ആവേശത്തോടെ തുടക്കം, പിന്നീട് താഴ്ച; കാരണം ഇതാണ്; വോഡഫോൺ ഐഡിയ ഓഹരി വില ഇനിയും ഉയരുമോ?

ആഗോള ആവേശം ഏറ്റുവാങ്ങി ഇന്ത്യൻ വിപണിയും മികച്ച നേട്ടത്തോടെ ഇന്നു വ്യാപാരം തുടങ്ങി. എഫ്എംസിജി ഒഴികെ എല്ലാ മേഖലകളിലും ഓഹരികൾ ഉയർന്നു.ഐടി മേഖല കുതിപ്പിനു മുന്നിൽ നിന്നു. സെൻസെക്സ് 58,337 വരെ കയറിയിട്ട് താണു. കോവിഡ് വ്യാപന ഭീതിയും ഉയർന്ന വിലയിലെ വിൽപന സമ്മർദവും പിന്നീടു വിപണിയെ താഴോട്ടു വലിച്ചു. സെൻസെക്സ് 58,000-നും നിഫ്റ്റി 17,300 നും താഴെയായി. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ ബാങ്കുകളുടെയും ധനകാര്യ കമ്പനികളുടെയും നേട്ടം തീരെ കുറവായി. മിഡ്, സ്മോൾ ക്യാപ് ഓഹരികൾ നഷ്ടത്തിലായി.

ഇന്ത്യാ ബുൾസ് ഹൗസിംഗ് പ്രൊമോട്ടർമാരിലൊരാളായ സമീർ ഗെഹ് ലാേട്ട് 11.9 ശതമാനം (3.64 കോടി) ഓഹരി, ഒന്നിന് 262.35 രൂപ പ്രകാരം വിറ്റു. വിപണി വിലയിലുള്ള വിൽപനയെത്തുടർന്ന് ഓഹരിവില ആദ്യം ഉയർന്നു.പിന്നീടു താണു.
വിമാന ഇന്ധന (എടിഎഫ്) വില കുറച്ചത് വ്യോമയാന കമ്പനികൾക്കു ചെറിയ നേട്ടമായി.
വോഡഫോൺ ഐഡിയ മാർച്ചിനകം ഓഹരി മൂലധനം വർധിപ്പിക്കും.ഇത് 5ജിയിലും മറ്റും നിക്ഷേപം കൂട്ടാൻ കമ്പനിയെ സഹായിക്കും. വോഡഫോൺ ഐഡിയ ഓഹരി നാലു മാസം കൊണ്ട് ആറു രൂപയിൽ നിന്ന് 15 രൂപയ്ക്കു മുകളിലെത്തി. പ്രൊമോട്ടർമാർ പണം മുടക്കുന്നതു ബിസിനസിൽ ഭാവി നേട്ടം പ്രതീക്ഷിച്ചാണ്.
ബിഎംഡബ്ള്യുവുമായി ഇലക്ട്രിക് വാഹന കാര്യത്തിൽ ധാരണ ഉണ്ടാക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഗണ്യമായി ഉയർന്ന ടി വി എസ് മോട്ടോർ ഓഹരി ഇന്നു രാവിലെ നാലു ശതമാനം ഇടിഞ്ഞു. കമ്പനിയുടെ സാധ്യതകൾ മോശമാണെന്ന് ഒരു വിദേശ ബ്രോക്കറേജ് വിലയിരുത്തിയതാണു കാരണം.
മുംബൈ എയർ പോർട്ടിൽ ആർ ടി പി സി ആർ പരിശോധനയ്ക്കു നിരക്ക് വെട്ടിക്കുറച്ചത് ഡോ.ലാൽ പാഥ് ലാബ്സിൻ്റെ വിലയിടിച്ചു.
സ്വർണം രാജ്യാന്തര വിപണിയിൽ 1782 ഡോളറിലേക്കു കയറി. കേരളത്തിൽ പവന് 240 രൂപ വർധിച്ച് 36,240 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.
ഡോളർ ഇന്നു നാലു പൈസ നേട്ടത്തിൽ 76.27 രൂപയിലെത്തി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it