ഓഹരി വിപണി: ഇപ്പോള്‍ എവിടെ നിക്ഷേപിക്കണം?

ലോകത്തെ മിക്കവാറും ഓഹരി വിപണികളെ പോലെ ഇന്ത്യന്‍ ഓഹരി വിപണിയും സ്വപ്‌ന സമാനമായ കുതിപ്പിലാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020ല്‍ രേഖപ്പെടുത്തിയ താഴ്ചയില്‍ നിന്ന് സെന്‍സെക്‌സും നിഫ്റ്റിയും ഇരട്ടിയിലേറെ മുന്നേറിയിരിക്കുന്നു. ഓഹരി വിപണി തിരുത്തലിന് വിധേയമായാല്‍ തന്നെ വിപണി മനോഭാവം ബുള്ളിഷ് ആയി തുടരുമെന്നാണ് ഞങ്ങളുടെ നിഗമനം. അതിന് കാരണങ്ങളും നിരവധിയുണ്ട്.

ആഗോളതലത്തില്‍ തന്നെ രാജ്യങ്ങള്‍ രണ്ട് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയെ മറികടന്ന് അഞ്ച് ട്രില്യണ്‍ ഡോളര്‍ വലുപ്പമുള്ള ഒന്നാകാനുള്ള പ്രയാണമാരംഭിക്കുമ്പോള്‍ തന്നെ വലിയൊരു മുന്നേറ്റം പ്രകടമാണ്. ഇന്ത്യ ഇപ്പോള്‍ ഈ ഘട്ടത്തിലാണ്. അതുകൊണ്ട് തന്നെ വരുന്ന ഏതാനും ദശാബ്ദങ്ങള്‍ നമ്മള്‍ മികച്ച പ്രകടനം തുടരാനുമാണ് സാധ്യത. കഴിഞ്ഞ 12-15 മാസത്തിനിടെ നിക്ഷേപിക്കാന്‍ കൈയില്‍ പണമുള്ള വലിയൊരു സമൂഹം പുതുനിക്ഷേപകരും വിപണിയിലേക്ക് പ്രവേശിച്ചിരിക്കുന്നു. അതിനാല്‍ തന്നെ വിപണിയിലേക്ക് പണവും പ്രവഹിക്കുകയാണ്. മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കുറഞ്ഞ നേട്ടം നല്‍കുന്നതും ഓഹരി നിക്ഷേപത്തെ ആകര്‍ഷകമാക്കുന്നുണ്ട്.

ഓഹരി വിപണിയില്‍ നിന്ന് നേട്ടം ആഗ്രഹിക്കുന്നവര്‍ കുറഞ്ഞത് 3-5 വര്‍ഷമെങ്കിലും കാത്തിരിക്കണം.
എവിടെ നിക്ഷേപിക്കണം?
നിരവധി കമ്പനികള്‍, പ്രത്യേകിച്ച് ഹെല്‍ത്ത്‌കെയര്‍, സ്‌പെഷാലിറ്റി സെക്ടറുകളിലെ മിഡ്കാപ് കമ്പനികള്‍ നിക്ഷേപയോഗ്യമായി ഇപ്പോള്‍ വിപണിയിലുണ്ട്. അതുപോലെ തന്നെ മള്‍ട്ടിബാഗറുകളാക്കാന്‍ സാധ്യതയുള്ള പല കമ്പനികളും സോഫ്റ്റ് വെയര്‍ രംഗത്ത് കാണാം. പ്രത്യേകിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവ.

തിരുത്തല്‍ വിപണിയില്‍ ഒഴിവാക്കാനാവാത്ത കാര്യമാണ്. നിക്ഷേപകര്‍ എല്ലായ്‌പ്പോഴും അതിനെ അഭിമുഖീകരിക്കാന്‍ സജ്ജരായിരിക്കുകയും വേണം. എന്നിരുന്നാലും ഇന്ത്യന്‍ ഓഹരി വിപണി മികച്ച പ്രകടനം തുടരും. മാത്രമല്ല 12-17 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിക്കുകയും ചെയ്യും. മീഡിയം - ലോംഗ് ടേമില്‍ നേരത്തേ സൂചിപ്പിച്ച മേഖലകള്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ചേക്കും.



Akshay Agarwal
Akshay Agarwal  

മാനേജിങ് ഡയറക്ടർ, അക്യൂമെൻ

Related Articles

Next Story

Videos

Share it