ആശങ്കകളിൽ ഇടിഞ്ഞു വിപണി; സെൻസെക്സ് 57,000നു താഴെ

വിലക്കയറ്റത്തെയും ലാഭക്കുറവിനെയും പറ്റി യുള്ള ആശങ്കകൾ തുടർച്ചയായ നാലാം ദിവസവും വിപണിയെ താഴോട്ടു വലിക്കുന്ന സൂചനകളുമായാണ് ഇന്നു വ്യാപാരം തുടങ്ങിയത്. ഏഷ്യൻ വിപണികൾ താഴ്ന്നു തുടങ്ങിയിട്ട് നേട്ടത്തിലേക്കു മാറിയെങ്കിലും ഇന്ത്യൻ വിപണി കൂടുതൽ താഴോട്ടു പോയി. സെൻസെക്സ് 57,000 നു താഴെ എത്തിയിട്ടു തിരിച്ചു കയറി. പിന്നീടു വീണ്ടും താഴെയായി.

ബാങ്ക്, ധനകാര്യ ഓഹരികൾക്കൊപ്പം ഐടി, കൺസ്യൂമർ ഡ്യുറബിൾസ് കമ്പനികളും താഴോട്ടു പോയി. മീഡിയ, ഓയിൽ, വാഹന, മെറ്റൽ കമ്പനികൾ ഉയർന്നു.
മൾട്ടിപ്ളെക്സ് കമ്പനികളായ പിവിആർ ലിമിറ്റഡും ഐനോക്സ് ലീഷറും ഒന്നിക്കാൻ തീരുമാനിച്ചതിനെ വിപണി സന്തോഷപൂർവം സ്വാഗതം ചെയ്തു. രാവിലെ ഐനോക്സ് 14 ശതമാനവും പിവിആർ ഏഴു ശതമാനവും ഉയർന്നു. കോംപറ്റീഷൻ കമ്മീഷൻ്റെ അംഗീകാരം ലയനത്തിനു ലഭിക്കേണ്ടതുണ്ട്. കോവിഡ് വർഷത്തിൽ (2020-21) ഇരു കമ്പനികളുടെയും കൂടി വിറ്റുവരവ് 1000 കോടി രൂപ ഇല്ല എന്ന പഴുതുപയോഗിച്ച് അംഗീകാരം നേടാനാണു ശ്രമം. സംയുക്ത കമ്പനിക്ക് 5400-ലേറെ സ്ക്രീനുകൾ ഉണ്ടാകും.
അന്താരാഷ്ട്ര വ്യോമഗതാഗതം പുനരാരംഭിക്കുന്നത് ഹോട്ടൽ കമ്പനികളുടെ വിലയും ഉയർത്തി. ലെമൺ ട്രീ, ഇന്ത്യൻ ഹോട്ടൽസ് തുടങ്ങിയവ നേട്ടത്തിലാണ്. വ്യോമയാന കമ്പനികളായ ഇൻ്റർ ഗ്ലാേബ് ഏവിയേഷനും സ്പൈസ് ജെറ്റും മുൻ ദിവസങ്ങളിലെ നേട്ടം തുടർന്നു.
സ്വർണവില രാജ്യാന്തര വിപണിയിൽ 1945 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 200 രൂപ കുറഞ്ഞ് 38,360 രൂപയായി.
ഡോളർ സൂചിക 99.13ലേക്ക് കയറി. ഇന്നു രാവിലെ ഡാേളർ 17 പൈസ നേട്ടത്തിൽ 96.37 രൂപയിലാണു വ്യാപാരം തുടങ്ങിയത്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it