Begin typing your search above and press return to search.
വിപണിയിൽ അനിശ്ചിതത്വം; ചാഞ്ചാട്ടം തുടരുന്നു
ഇന്ത്യൻ വിപണിയിലെ അനിശ്ചിതത്വം പ്രകടമാക്കുന്നതായിരുന്നു ഇന്നത്തെ വ്യാപാരത്തുടക്കം. മിനിറ്റുകളാേളം നേട്ടത്തിലും നഷ്ടത്തിലുമായി കയറിയിറങ്ങിയിട്ടാണു മുഖ്യസൂചികകൾ കാൽ ശതമാനം ഉയർച്ചയിലേക്ക് എത്തിയത്. കുറേ സമയം ഉയർന്നു നിന്ന ശേഷം ഇടിഞ്ഞു നഷ്ടത്തിലായി. പിന്നീടും ചാഞ്ചാട്ടം തുടർന്നു.
മേയിലെ വാഹന വിൽപനയുടെ കണക്കുകൾ വാഹന കമ്പനി ഓഹരികളെ ഉയർത്തുകയും താഴ്ത്തുകയും ചെയ്തു. കയറ്റുമതി വിപണിയിലെ ക്ഷീണം ബജാജ് ഓട്ടാേ ഓഹരിയെ രണ്ടു ശതമാനത്തോളം താഴ്ത്തി. ട്രാക്ടർ വിൽപന കുറഞ്ഞത് എസ്കോർട്സിനും വിഎസ്ടി ടില്ലേഴ്സിനും വിലയിടിച്ചു. ടാറ്റാ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹീറോ മോട്ടാേ കോർപ്, അശോക് ലെയ്ലൻഡ് തുടങ്ങിയവയുടെ വിലയും താഴോട്ടു പോയി. മാരുതി സുസുകി നേട്ടത്തിലാണ്.
പൊതുവേ ഐടി കമ്പനികൾ ഇന്നു നേട്ടത്തിലാണ്. എന്നാൽ ഇൻഫോസിസ്, ടെക് മഹീന്ദ്ര, എംഫസിസ് അടക്കം ചിലവ ഒരു ശതമാനത്തിലധികം താഴോട്ടു പോയി.
അഡാനി ഗ്രൂപ്പ് കമ്പനികൾ എല്ലാം തന്നെ ഇന്നു നഷ്ടത്തിലായി. അഡാനി പവർ തുടർച്ചയായ രണ്ടാം ദിവസവും അഞ്ചു ശതമാനം ഇടിഞ്ഞു.
കയറ്റുമതി നിയന്ത്രണത്തിൽ അയവു കിട്ടുമെന്ന സൂചനയിൽ യുപിയിലെ പഞ്ചസാര കമ്പനികൾ ഇന്നു നേട്ടമുണ്ടാക്കി.
ഇന്നലെ മൂന്നു ശതമാനം ഇടിഞ്ഞ എൽഐസി ഓഹരി ഇന്നു ചെറിയ നേട്ടത്തിലാണ്.
ഡോളർ ഇന്ന് 77.63 രൂപയിൽ വ്യാപാരം ആരംഭിച്ചു. പിന്നീട് 77.59 രൂപ വരെ എത്തി.
സ്വർണം ലോകവിപണിയിൽ 1836 ഡോളറിലാണ്. കേരളത്തിൽ പവന് 200 രൂപ കുറഞ്ഞു 38,000 രൂപയായി.
Next Story
Videos