വിപണിയിൽ വീണ്ടും ആവേശം, മിഡ്- സ്മോൾ ക്യാപ് ഓഹരികൾ ഉയരുന്നു

ഇന്നു രാവിലെ വിപണി ആവേശപൂർവം തുടക്കമിട്ടെങ്കിലും പെട്ടെന്നു തന്നെ താഴോട്ടു പോയി. പിന്നീടു തിരിച്ചു കയറി. ഉയരത്തിൽ വിറ്റു ലാഭമെടുക്കാൻ ഏറെപ്പേർ വന്നതു താഴ്ചയ്ക്കു കാരണമായെങ്കിലും വിപണി മനോഭാവം ബുള്ളിഷ് ആണ്. സെൻസെക്സ് 54,700നു മുകളിലേക്കു കയറി. നിഫ്റ്റി 16,300 നു മുകളിലായി .

കഴിഞ്ഞ ദിവസങ്ങളിൽ താഴാേട്ടു പോയ മിഡ്- സ്മോൾ ക്യാപ് ഓഹരികൾ ഇന്നു രാവിലെ ഉയർന്നു. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക ഒന്നര ശതമാനത്തിലേറെ കയറി.
ബാങ്ക് - ധനകാര്യ കമ്പനി ഓഹരികൾ തുടക്കത്തിൽ താഴോട്ടു പോയെങ്കിലും പിന്നീട് ഉയർന്നു.
കേരളത്തിൽ നിന്നുള്ള നാലു ഷെഡ്യൂൾഡ് ബാങ്കുകളുടെയും ഓഹരികൾ ഇന്നു രാവിലെ ഉയരത്തിലാണ്. ഇന്നലെ 12 ശതമാനം താഴ്ന്ന മണപ്പുറം ജനറൽ ഫിനാൻസ് ഇന്നു രാവിലെയും താഴ്ചയിലാണ്. അഞ്ചു ദിവസം കൊണ്ട് ഈ ഓഹരി 22 ശതമാനത്തോളം താണു.
കിറ്റെക്സ് ഗാർമെൻ്റ്സ് ഓഹരികൾ ഇന്നു രാവിലെ നാലു ശതമാനത്തോളം ഉയർന്നു 174 രൂപയിലെത്തി. ഇന്നലെ രാവിലെ 143 വരെ താണ ഓഹരി പിന്നീട് 163 രൂപയിലേക്കുയർന്നാണു ക്ലാേസ് ചെയ്തത്.
കടലാസ് നിർമാണ കമ്പനികളുടെ ഓഹരികൾ കയറ്റം തുടരുകയാണ്. ആറു മാസം കൊണ്ട് 90 ശതമാനം ഉയർന്ന ജെകെ പേപ്പർ ഇന്നു രാവിലെ ആറു ശതമാനം കൂടി കയറി. ഒരു മാസം കൊണ്ടു 10 ശതമാനം താണ ശേഷസായി പേപ്പർ ഇന്ന് മൂന്നു ശതമാനത്തോളം ഉയർന്നു. വെസ്റ്റ് കോസ്റ്റ്, ഓറിയൻ്റ് തുടങ്ങിയ പേപ്പർ നിർമാതാക്കളും കയറ്റത്തിലാണ്. പേപ്പർ ഡിമാൻഡ് വർധിച്ചതാണു കാരണം.
മികച്ച ഒന്നാം പാദ റിസൽട്ടും മഹാരാഷ്ട്രയിൽ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതും വിഐപി ഇൻഡസ്ട്രീസിൻ്റെ ഓഹരി വില 10 ശതമാനത്തിലധികം കുതിക്കാൻ കാരണമായി. ലഗേജ് നിർമാണ കമ്പനിയായ വിഐപി യുടെ അസംസ്കൃത പദാർഥങ്ങളുടെ വിലക്കയറ്റത്തിനു ശമനം വന്നതായി കമ്പനി അധികൃതർ പറയുന്നു.
മികച്ച ലാഭവർധന ഇൻഡോകോ റെമഡീസ് ഓഹരിവില ഇന്നു രാവിലെ 10 ശതമാനത്തോളം ഉയരാൻ കാരണമായി.ആറുമാസത്തിനിടെ ഓഹരിവില 45 ശതമാനം കയറിയതാണ്.
ഡോളർ സൂചിക താഴ്‌ന്നതു രൂപയ്ക്കു നേട്ടമായി. 16 പൈസ താണ് 74.27 രൂപയിലാണ് ഡോളർ വ്യാപാരം തുടങ്ങിയത്.
ലോകവിപണിയിൽ സ്വർണം ഔൺസിന് 1752 ഡോളറിലേക്ക് ഉയർന്നു. കേരളത്തിൽ പവന് 200 രൂപ വർധിച്ച് 34,880 രൂപയായി. ഈ മാസം ഇതാദ്യമാണു കേരളത്തിൽ സ്വർണവില ഉയരുന്നത്.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it