Begin typing your search above and press return to search.
ഓഹരി വിപണി ചാഞ്ചാട്ടത്തിൽ; സൊമാറ്റോ മൂല്യം ഒരു ലക്ഷം കോടി രൂപ കടന്നു
ഉയരത്തിൽ വ്യാപാരം തുടങ്ങിയെങ്കിലും വിൽപന സമ്മർദം മൂലം സൂചികകൾ താഴോട്ടു പോയി; പക്ഷേ വീണ്ടും കയറി.
ബാങ്ക് ഓഹരികളുടെ വീഴ്ചയാണ് സൂചികകളെ തുടക്കത്തിൽ ദുർബലമാക്കിയത്. എസ്ബിഐയും പ്രമുഖ സ്വകാര്യ ബാങ്കുകളും ആദ്യം താഴോട്ടു പോയി. പിന്നീടു ബാങ്കുകൾ ഉയർന്നപ്പോൾ നിഫ്റ്റിയും സെൻസെക്സും മേലോട്ടു കയറി.
കേരള ബാങ്കുകളിൽ ഫെഡറലും സി എസ് ബിയും ഇന്നു രാവിലെ ഉയർന്നപ്പോൾ സൗത്ത് ഇന്ത്യനും ധനലക്ഷ്മിയും താഴോട്ടു നീങ്ങി.
ഭക്ഷ്യ വിതരണ രംഗത്തെ സ്റ്റാർട്ടപ് സൊമാറ്റോ 119.9 രൂപയിൽ ഇന്നു ലിസ്റ്റ് ചെയ്തു. 76 രൂപയ്ക്കാണ് ഇഷ്യു നടത്തിയത്. 56 ശതമാനം ഉയർന്ന ലിസ്റ്റിംഗിനു ശേഷം മിനിറ്റുകൾക്കകം വില 130 രൂപ കടന്നു. ഇതോടെ കമ്പനിയുടെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപ കടന്നു.
ടെക് സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള ഈ പ്രഥമ ഐപിഒ യുടെ തിളക്കമാർന്ന ലിസ്റ്റിംഗ് മറ്റു സ്റ്റാർട്ടപ്പുകൾക്കും പ്രചോദനമാകും. ഐപിഒ വൻ വിജയമായെങ്കിലും കമ്പനി ഇതുവരെ ലാഭത്തിലായിട്ടില്ല. 2018-19ൽ 1010.5 കോടി, 2019 -20 ൽ 2385.6 കോടി, 2020-21 ൽ 816.4 കോടി രൂപ എന്നിങ്ങനെയാണു നഷ്ടം.
കിറ്റെക്സ് ഗാർമെൻ്റ്സിൻ്റെ ഓഹരി വില ഇന്നും കുറഞ്ഞ് 176 രൂപയായി.
കഴിഞ്ഞ ദിവസം ശക്തമായി തിരിച്ചു കയറിയ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില ഇന്നും താഴോട്ടു പോയി.
ഡോളർ ഇന്നു കരുത്തുകാട്ടാൻ ശ്രമിച്ചു. എട്ടു പൈസ ഉയർന്ന് 74.54 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീട് 74.49 രൂപയിലേക്കു താണു്.
ലോക വിപണിയിൽ സ്വർണം 1803 ഡോളറിലേക്കു താണു. കേരളത്തിൽ പവനു 120 രൂപ വർധിച്ച് 35,760 രൂപയായി.
ബ്രെൻറ് ഇനം ക്രൂഡ് ഓയിൽ വില 73.43 ഡോളർ വരെ താണിട്ട് 73.56 രൂപയിലേക്കു കയറി.
ടെലികോം വകുപ്പ് ആവശ്യപ്പെട്ട റവന്യു കുടിശിക പുനർനിർണയിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി. എയർടെൽ, വോഡഫോൺ, ടാറ്റാ ടെലിസർവീസസ് എന്നിവയാണു ഹർജി നൽകിയത്. വിവരമറിഞ്ഞതേ വോഡഫോൺ ഐഡിയയുടെ ഓഹരി വില 10 ശതമാനത്തോളം താണു. എയർടെലിനു രണ്ടു ശതമാനം ഇടിവുണ്ടായി.
Next Story
Videos