ഓഹരികളും രൂപയും വീണു; കൂടുതൽ ഇടിയുമെന്നു വിദഗ്ധർ

ഓഹരികളും രൂപയും ഇന്നു കനത്ത തിരിച്ചടി നേരിട്ടു. മറ്റ് ഏഷ്യൻ വിപണികളും കറൻസികളും താഴ്ചയിലാണ്. ആഗോള ചലനങ്ങൾക്കനുസരിച്ചാണ് ഇന്ത്യൻ വിപണി ഇന്നു നീങ്ങുന്നത്.

മുഖ്യസൂചികകൾ രണ്ടു ശതമാനം താഴ്ന്ന് വ്യാപാരം തുടങ്ങി. പിന്നീടു കൂടുതൽ താഴോട്ടു പോയി. സെൻസെക്സ് 53,000 നും നിഫ്റ്റി 15,800 നും താഴെയായി. ഐടി, ബാങ്ക്, ധനകാര്യ, മെറ്റൽ, എനർജി, ഫാർമ, ഓട്ടാേ തുടങ്ങി എല്ലാ മേഖലകളും വലിയ ഇടിവ് നേരിട്ടു. ബാങ്ക്, ധനകാര്യ സൂചികകൾ മൂന്നു ശതമാനത്തിലധികം താഴ്ന്നു
വിപണി പത്തു പതിനഞ്ചു ശതമാനം കൂടി താഴ്ന്നിട്ടേ തിരിച്ചുകയറ്റം ചിന്തിക്കേണ്ടതുള്ളു എന്നു പറയുന്ന നിക്ഷേപ വിദഗ്ധരുടെ എണ്ണം വർധിച്ചുവരികയാണ്.
ഡോളർ 78 രൂപയ്ക്കു മുകളിൽ കടക്കുന്നതു കണ്ടു കൊണ്ടാണ് ഇന്നു വിദേശനാണ്യ വ്യാപാരം ആരംഭിച്ചത്. 28 പൈസ നേട്ടത്തിൽ 78.11 രൂപയ് ഡോളർ വ്യാപാരം തുടങ്ങി. താമസിയാതെ 78.26 രൂപയിലേക്കു കയറി. പിന്നീടു താണു. രൂപയുടെ ചാഞ്ചാട്ടം ക്രമീകരിക്കുന്നതിനല്ലാതെ രൂപയെ പിടിച്ചു നിർത്താൻ റിസർവ് ബാങ്ക് ശ്രമിക്കുകയില്ലെന്നാണു സൂചന.
ആർബിഎൽ ബാങ്കിൻ്റെ എംഡിയും സിഇഒയും ആയി ആർ.സുബ്രഹ്മണ്യ കുമാറിനെ നിയമിച്ചു. വാർത്തയെ തുടർന്ന് ഓഹരിവില 18 ശതമാനം ഇടിഞ്ഞു. പൊതുമേഖലാ ബാങ്കുകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള നിയുക്ത എംഡി ആർബിഎൽ ബാങ്കുമായി എങ്ങനെ പൊരുത്തപ്പെടും എന്ന് ആശങ്കയുണ്ട്. കഴിഞ്ഞ ഡിസംബറിൽ വിശ്വവീർ അഹൂജ മാറിയ ശേഷം ബാങ്കിനു സ്ഥിരം മേധാവി ഇല്ലായിരുന്നു.
എൽഐസിയിലെ ആങ്കർ നിക്ഷേപകരുടെ ഓഹരി വിൽപനയ്ക്കുള്ള വിലക്ക് കാലാവധി തീർന്നു. ഇനി വലിയ നിക്ഷേപകരുടെ വലിയ വിൽപന ഓഹരിവില കുത്തനേ താഴാൻ ഇടയാക്കുമെന്ന് പൊതുവേ കരുതപ്പെടുന്നു. ഇന്നു രാവിലെ ഓഹരിവില മൂന്നു ശതമാനത്തിലധികം താഴ്ന്നു. ലിസ്റ്റിംഗിനു ശേഷം ഓഹരി വില 21 ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്.
പത്തു വർഷ സർക്കാർ കടപ്പത്രങ്ങളുടെ വില 7.6 ശതമാനം നിക്ഷേപനേട്ടം (Yield) കിട്ടുന്ന നിലയിലേക്കു താണു.
ലോകവിപണിയിൽ സ്വർണം 1862 ഡോളറിലേക്കു താണു. എന്നാൽ ഡാേളർവില അര ശതമാനം കൂടിയതിനാൽ കേരളത്തിൽ പവൻവില മാറ്റമില്ലാതെ 38,680 രൂപയിൽ തുടരുന്നു.
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it