ആഗോള കാറ്റിൽ വിപണി താഴോട്ട്; വ്യാപാരം തുടങ്ങിയത് തന്നെ 500 പോയ്ന്റ് താഴ്ന്ന്

ജിയോജിത് ഓഹരി വില രാവിലെ നാലര ശതമാനം കൂടി
stock market update by tc mathew
Published on

ആഗാേള വിപണികൾക്കു പിന്നാലെ ഇന്ത്യൻ വിപണിയും കുത്തനെ താണു. സെൻസെക്സ് 500 പോയിൻ്റിലധികം താഴ്ന്നാണ് വ്യാപാരം തുടങ്ങിയത്. പിന്നീടു നഷ്ടം ഗണ്യമായി കുറച്ചു. എങ്കിലും നിഫ്റ്റി നൂറും സെൻസെക്സ് നാനൂറും പോയിൻ്റ് താഴ്ചയിലാണ്.

ബാങ്ക് ഓഹരികൾക്കു വലിയ തിരിച്ചടി നേരിട്ടു. നിഫ്റ്റി ബാങ്ക് സൂചിക ഒരു ശതമാനത്തിലധികം താഴ്ന്നു. അതേ സമയം ഐടി നേട്ടമുണ്ടാക്കി.

837 രൂപയ്ക്ക് ഇഷ്യു നടത്തിയ ജി ആർ ഇൻഫ്രാ 105 ശതമാനം നേട്ടത്തിൽ 1711 രൂപയിൽ ഇന്നു ലിസ്റ്റ് ചെയ്യപ്പെട്ടു. 900 രൂപയ്ക്ക് ഐപിഒ നടത്തിയ ക്ലീൻ സയൻസ് ഇന്നു ലിസ്റ്റ് ചെയ്തത് 88 ശതമാനം നേട്ടത്തിൽ 1700 രൂപയിലാണ്.

കഴിഞ്ഞ ദിവസം 175 രൂപയിലേക്കു താണ കിറ്റെക്സ് ഗാർമെൻ്റ്സ് ഇന്ന് അഞ്ചു ശതമാനത്തോളം ഉയർന്ന് 183.7 രൂപയിലെത്തി.

ഓഹരി വിപണിയിലെ കുതിപ്പും വിപണിയിലെ വ്യാപാര വ്യാപ്തത്തിലെ വർധനയും ബ്രോക്കറേജുകളുടെയും ഡിപ്പോസിറ്ററികളുടെയും ഓഹരി വില ഗണ്യമായി വർധിപ്പിച്ചു. ഓഹരി എക്സ്ചേഞ്ചുകളും നേട്ടത്തിലാണ്. ബിഎസ്ഇ ലിമിറ്റഡ് ഓഹരി ഇന്ന് ഏഴു ശതമാനത്തിലേറെ ഉയർന്നു. ആറു മാസം കൊണ്ട് ബിഎസ്ഇ ഓഹരി വില ഇരട്ടിച്ചതാണ്. ഇന്ന് 1284 രൂപ വരെ എത്തി ഓഹരി വില. ഒരു വർഷം കൊണ്ട് ആറു മടങ്ങായ ഏഞ്ചൽ ബ്രോക്കിംഗ് ഓഹരിക്ക് ഇന്നു രാവിലെ 9.4 ശതമാനം വില കൂടി. ഒരു വർഷം കൊണ്ടു മൂന്നു മടങ്ങ് വളർന്ന ജിയോജിത് ഫിനാൻസ് ഓഹരി ഇന്നു രാവിലെ നാലര ശതമാനം കയറി.

ഫെഡറൽ ബാങ്ക്, ധനലക്ഷ്മി ബാങ്ക് ഓഹരികൾ രാവിലെ താഴ്ചയിലാണ്. സൗത്ത് ഇന്ത്യൻ ബാങ്കും സി എസ് ബി ബാങ്കും ഉയർന്നു.

കോട്ടൺ വില ഉയരുന്നത് കോട്ടൺ ടെക്സ്റ്റൈൽസ് കമ്പനികളെ ആകർഷകമാക്കി. കയറ്റുമതിക്കാർക്കു വലിയ ഡിമാൻഡ് ഉണ്ട്. ഹിമത്സിംഗ്ക സീഡിന് ഇന്നും വില കയറി.

ഡോളർ ഇന്നു 19 പൈസ ഉയർന്ന് 74.75 രൂപയിലാണ് ഓപ്പൺ ചെയ്തത്. പിന്നീട് 74.78 രൂപയിലേക്കു കയറി. വിദേശ നിക്ഷേപകർ ഓഹരികളിൽ നിന്നു പണം പിൻവലിക്കുന്നതു മാത്രമല്ല ഡോളറിന് ബലമായത്. വിദേശത്തു ഡോളർ സൂചിക ഉയരുകയാണ്.

ലോക വിപണിയിൽ സ്വർണം 1714 ഡോളറിലായി. കേരളത്തിൽ പവൻ വില മാറ്റമില്ലാതെ 36,000 രൂപയിൽ തുടരുന്നു.

ബ്രെൻറ് ഇനം ക്രൂഡ് ഓയിൽ വില അൽപം ഉയർന്ന് 73 ഡോളർ ആയി.

ReplyReply AllForwardEdit as new

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com