വീണ്ടും തകർച്ച; വളർച്ചയിൽ ആശങ്ക

വീണ്ടും വിപണി തകർച്ച. രാജ്യത്തു കോവിഡ് വ്യാപനം വിപണിക്ക് ആശങ്ക വളർത്തുന്ന നിലയിലായി. പ്രതിദിന രോഗബാധ 1.03 ലക്ഷം കവിഞ്ഞു. പല സംസ്ഥാനങ്ങളിലും നിശാനിയമവും കർശന നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു. കോവിഡിൻ്റെ രണ്ടാം തരംഗം സാമ്പത്തിക വളർച്ചയെ ബാധിക്കും എന്നു വിപണി കണക്കാക്കുന്നു.

മാർച്ചിൽ രാജ്യത്തെ വ്യവസായ ഉൽപാദനം തലേമാസത്തെ അപേക്ഷിച്ചു കുറവായെന്ന് നിക്കെെ ഐഎച്ച്എസ് മാർക്കിറ്റ് പി എം ഐ കാണിച്ചു.ഫെബ്രുവരിയിലെ 57.5ൽ നിന്ന് മാർച്ചിൽ 55.4 ലേക്ക് സൂചിക താണു.
ആഗോള സൂചനകൾ ഉയർന്ന തുടക്കത്തിന് അനുകൂലമായിട്ടും താഴ്ന്ന തുടക്കത്തിനു കാരണമായത് അതാണ്. താഴ്ചയിൽ തുടങ്ങിയ ശേഷം കൂടുതൽ ആഴത്തിലേക്കു വിപണി ഇടിഞ്ഞു.
നിശാനിയമവും മറ്റു നിയന്ത്രണങ്ങളും സിനിമാശാലകളുടെ പ്രവർത്തനങ്ങളെ ബാധിക്കും. മൾട്ടിപ്ളെക്സ് നടത്തിപ്പുകാരായ പിവിആർ, ഇനോക്സ് ലീഷർ എന്നിവയുടെ ഓഹരി വില എഴു ശതമാനം ഇടിഞ്ഞു. ഹോട്ടൽ ഓഹരികൾക്കും വലിയ ഇടിവുണ്ടായി. ഇന്ത്യൻ ഹോട്ടൽസ് ഒരു മണിക്കൂർ കൊണ്ട് അഞ്ചു ശതമാനം താഴെയായി. വിമാന കമ്പനികൾക്കും ഐആർസിടിസിക്കും വിലയിടിഞ്ഞു.
ബാങ്ക് ഓഹരികളാണ് ഇന്നു തകർച്ചയ്ക്ക് മുന്നിൽ നിന്നത്. വ്യാപാരം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ നിഫ്റ്റി ബാങ്ക് നാലു ശതമാനം താഴ്ചയിലായിരുന്നു. ധനകാര്യ കമ്പനികളും ക്ഷീണത്തിലാണ്.
കോവിഡ് വ്യാപനം ബാങ്ക് വായ്പകൾ കിട്ടാക്കടങ്ങളാകാനുള്ള സാധ്യത വർധിപ്പിക്കുന്നതായി നിരീക്ഷകർ കണക്കാക്കുന്നു.
വാഹന കമ്പനികൾ, അനുബന്ധ നിർമാതാക്കൾ, ഗൃഹോപകരണ നിർമാതാക്കൾ, കൺസ്യൂമർ ഉൽപന്ന കമ്പനികൾ എന്നിവയും ഇടിവിലാണ്.
ഐടി കമ്പനികൾ ഇന്നു തുടക്കത്തിൽ നല്ല നേട്ടം കുറിച്ചു. ടിസിഎസും ഇൻഫോസിസും ഇരട്ടയക്ക വളർച്ച പുതിയ ധനകാര്യ വർഷം നേടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഹെൽത്ത് കെയർ, ഡയഗ്നോസ്റ്റിക് കമ്പനികൾക്ക് വില കൂടി.
ഡോളർ കൂടുതൽ കരുത്തു കാണിച്ചു.33 പൈസ നേട്ടത്തിൽ 73.44 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്.
സർക്കാർ കടപ്പത്രവിലയിൽ കാര്യമായ മാറ്റം ഇന്നുണ്ടായില്ല.

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it