ഓഹരി വിപണിയിൽ വീണ്ടും താഴ്ച; വ്യവസായ ഉൽപാദനം കുറയുമെന്നു സർവേ

സ്വകാര്യ ബാങ്കുകൾ ക്ഷീണത്തിൽ
ഓഹരി വിപണിയിൽ വീണ്ടും താഴ്ച; വ്യവസായ ഉൽപാദനം കുറയുമെന്നു സർവേ
Published on

വിപണി ചാഞ്ചാട്ടം തുടരുകയാണ്. വ്യക്തമായ ദിശാബോധം കിട്ടാത്തതാണു കാരണം. ഉയർന്നു തുടങ്ങിയ വ്യാപാരം പിന്നീടു താഴുകയും കയറുകയും വീണ്ടും താഴുകയും ചെയ്യുന്നു.

പൊതുമേഖലാ ബാങ്കുകൾ ഇന്നു നേട്ടം കുറിച്ചപ്പോൾ സ്വകാര്യ ബാങ്കുകൾ ക്ഷീണത്തിലായി. ബാങ്കുകളുടെ കിട്ടാക്കട പ്രശ്നം രൂക്ഷമായി തുടരുമെന്ന് റേറ്റിംഗ് ഏജൻസി സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സ് വിലയിരുത്തി.

സ്റ്റീൽ, മെറ്റൽ ഓഹരികൾ ഇന്നു സമ്മിശ്ര ചിത്രം കാഴ്ചവച്ചു. പഞ്ചസാര ഓഹരികളിൽ ലാഭമെടുക്കൽ സമ്മർദം ഇന്നു പ്രകടമാണ്. അമേരിക്കയിൽ ടെക്നോളജി ഓഹരികൾ താഴോട്ടു പോയതിൻ്റെ ചുവടുപിടിച്ച് ഇവിടെയും പ്രമുഖ ഐ ടി ഓഹരികൾ താണു.

ജൂണിലെ ഫാക്ടറി ഉൽപാദനം കുറവാണെന്ന് ഐഎച്ച്എസ് മാർക്കിറ്റിൻ്റെ പർച്ചേസ് മാനേജേഴ്സ് ഇൻഡെക്സ് (പിഎംഐ) സർവേ കാണിച്ചു. ഇൻഡെക്സ് 50.8 ൽ നിന്ന് 48.1 ആയി താണു. പിഎംഐ സൂചികയിൽ 50-നു മുകളിലായാൽ ഉൽപാദന വർധനയും താഴെയായാൽ ഉൽപാദന ഇടിവുമാണ് അർഥമാക്കുന്നത്. 11 മാസത്തിനു ശേഷമാണ് ഫാക്ടറി ഉൽപാദന പിഎംഐ ചുരുങ്ങുന്നത്. ഒന്നാം പാദ വളർച്ച സംബന്ധിച്ച പ്രതീക്ഷകൾക്കു വലിയ തിരിച്ചടിയാണു പിഎംഐ സർവേനൽകിയത്. ഇതു പുറത്തു വന്ന ശേഷം മുഖ്യസൂചികകൾ കൂടുതൽ താണു.

വോഡഫോൺ ഐഡിയയുടെ നാലാംപാദ നഷ്ടം പ്രതീക്ഷയിലും കൂടുതലായി. എന്നാൽ തലേവർഷം ഇതേ പാദത്തിൽ നിന്നു ഗണ്യമായി കുറവാണ്. കമ്പനി ധനസമാഹരണത്തിനു ശ്രമിച്ചിട്ടു വിജയിക്കുന്നില്ല. ഈ നില തുടർന്നാൽ ഏതാനും മാസങ്ങൾക്കകം കമ്പനി പാപ്പർ നടപടികളിലേക്കു നീങ്ങേണ്ടി വരും. ഇന്നു രാവിലെ വോഡഫോൺ ഐഡിയ ഓഹരി വില എട്ടു ശതമാനത്തോളം താണു. ടെലികോം കമ്പനി കേന്ദ്ര സർക്കാരിനു നൽകാനുള്ള റവന്യു വിഹിതം (എജിആർ) സംബന്ധിച്ച വിഷയം വേഗം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്ബിഐയും മറ്റു വായ്പാ ദാതാക്കളും കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ആ വിഷയം പരിഹരിച്ചാൽ വോഡഫോൺ ഐഡിയയിൽ പണം മുടക്കാൻ ആരെങ്കിലും തയാറായേക്കും.

ഡോളർ ഇന്നു മൂന്നു പൈസ കൂടി 74.35 രൂപയിൽ വ്യാപാരം തുടങ്ങി.

ലോക വിപണിയിൽ സ്വർണം 1778 ഡോളറിലേക്ക് ഉയർന്നു. കേരളത്തിൽ പവന് 200 രൂപ കൂടി 35,200 രൂപയിലെത്തി.

ഒപെക് പ്ലസ് യോഗത്തിനു മുമ്പേ ക്രൂഡ് ഓയിൽ വില താണു. ബ്രെൻ്റ് ഇനം 74.81 ഡോളർ ആയി.   

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com