Begin typing your search above and press return to search.
വിപണി ഉയരങ്ങളിലേക്ക്, നിഫ്റ്റി മിഡ്കാപ് സൂചിക സർവകാല റിക്കാർഡിൽ
ആഗോള വിപണികളിലെ ആവേശം ഇന്ത്യൻ വിപണിയും ഉൾക്കൊണ്ടു. അര ശതമാനത്തോളം ഉയർച്ചയിൽ മുഖ്യ സൂചികകൾ വ്യാപാരം തുടങ്ങി. നിഫ്റ്റി മിഡ് ക്യാപ് സൂചിക സർവകാല റിക്കാർഡിൽ എത്തി.
കേരള ഗവണ്മെൻ്റുമായി വിവാദത്തിലേർപ്പെട്ട് തെലങ്കാനയിലേക്കു ചേക്കേറുന്ന കിറ്റെക്സ് ഗാർമെൻ്റ്സ് ഇന്നും മികച്ച നേട്ടത്തിലാണ്. തുടക്കത്തിൽ തന്നെ ഓഹരി വില 10 ശതമാനം ഉയർന്നു 185 രൂപയ്ക്കു മുകളിലായി. അഞ്ചു ദിവസം കൊണ്ട് ഓഹരി വില 69 ശതമാനമാണ് ഉയർന്നത്. ആഗോള ബ്രാൻഡുകൾക്കു വേണ്ടി കുട്ടികൾക്കുള്ള വസ്ത്രങ്ങൾ നിർമിച്ചു കയറ്റുമതി ചെയ്യുന്ന കമ്പനിയാണു കിറ്റെക്സ് ഗാർമെൻ്റ്സ്. തെലങ്കാനയിൽ 1000 കോടി രൂപ മുടക്കി പുതിയ യൂണിറ്റ് തുടങ്ങാനാണു കമ്പനി ഉദ്ദേശിക്കുന്നത്.
ഫെഡറൽ ബാങ്ക്, സി എസ് ബി ബാങ്ക് എന്നിവയുടെ ഓഹരി വില ഇന്നു രാവിലെ താണു. സൗത്ത് ഇന്ത്യൻ ബാങ്കിനും ധനലക്ഷ്മി ബാങ്കിനും രാവിലെ ഉയർച്ചയാണ്.
ഭക്ഷണ വിതരണ ആപ്പ് സൊമാറ്റോയുടെ ഐപിഒ നാളെ തുടങ്ങാനിരിക്കെ അനൗപചാരിക വിപണിയിൽ സൊമാറ്റോ ഓഹരിയുടെ പ്രീമിയം പകുതിയായി കുറഞ്ഞു. 72 രൂപയ്ക്കും 76 രൂപയക്കുമിടയിലാകും ഐപിഒ വഴി ഓഹരി വിൽക്കുക. ഇന്നലെ വരെ 20 ശതമാനം പ്രീമിയം അനൗപചാരിക വിപണിയിൽ ഉണ്ടായിരുന്നതാണ്. 9375 കോടി രൂപയാണു സൊമാറ്റോ വിപണിയിൽ നിന്നു സമാഹരിക്കുക.
സ്റ്റീൽ, മെറ്റൽ ഓഹരികൾ ഇന്നും ഉയർന്നു. ബാങ്ക്, ധനകാര്യ ഓഹരികളും ഉയർച്ചയിലാണ്.
പരുത്തിയുടെ വില കൂടുന്നത് കോട്ടൺ സ്പിന്നിംഗ് മുതൽ വസ്ത്ര നിർമാണം വരെയുള്ള മേഖലകളിലെ കമ്പനികൾക്ക് വില ഉയർത്തി. കയറ്റുമതിക്കാർക്കു വലിയ നേട്ടമാണു പ്രതീക്ഷിക്കുന്നത്. അമേരിക്കയിൽ പരുത്തികൃഷി ഗണ്യമായി കുറഞ്ഞു.
എസ്എംഎൽ ഇസുസു ഓഹരികൾ ഇന്ന് 14 ശതമാനത്തോളം ഉയർന്നു. അഞ്ചു ദിവസം കൊണ്ട് 37 ശതമാനം ഉയർച്ച ഈ ഓഹരിക്കുണ്ട്. കമ്പനി ഓഹരികളിൽ ചില ബൾക്ക് ഇടപാടുകൾ ഈ ദിവസങ്ങളിൽ നടന്നു.
ഡോളർ ഇന്ന് എട്ടു പൈസ താണ് 74.49 രൂപയിലാണു വ്യാപാരം തുടങ്ങിയത്.
സ്വർണം ലോകവിപണിയിൽ 1810 ഡോളറിലേക്കുയർന്നു. കേരളത്തിൽ പവന് 120 രൂപ കൂടി 35,840 രൂപയായി.
ക്രൂഡ് ഓയിൽ വില 75.16 ഡോളറിലേക്കു താണു.
Next Story
Videos