Begin typing your search above and press return to search.
ഉത്സാഹത്തുടക്കം; പലിശ കുറയ്ക്കൽ പിൻവലിച്ചു

പുതിയ ധനകാര്യ വർഷത്തിലെ ആദ്യ വ്യാപാര ദിനം ആവേശകരമായി തുടങ്ങി. മറ്റ് ഏഷ്യൻ വിപണികളും ഉയർന്ന നിലയിലാണ്. സെൻസെക്സ് മുന്നൂറിലേറെ പോയിൻ്റ് ഉയർന്നെങ്കിലും വിൽപന സമ്മർദം സൂചിക അൽപം താഴ്ത്തി.
പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട്, കിസാൻ വികാസ് പത്ര, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ തുടങ്ങിയ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച നടപടി കേന്ദ്രം പിൻവലിച്ചതാണ് പുതിയ വർഷത്തിലെ ആദ്യ സാമ്പത്തിക തീരുമാനം. കഴിഞ്ഞ വർഷത്തിലേതു പോലെ ഇക്കൊല്ലവും പലിശ ഗണ്യമായി കുറച്ച നടപടി ഇന്നലെ വൈകുന്നേരമാണുണ്ടായത്. ഇന്നു രാവിലെ ധനമന്ത്രി നിർമല സീതാരാമൻ ട്വിറ്റർ സന്ദേശത്തിലൂടെ അതു തിരുത്തി.
ആരുടെയോ അശ്രദ്ധ കൊണ്ടു വന്നതാണ് ആ ഉത്തരവ് എന്നാണു മന്ത്രി ട്വീറ്റ് ചെയ്തത്. ഇത്രയും പ്രധാനപ്പെട്ട ഒരു ഉത്തരവ് അശ്രദ്ധമായി ഇറക്കാൻ കഴിയുന്നു എന്നത് ചെറിയ കാര്യമല്ല.
കോടിക്കണക്കിനു സാധാരണക്കാരുടെ സമ്പാദ്യമേഖലയാണ് ലഘു സമ്പാദ്യ പദ്ധതികൾ. സീനിയർ സിറ്റിസൺസ് സേവിങ്സ്, സുകന്യ സമൃദ്ധി, കിസാൻ വികാസ് പത്ര, പിപിഎഫ് തുടങ്ങിയവ വളരെ പോപ്പുലറുമാണ്. വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതാണ് പലിശ കുറയ്ക്കൽ തിരുത്താൻ കാരണമായതെന്നു കരുതപ്പെടുന്നു.
നാലു പൊതുമേഖലാ ബാങ്കുകളിൽ കേന്ദ്രം മൂലധന നിക്ഷേപം നടത്തിയത് അവയുടെ വില ഉയർത്തി. ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിൽ മൊത്തം 14,000 കോടി രൂപയാണു നിക്ഷേപിച്ചത്.
രാജ്യത്തു കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായി. ഇന്നലെ 72,000-ലേറെപ്പേർക്കു രോഗം ബാധിച്ചു. ആറു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. മരണ നിരക്കും കൂടി.
ലോക വിപണിയിൽ സ്വർണ വില 1712 ഡോളറിലേക്കു കയറി. കേരളത്തിൽ പവന് 440 രൂപ കൂടി 33,320 രൂപയായി.
കേന്ദ്രത്തിൻ്റെ ധനകമ്മി 2020-21-ൽ ഗണ്യമായ കുറയുമെന്ന റിപ്പോർട്ടുകൾ വിപണിക്ക് ആശ്വാസകരമായി. ജിഡിപി യുടെ 9.5 ശതമാനത്തിനു പകരം 7.7 ശതമാനമായി കമ്മി കുറയുമെന്നാണു സൂചന.
Next Story