ഓഹരി വിപണിക്ക് ഈമാസം രണ്ട് പൊതു അവധി; വോട്ടെടുപ്പ് പ്രമാണിച്ച് മേയിലും പ്രത്യേക അവധി

ഇന്ത്യന്‍ ഓഹരി വിപണികളായ എന്‍.എസ്.ഇക്കും ബി.എസ്.ഇക്കും ഈ മാസം (April) രണ്ട് പൊതു അവധികള്‍. ഏപ്രില്‍ 11ന് (വ്യാഴം) റംസാന്‍ (ഈദ്-ഉല്‍-ഫിത്ര്‍) അവധിയാണ്. രാമനവമി പ്രമാണിച്ച് ഏപ്രില്‍ 17നും (ബുധന്‍) അവധിയായിരിക്കും.
മുംബൈയില്‍ ലോക്‌സഭാ വോട്ടെടുപ്പ് നടക്കുന്നത് മേയ് 20നാണ് (തിങ്കള്‍). ഇതുമൂലം അന്നേദിവസം ബി.എസ്.ഇക്കും എന്‍.എസ്.ഇക്കും അവധിയായിരിക്കും. ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളിലും ഓരോ പൊതു അവധി ഓഹരി വിപണികള്‍ക്കുണ്ട്. നവംബറില്‍ രണ്ട് പൊതു അവധിയുമുണ്ടാകും. നവംബര്‍ ഒന്നിനാണ് ദീപാവലി. അന്നേദിവസമാണ് പ്രത്യേക വ്യാപാരമായ 'മുഹൂര്‍ത്ത വ്യാപാരവും' (Muhurat Trading) അരങ്ങേറുക. ഇതിന്റെ സമയക്രമം ഓഹരി വിപണികള്‍ പിന്നീട് പ്രഖ്യാപിക്കും. 2024ല്‍ മൊത്തം 14 പൊതു അവധിദിനങ്ങളുണ്ടെന്നാണ് ബി.എസ്.ഇയുടെ കലണ്ടര്‍ വ്യക്തമാക്കുന്നത്.
റെക്കോഡിന്റെ ട്രാക്കില്‍
ഇന്ത്യന്‍ ഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും റെക്കോഡ് നേട്ടത്തിന്റെ പാതയിലാണ്. ഇന്നൊരുവേള 75,000 പോയിന്റ് ഭേദിച്ച സെന്‍സെക്‌സ് എക്കാലത്തെയും ഉയരംതൊട്ടിരുന്നു. നിഫ്റ്റിയും ഒരുവേള പുതിയ ഉയരമായ 22,768 പോയിന്റില്‍ തൊട്ടു. എന്നാല്‍, വ്യാപാരാന്ത്യത്തില്‍ നേട്ടങ്ങള്‍ കൈവിട്ട സൂചികകള്‍ നഷ്ടത്തിലാണുള്ളത്. ഇന്നലെ 400 ലക്ഷം കോടി രൂപയെന്ന മാജിക്‌സംഖ്യ മറികടന്ന ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ മൊത്തം നിക്ഷേപക സമ്പത്ത് ഇന്ന് 399 ലക്ഷം കോടി രൂപയിലേക്ക് താഴ്ന്നിട്ടുമുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it