മിഡ് - സ്മോൾ ക്യാപ് ഓഹരികൾ കുത്തനെ താണു; കെമിക്കൽ കമ്പനി ഓഹരി വിലകൾ താഴാൻ കാരണം എന്ത്?

നല്ല ഉയർച്ചയിൽ വ്യാപാരം തുടങ്ങിയ വിപണി പെട്ടെന്നു തന്നെ താഴോട്ടു നീങ്ങി. തിരിച്ചു കയറാനുള്ള ശ്രമങ്ങൾ ആദ്യ 45 മിനിറ്റിൽ വിജയം കണ്ടില്ല. ബാങ്കുകളും ധനകാര്യ കമ്പനികളുമടക്കം എല്ലാ മേഖലകളും ഇന്നു രാവിലെ താഴ്ചയിലായി. എഫ് എം സി ജി കമ്പനികൾ മാത്രമാണു നേട്ടമുണ്ടാക്കിയത്. പിന്നീട് ബാങ്കുകൾ നേട്ടത്തിലായതോടെ മുഖ്യസൂചികകളും ഉയർന്നു. പക്ഷേ വലിയ ഉത്സാഹത്തിലേക്കു വിപണി കടന്നില്ല. ചാഞ്ചാട്ടം തുടർന്നു.

ഉയരുന്ന ഓഹരികളുടെ ഇരട്ടി ഓഹരികൾ താഴുകയാണ്. വിശാല വിപണി തിരുത്തൽ മൂഡിലാണ്. മിഡ് - സ്മോൾ ക്യാപ് ഓഹരികൾ ഇന്നും കുത്തനെ താണു. മിഡ് ക്യാപ് സൂചിക ഒക്ടോബറിലെ നേട്ടം മുഴുവൻ നഷ്ടപ്പെടുത്തി. മുഖ്യ സൂചികകൾ നേട്ടത്തിലായിട്ടും മിഡ് ക്യാപ് സൂചിക 200 പോയിൻറ് താഴ്ന്നു നിന്നു.
നവീൻ ഫ്ലോറിൻ റിസൽട്ട് നിരാശപ്പെടുത്തി. കമ്പനിയുടെ ഓഹരി വില 10 ശതമാനം വരെ താണു. മറ്റു കെമിക്കൽ കമ്പനികൾക്കും ഇടിവായി.
ചൊവ്വാഴ്ച വലിയ ഇടിവ് നേരിട്ട ഐആർസിടിസി ഓഹരി ഇന്നും 15 ശതമാനം താണു. ചൊവ്വാഴ്ച 6313 രൂപ വരെ ഉയർന്ന ഓഹരി 5455-ലാണു ക്ലോസ് ചെയ്തത്. ഇന്നു 4909 രൂപയിൽ തുടങ്ങിയിട്ട് 4636 ലേക്കു താണു.
ബോണസ് പ്രതീക്ഷയിൽ ബുധനാഴ്ച 20 ശതമാനം ഉയർന്ന ഐഇഎക്സ് ഇന്നു 10 ശ തമാനം വരെ താഴ്ന്നു.
മികച്ച റിസൽട്ടും നല്ല ഭാവി പ്രതീക്ഷയും അറിയിച്ചിട്ടും എൽ ആൻഡ് ടി ടെക് സർവീസസിൻ്റെ വില അഞ്ചു ശതമാനത്തോളം കുറഞ്ഞു.
ചീഫ് ഫിനാൻസ് ഓഫീസർ രാജിവച്ചത് എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെൻ്റ് കമ്പനിയുടെ ഓഹരിക്കു വിലയിടിച്ചു.
ആഗോള വിപണിയിൽ സ്വർണം 1773-1774 ഡോളറിലാണ്. കേരളത്തിൽ പവനു 120 രൂപ കൂടി 35,560 രൂപയായി.
കടപ്പത്ര വില വീണ്ടും താണു. 10 വർഷ സർക്കാർ കടപ്പത്രത്തിൽ 6.404 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന വിധമാണു വിലതാണത്. താമസിയാതെ പലിശ നിരക്ക് ഉയരുമെന്ന സൂചനയാണ് കടപ്പത്ര വിപണി നൽകുന്നത്.


T C Mathew
T C Mathew  
Related Articles
Next Story
Videos
Share it