എണ്ണ കമ്പനികളുടെയും കോൾ ഇന്ത്യയുടെയും ഓഹരി വിലകൾ ഉയരുന്നത് എന്തുകൊണ്ട്?

ഉയർന്നു തുടങ്ങി; വീണ്ടും കയറി; ഇടയ്ക്കു താണു. ഉയരങ്ങളിലെ ലാഭമെടുക്കൽ ഇന്നു വിപണി സൂചികകളുടെ കയറ്റം സാവധാനത്തിലാക്കി. വ്യാപാരം ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്ക് സൂചികകൾ നഷ്ടത്തിലായി.

ബാങ്ക് - ധനകാര്യ ഓഹരികൾ ഇന്നും നേട്ടമുണ്ടാക്കി. എന്നാൽ തുടക്കത്തിൽ ഉയർന്ന ഐടി ഓഹരികൾ പിന്നീടു താണു. ഫാർമ, മെറ്റൽ, ഹെൽത്ത് കെയർ മേഖലകളും താഴോട്ടാണ്.
രാവിലെ ഉണർവോടെ തുടങ്ങിയ ഏഷ്യൻ വിപണികൾ പിന്നീടു നഷ്ടത്തിലേക്കു വീണത് ഇന്ത്യൻ വിപണിയെ നേട്ടത്തിൽ നിന്നു പിന്നോട്ടു വലിച്ചു. യുഎസ് ഫ്യൂച്ചേഴ്സും താഴോട്ട് നീങ്ങി. പത്തു വർഷ യുഎസ് സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം രണ്ടു ശതമാനത്തിനു മുകളിലേക്കുയർന്നതാണ് യുഎസ് ഫ്യൂച്ചേഴ്സിനു ക്ഷീണമായത്. പലിശ വർധിക്കുന്നത് ഓഹരികളെ താഴ്ത്തും. യൂറോപ്യൻ വിപണികൾ താഴ്ചയിലാണു തുടങ്ങുന്നതെങ്കിൽ ഇന്ത്യൻ വിപണി വീണ്ടും താഴും.
ഗാർഹിക എൽപിജി സിലിണ്ടറിൻ്റെ വില 15 രൂപ വർധിപ്പിച്ചതും ഇന്ധനവില കൂട്ടിയതും ഐഒസിയുടെയും എച്ച്പിസിഎലിൻ്റെയും ബിപിസിഎലിൻ്റെയും വില ഉയർത്തി. ഐഒസിയുടെ ഓഹരി മൂന്നു ശതമാനത്തോളം ഉയർന്നു.
സെപ്റ്റംബറിൽ വിൽപന 12 ശതമാനം വർധിച്ചത് ഫോഴ്സ് മോട്ടോഴ്‌സിൻ്റെ ഓഹരിവില ഒരു ശതമാനത്തിലേറെ വർധിക്കാൻ കാരണമായി.
ക്രൂഡ് - ഗ്യാസ് വിലവർധന ഒഎൻജിസിയുടെയും ഓയിൽ ഇന്ത്യയുടെയും കൽക്കരി വിലവർധന കോൾ ഇന്ത്യയുടെയും വില ഗണ്യമായി ഉയർത്തി. ഒഎൻജിസി നാലു ശതമാനത്തിലേറെ കയറി. ഇന്നലെ 10 ശതമാനത്തിലേറെ വർധിച്ചതാണ്.
എഫ്എംസിജി മേഖലയിലെ മാരികോ അഞ്ചു ശതമാനം ഉയർന്നപ്പോൾ ഗൃഹോപകരണ നിർമാതാക്കളായ ബോഷ് എട്ടു ശതമാനം നേട്ടമുണ്ടാക്കി.
യുകെയിൽ ജെഎൽ ആർ വാഹനങ്ങളുടെ വിൽപന താണത് ടാറ്റാ മോട്ടോഴ്സിൻ്റെ വിലയിടിച്ചു.
ഡോളർ ഇന്നും നേട്ടത്തോടെ തുടങ്ങി. 17 പൈസ ഉയർന്ന് 74.61 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.
സ്വർണം രാജ്യാന്തര വിപണിയിൽ ഔൺസിന് 1751 ഡോളർ വരെ താണു. കേരളത്തിൽ പവന് 120 രൂപ കുറഞ്ഞ് 34,880 രൂപയായി.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it