിന്നീടു നഷ്ടം ഏഴു ശതമാനമായി കുറച്ചു. ടിസിഎസ് മൂന്നു ശതമാനം താഴ്ന്നു. ഇടത്തരം ഐടി കമ്പനികൾ എല്ലാം തന്നെ ഇന്ന് ഗണ്യമായ ഇടിവിലായി.
എച്ച്ഡിഎഫ്സി ബാങ്കിൻ്റെ റിസൽട്ട് മികച്ചതായെങ്കിലും ഓഹരി മൂന്നു ശതമാനത്തോളം ഇടിഞ്ഞു. കൊട്ടക് മഹീന്ദ്രയും എസ്ബിഐയും അടക്കം ബാങ്കുകൾ പൊതുവേ താഴാേട്ടു പോയി. ഭവനവായ്പാ കമ്പനിയായ എച്ച്ഡിഎഫ്സിയും മൂന്നു ശതമാനത്തോളം താഴ്ന്നു. റിലയൻസ് ഇൻഡസ്ട്രീസ് ഒരു ശതമാനത്തോളം താഴ്ചയിലായി.
മികച്ച പ്രകടനത്തിൻ്റെ പശ്ചാത്തലത്തിൽ ഐസിഐസിഐ പ്രൂഡൻഷ്യലിൻ്റെ വില നാലു ശതമാനത്തിലധികം ഉയർന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംസിഎൽആർ (മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് ) 10 ബേസിസ് പോയിൻ്റ് ഉയർത്തി. ബാങ്കിൻ്റെ എല്ലാ വായ്പകളുടെയും പലിശ നിരക്ക് ഉയർത്തി എന്നാണ് ഇതിനർഥം. പൊതുവേ ബാങ്കുകളുടെ പലിശ നിരക്ക് ഉയരുന്നതിൻ്റെ തുടക്കമായി ഇതിനെ കാണാം.
മാരുതി സുസുകിയും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും വാഹനങ്ങളുടെ വില കൂട്ടി. മാരുതി ശരാശരി 1.3 ശതമാനവും മഹീന്ദ്ര 2.5 ശതമാനവും വില വർധിപ്പിച്ചു. രണ്ടു കമ്പനികളുടെയും ഓഹരി അര ശതമാനത്തിലേറെ കയറി.
ഓഹരി വിഭജിക്കുമെന്ന സൂചന ടാറ്റാ സ്റ്റീൽ ഓഹരിയുടെ വില ഉയർത്തി.
ലോക വിപണിയിൽ സ്വർണം ഔൺസിന് 1984 ഡോളർ ആയി. കേരളത്തിൽ പവന് 240 രൂപ വർധിച്ച് 39,880 രൂപയായി. മാർച്ച് ഒൻപതിലെ 40,560 രൂപയ്ക്കു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.
ഡോളർ ഇന്നു നേട്ടമുണ്ടാക്കി. 22 പൈസ കയറി 76.40 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീടു ഡോളർ 76.36 രൂപയിലേക്കു താണു.
Next Story
Videos