രാകേഷ് ജുൻജുൻവാല പറയുന്നു; ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണം ഇതാണ്

ഏഷ്യൻ വിപണികൾ രണ്ടു മുതൽ മൂന്നര വരെ ശതമാനം താഴോട്ടു പോകുമ്പോഴും ഇന്ത്യൻ ഓഹരികൾ താഴ്ചയിൽ നിന്നു കയറാനുളള ശ്രമത്തിലാണ്. തുടക്കത്തിൽ 600 പോയിൻ്റ് താഴെ എത്തിയ സെൻസെക്സ് പിന്നീടു നഷ്ടം 200 പോയിൻ്റിനു താഴെയാക്കി. നിഫ്റ്റിയും ഇതേ പാതയിലാണ്. ബാങ്ക്, ധനകാര്യ, മെറ്റൽ ഓഹരികളും താഴോട്ടു പോയി.എന്നാൽ മിഡ് ക്യാപ് ഓഹരികൾ ചെറിയ തോതിലേ താണുള്ളു.

പൊതുവേ ഓഹരികൾ താഴോട്ടു പോയ വിപണിയിൽ ഹിന്ദുസ്ഥാൻ യൂണിലിവർ രണ്ടു ശതമാനം കയറി. കമ്പനിയുടെ വിൽപന ഈ മാസം മുതൽ തിരിച്ചുകയറുമെന്ന് മാനേജ്മെൻ്റ് അവകാശപ്പെട്ടതിനെ തുടർന്നാണിത്.
ബന്ധൻ ബാങ്കിൽ നിന്നു മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ വഴി വായ്പയെടുത്തിട്ട് കൃത്യമായി തിരിച്ചടച്ചവരുടെ അക്കൗണ്ടിലേക്ക്‌ 25,000 രൂപ അല്ലെങ്കിൽ വായ്പത്തുക സർക്കാർ നൽകുമെന്ന് ആസാം ഗവണ്മെൻ്റ് പ്രഖ്യാപിച്ചു. ഇതു ബന്ധൻ ബാങ്ക് ഓഹരികളുടെ വില ആറു ശതമാനത്തോളം കയറി.
കമ്പനിയുടെ മാനേജ്മെൻ്റ് കൈമാറാനുള്ള നീക്കം വിവാദത്തിലായതിനെ തുടർന്ന് പിഎൻബി ഹൗസിംഗ് ഫിനാൻസ് ഓഹരികൾ ഇന്നു നാലു ശതമാനം താണു. കാർലൈൽ ഗ്രൂപ്പിന് കുറഞ്ഞ വിലയ്ക്ക് ഓഹരി നൽകാനുള്ള നീക്കം സെബി സ്റ്റേ ചെയ്തിരിക്കുകയാണ്. സെബി ഉത്തരവിനെതിരേ കമ്പനി സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണലിൽ അപ്പീൽ നൽകി.
പ്രവർത്തനം നിലച്ചു കിടക്കുന്ന പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിനെ (പിഎംസി ബാങ്ക്) സെൻട്രം ഫിനാൻസും ഭാരത് പേയും കൂടി ഏറ്റെടുക്കാൻ റിസർവ് ബാങ്ക് അനുമതി നൽകി.ഇതേ തുടർന്നു സെൻട്രം കാപ്പിറ്റലിൻ്റെ ഓഹരിവില ഇന്നു രാവിലെ ഒൻപതു ശതമാനം കയറി. നാലു മാസത്തിനകം പി എം സി ബാങ്ക് ശാഖകൾ പ്രവർത്തനം തുടങ്ങുമെന്നാണു പ്രതീക്ഷ.
വിവാദത്തിലായ അഡാനി ഗ്രൂപ്പ് കമ്പനികൾ ഇന്നു സമ്മിശ്ര ചിത്രം നൽകി. അഡാനി എൻ്റർപ്രൈസസും അഡാനി പോർട്സും ഉയർന്നപ്പോൾ മറ്റു കമ്പനികൾ താഴോട്ടു പോയി.
രൂപ ഇന്നു കുത്തനെ താണു. വെള്ളിയാഴ്ച 22 പൈസ താണ് 73.86 രൂപയിലെത്തിയ ഡോളർ ഇന്നു രാവിലെ 36 പൈസ കയറി 74.22 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 74.12 രൂപയിലേക്കു താണു.
ലോക വിപണിയിൽ സ്വർണം ഔൺസിന് 1774 ഡോളറിലേക്കു കയറി. കേരളത്തിൽ പവന് 80 രൂപ താണ് 35,120 രൂപയായി.
ക്രൂഡ് ഓയിൽ വില 74 ഡോളറിനു താഴെയായി. ഡിമാൻഡ് കുറഞ്ഞതാണു കാരണം. ബ്രെൻ്റ് ഇനം 73.75 ഡോളറിലേക്കാണു താണത്.
ബിറ്റ്കോയിൻ വില വീണ്ടും 34,000 ഡോളറിനു താഴെയായി. ഈ മാസം രണ്ടാം തവണയാണു 34,000-നു താഴെ എത്തുന്നത്. ഏപ്രിൽ മാസത്തിൽ 65,000 ഡോളറിനു മുകളിൽ കയറിയ ശേഷമായിരുന്നു താഴ്ച.
ഓഹരി വിപണിയിലെ ബുൾ തരംഗത്തിനു യാതൊരു കോട്ടവുമില്ലെന്നും ഇപ്പോഴത്തേതു വെറും തിരുത്തൽ മാത്രമാണെന്നും വിപണിയിലെ ബിഗ് ബുൾ രാകേഷ് ജുൻജുൻ വാല ഇന്ന് അഭിപ്രായപ്പെട്ടു


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it