Begin typing your search above and press return to search.
കുതിപ്പോടെ തുടക്കം; ഐടിയും ബാങ്കുകളും മുന്നോട്ട്
വിദേശ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ വിപണിയും നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങി. നിഫ്റ്റി 17,700-ലും സെൻസെക്സ് 59,400-ലും ആണു തുടക്കമിട്ടത്. പിന്നീടു കയറിയിറങ്ങി. ഐടി, ബാങ്ക് ഓഹരികൾ നേട്ടത്തിനു മുന്നിൽ നിന്നു. നിഫ്റ്റി ബാങ്ക് തുടക്കം മുതലേ ഒരു ശതമാനത്തിലധികം നേട്ടത്തിലായിരുന്നു. ഐടി മേഖലയിൽ വലിയ കമ്പനികളും മിഡ് ക്യാപ്പുകളും ഒരു പാേലെ നേട്ടം കാണിച്ചു. ഉയർന്ന നിലവാരത്തിൽ വിൽക്കാൻ ഫണ്ടുകളും മറ്റും ഉത്സാഹിച്ചതു സൂചികകളെ അൽപം താഴ്ത്തി.
വിദേശ ബ്രോക്കറേജ് സിഎൽഎസ്എ മികച്ച ഒന്നാം പാദ റിസൽട്ട് പുറത്തിറക്കിയ ഹിൻഡാൽകോയ്ക്ക് 525 രൂപയും ഐഷർ മോട്ടോഴ്സിന് 3700 രൂപയും കോൾ ഇന്ത്യക്ക് 250 രൂപയും ആയി വിലലക്ഷ്യം ഉയർത്തി. മൂന്ന് ഓഹരികൾക്കും ഇന്നു വില ഉയർന്നു.
സ്പൈസ്ജെറ്റ് ഓഹരി ഇന്ന് അഞ്ചു ശതമാനത്തോളം കയറി. ഇൻഡിഗോയുടെ നേട്ടം ഒരു ശതമാനത്തിൽ ഒതുങ്ങി. ഒരു മാസത്തിനു ശേഷം വിമാനയാത്രക്കൂലിയിലെ നിയന്ത്രണങ്ങൾ നീക്കുമെന്ന റിപ്പോർട്ട് കമ്പനികളെ സഹായിച്ചു.
പുതിയ ബിസിനസ് മേഖലകൾ നല്ല നേട്ടം നൽകിയതിൻ്റെ ബലത്തിൽ മികച്ച ഒന്നാം പാദ റിസൽട്ട് പുറത്തിറക്കിയ പിബി ഫിൻ ടെക് ഓഹരി മൂന്നു ശതമാനത്തോളം ഉയർന്നു.
ഒന്നാം പാദ റിസൽട്ട് മോശമായതോടെ മെട്രോപ്പോലിസ്, കൃഷ്ണാ ഡയഗ്നോസ്റ്റിക്സ് തുടങ്ങിയ മെഡിക്കൽ ഡയഗ്നോസ്റ്റിക് കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു.
ഡോളർ ഇന്നു രാവിലെ 28 പൈസ നഷ്ടത്തിൽ 79.24 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 79.22 രൂപയിലേക്കു താണു. അതിനുശേഷം ഡോളർ 79.30 രൂപയിലേക്കു കയറി.
രാജ്യാന്തര വിപണിയിൽ സ്വർണം 1786 ഡോളറിലേക്കു താണു. കേരളത്തിൽ പവനു വില മാറ്റമില്ലാതെ 37,880 രൂപയിൽ തുടർന്നു.
Next Story
Videos