വീഴ്ച തുടരുന്നു; പഞ്ചസാര കമ്പനികൾക്കു കൂടുതൽ മധുരം

ആഗോള സൂചനകളുടെ പിന്നാലെ ഇന്ത്യൻ വിപണിയും ഇന്നു താഴ്ചയിൽ തുടങ്ങി. പിന്നീടു കൂടുതൽ താഴ്ചയിലായി. ഫാർമ, റിയൽറ്റി, ഹെൽത്ത് കെയർ, മീഡിയ തുടങ്ങിയ മേഖലകൾ മാത്രമേ കാര്യമായ നേട്ടം ഉണ്ടാക്കിയുള്ളു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഐടി -വാഹന കമ്പനികളും ഇടിവിലാണ്. റിലയൻസ് ഇൻഡസ്ട്രീസ് ഇന്നും ഒരു ശതമാനം താഴാേട്ടു പോയി.

പഞ്ചസാര കമ്പനി ഓഹരികൾ വീണ്ടും നേട്ടത്തിലാണ്. കയറ്റുമതിക്കു പരിധി വയ്ക്കുമെന്ന റിപ്പോർട്ട് കേന്ദ്ര ഗവണ്മെൻ്റ് കഴിഞ്ഞ ദിവസം നിഷേധിച്ചു. ലോക വ്യാപാര സംഘടന ഇന്ത്യയുടെ പഞ്ചസാര കയറ്റുമതിക്കെതിരേ നടപടി എടുക്കാനുള്ള സാധ്യത വിദൂരമായി എന്ന റിപ്പോർട്ടും പഞ്ചസാര കമ്പനികളെ സഹായിച്ചു. രണ്ടു ദിവസം കൊണ്ട് പ്രമുഖ കമ്പനികളുടെ ഓഹരി വില 10 ശതമാനം വരെ കയറി. വിവിധ രാജ്യങ്ങളിൽ പഞ്ചസാര ഉൽപാദനം കുറവായതു മൂലം ആഗോള വിലകൾ ഉയർന്നതു കയറ്റുമതി വരുമാനം കൂട്ടും..
എഥനോൾ ഉൽപാദനം കൂടുതൽ ലാദകരമായതും ഈ മേഖലയെ സഹായിക്കുന്നു. 2025-ഓടെ പെട്രോളിൽ 20 ശതമാനം വരെ എഥനോൾ ചേർക്കാനാകും. ഇപ്പോൾ 10 ശതമാനത്തിൽ താഴെയാണ്.
കൂടുതൽ പ്രതിരോധ ഉപകരണങ്ങൾ ഇന്ത്യൻ നിർമാതാക്കളിൽ നിന്നു വാങ്ങാൻ കേന്ദ്രം തീരുമാനിച്ചത് പ്രതിരോധ സാമഗ്രി നിർമാതാക്കളായ ബെൽ, എച്ച്എഎൽ, ഭാരത് ഡൈനാമിക്സ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾക്ക് നേട്ടമായി. ഭാരത് ഡൈനാമിക്സ് എട്ടര ശതമാനവും ബെൽ ഓഹരി ഏഴു ശതമാനവും കുതിച്ചു.
മ്യൂച്വൽ ഫണ്ട് ബിസിനസ് ബന്ധൻ ബാങ്കിൻ്റെ നേതൃത്യത്തിലുള്ള കമ്പനിക്കു വിൽക്കാൻ തീരുമാനിച്ചത് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരിയുടെ വില ഒരു ശതമാനം ഇടിച്ചു. പിന്നീടു നഷ്‌ടം കുറച്ചു.
കോഫി ഡേ കടം തിരിച്ചടവിൽ വീഴ്ച വരുത്തിയത് ഓഹരി വില അഞ്ചു ശതമാനത്തിലധികം ഇടിയാൻ കാരണമായി.
ഫോർട്ടിസ് ഹെൽത്ത് കെയറിനെതിരേ കോംപറ്റീഷൻസ് കമ്മീഷൻ അന്വേഷണം നടത്തുന്നു എന്ന റിപ്പോർട്ടിനെ തുടർന്ന് ഓഹരി വില രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു. പിന്നീട് കുറേ തിരിച്ചു കയറി.
ലോക വിപണിയിൽ സ്വർണം 1920-1922 ഡോളറിലാണ്. കേരളത്തിൽ പവന് 160 രൂപ ഉയർന്ന് 38,400 രൂപ ആയി. ഡോളർ നിരക്ക് ഉയർന്നതാണു വില കൂടാൻ കാരണം.
രൂപ ഇന്നും താണു. ഡോളർ നിരക്ക് 75.93 രൂപയിലേക്കു കയറി. തലേന്ന് 75.74 രൂപയിലാണു ക്ലാേസ് ചെയ്തത്.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it