ഓഹരി സൂചിക വീണ്ടും താഴ്ചയിൽ; ബാങ്കുകളിൽ വിൽപന സമ്മർദം

ആഗോള വിപണികളുടെ വഴിയേ ഇന്ത്യൻ വിപണിയും താഴോട്ടു നീങ്ങി. കഴിഞ്ഞ വെള്ളിയാഴ്ചയിലെ സർവകാല റിക്കാർഡിൽ നിന്നു സെൻസെക്സ് 1100 പോയിൻ്റോളം താഴുന്നതിന് ഇന്നു വിപണി സാക്ഷ്യം വഹിച്ചു. വ്യാപാര തുടക്കത്തിലേതിൽ നിന്നു സൂചികകൾ പിന്നീടു കൂടുതൽ താഴോട്ടു പോയി.

ബാങ്ക് -ധനകാര്യ ഓഹരികളാണ് ഇന്നും തകർച്ചയ്ക്കു മുന്നിൽ. മുഖ്യ സൂചികകൾ 0.6 ശതമാനം താണപ്പോൾ ബാങ്ക് സൂചിക 1.4 ശതമാനം താഴെയായിരുന്നു. കേരളം ആസ്ഥാനമായുള്ള നാലു ബാങ്കുകളുടെയും ഓഹരി വില ഇന്നു രാവിലെ താഴോട്ടാണ്. ബാങ്ക് സ്വകാര്യവൽക്കരണം ഇക്കൊല്ലം നടക്കുമോ എന്ന സന്ദേഹം ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഓഹരി വില ഇടിച്ചു. സാഹചര്യം മോശമായാൽ ഈ ധനകാര്യ വർഷാവസാനം ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി (എൻപിഎ) 11.2 ശതമാനമായി ഉയരുമെന്ന് റിസർവ് ബാങ്ക് വിലയിരുത്തി.
ഇന്നലെ 190 രൂപയിലേക്കു കയറിയ കിറ്റെക്സ് ഗാർമെൻ്റ്സ് ഇന്ന് അൽപം താണു.
ആഗോള വിപണിയിൽ അലൂമിനിയം, ചെമ്പ് തുടങ്ങിയവയ്ക്കു വില താണു. അലൂമിനിയത്തിന് രണ്ടര ശതമാനവും ചെമ്പിന് ഒന്നര ശതമാനവും താണു. ഹിൻഡാൽകോ, നാൽകോ, വേദാന്ത തുടങ്ങിയവ ഇന്ന് ഇടിഞ്ഞു. സ്റ്റീൽ വില താഴോട്ടു നീങ്ങിയത് ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ള്യു സ്റ്റീൽ, സെയിൽ തുടങ്ങിയവയുടെ വില കുറഞ്ഞു.
ഡോളർ ഇന്ന് ഏഴു പൈസ ഉയർന്ന് 74.94 രൂപയിൽ വ്യാപാരം തുടങ്ങി. രാജ്യാന്തര ഡോളർ സൂചിക ഉയരുന്നതും വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നതും രൂപയെ ദുർബലമാക്കുന്നു.
ക്രൂഡ് ഓയിൽ വില താഴോട്ടു നീങ്ങി. ബ്രെൻ്റ് ഇനം 68.6 ഡോളറിലെത്തി. ഒഎൻജിസിയും ഓയിൽ ഇന്ത്യയും അടക്കം ക്രൂഡ് - പ്രകൃതി വാതക മേഖലയിലെ കമ്പനികൾക്കു വില കുറഞ്ഞു.
ലോക വിപണിയിൽ സ്വർണം ഔൺസിന് 1817 ഡോളറിലേക്കു കയറി. കേരളത്തിൽ പവന് 200 രൂപ വർധിച്ച് 36,200 രൂപയായി.


T C Mathew
T C Mathew  

Related Articles

Next Story

Videos

Share it