പ്രതിവാര അവലോകനം, ഐടി ഓഹരികള്‍ വാങ്ങണോ അതോ വില്‍ക്കണോ ?
2022 -23 മൂന്നാം പാദത്തില്‍ ഐടി കമ്പനികളുടെ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തു വന്നു തുടങ്ങി. പ്രമുഖ കമ്പനികള്‍ ഫലം മെച്ചപ്പെടുത്തിയെങ്കിലും അമേരിക്കന്‍, യൂറോപ്യന്‍ വിപണികളില്‍ സാമ്പത്തിക മാന്ദ്യ ഭീതി ഉള്ളതിനാല്‍ വ്യവസായങ്ങള്‍ ഐടി സേവനങ്ങള്‍ക്കായിട്ടുള്ള ചെലവ് നിയന്ത്രിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇന്ത്യന്‍ ഐടി കമ്പനികളുടെ ബിസിനസ് സാധ്യതകള്‍ക്ക് മങ്ങല്‍ ഏറ്റതായി മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ കരുതുന്നു.
ഈ പശ്ചാത്തലത്തില്‍ 3 പ്രമുഖ ഐടി കമ്പനികളുടെ ഓഹരികളുടെ സാധ്യതകള്‍ വിലയിരുത്തുന്നു
1. എച്ച് സി എല്‍ ടെക്‌നോളോജിസ് (HCL Technologies): എച്ച്‌സിഎല്‍ മൂന്നാം പാദത്തില്‍ മെച്ചപ്പെട്ട സാമ്പത്തിക ഫലം പുറത്തുവിട്ടു. വരുമാനം 16.28 % വര്‍ധിച്ച് 12398 കോടി രൂപയായി. അറ്റാദായം 21.19 % ഉയര്‍ന്ന് 3196 കോടി രൂപയായിലും എത്തി. പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 39.07 ശതമാനമായി (നേരത്തെ 38.33 %). ഉല്‍പ്പന്നങ്ങള്‍, പ്ലാറ്റ്‌ഫോം ബിസിനസിലാണ് 30 % ത്രൈമാസ അടിസ്ഥാനത്തില്‍ വളര്‍ച്ച ഉണ്ടായത്. ജീവശാസ്ത്രം, ആരോഗ്യ പരിരക്ഷ വെര്‍ട്ടികലുകളില്‍ മികച്ച വളര്‍ച്ച ഉണ്ടായി. ഉല്‍പ്പാദനം, മീഡിയ ടെലികോം, പ്രസിദ്ധീകരങ്ങള്‍, വിനോദം തുടങ്ങിയ മേഖലകളില്‍ നിന്നും ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. പണപ്പെരുപ്പം, പലിശ വര്‍ധനവ് തുടങ്ങിയ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ട് ഐടി സേവനങ്ങള്‍ക്ക് പണം ചെലവാക്കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ വൈകാന്‍ സാധ്യത ഉണ്ട്. ഇത് ഐടി കമ്പനികളുടെ വരുമാനത്തെ ബാധിക്കാം. സോഫ്റ്റ്വെയര്‍ സേവന മേഖലയില്‍ 10 വലിയ ഇടപാടുകള്‍ കരസ്ഥമാക്കാന്‍ സാധിച്ചു. ചില വെര്‍ട്ടികലുകളില്‍ (ഫിനാന്‍സ് & റീറ്റെയ്ല്‍) വരുമാനം കുറഞ്ഞിട്ടുണ്ട്. കമ്പനി ശുഭാപ്തി വിശ്വാസം നിലനിര്‍ത്തുന്നുണ്ടെങ്കിലും മാന്ദ്യ ഭീതി നിലനില്‍ക്കുന്നത് കൊണ്ട് മാര്‍ജിനെയും ബിസിനസ് വളര്‍ച്ചയെയും ബാധിച്ചേക്കാം. നിലവില്‍ എച്ച്‌സിഎല്‍ ഓഹരികളില്‍ നേരിയ മുന്നേറ്റം ഉണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വില്‍ക്കുക (Sell) ലക്ഷ്യ വില 847 രൂപ, നിലവില്‍ 1077 രൂപ Stock Recommendation by Nirmal Bang Research
2 . സിയെന്റ്റ് ലിമിറ്റഡ് (Cyient Ltd): 2022 -23 ഡിസംബര്‍ പാദത്തില്‍ വരുമാനം 36.7 % വര്‍ധിച്ച് 1618 കോടി രൂപയായി. അറ്റാദായം 23.6 % വര്‍ധിച്ച് 163 കോടി രൂപയായി. നികുതിക്കും പലിശക്കും മുന്‍പുള്ള മാര്‍ജിന്‍ 209 കോടി രൂപയായി ( EBITDA മാര്‍ജിന്‍ 12.9 %). ഫോര്‍ച്യൂണ്‍ 500 പട്ടികയില്‍ ഉള്‍പ്പെട്ട 2 കമ്പനികള്‍ ഉപഭോക്താക്കളായി. ഐടി സേവന വിഭാഗത്തില്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. ഏറ്റെടുക്കലുകളിലൂടെയും കമ്പനി വളര്‍ച്ച നേടുകയാണ്. ഊര്‍ജം, യൂട്ടിലിറ്റി, ഖനനം തുടങ്ങിയ വെര്‍ട്ടികലുകളില്‍ മികച്ച വളര്‍ച്ച നേടാന്‍ സാധിച്ചു. എന്നാല്‍ റയില്‍ ഗതാഗതം, കണ്‍സള്‍ട്ടിങ് വിഭാഗങ്ങളിലെ ബിസിനസ് കുറഞ്ഞു. നിലവിലുള്ള ബിസിനസ് വളര്‍ച്ച അടുത്ത മൂന്ന് വര്‍ഷത്തേക്ക് തുടരാന്‍ സാധിക്കുമെന്ന് കരുതുന്നു. EBITDA മാര്‍ജിന്‍ 16 -17 ശതമാനമായി ഉയരുമെന്ന് കമ്പനി കരുതുന്നു, വരുമാനം 13-15 %.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക ലക്ഷ്യ വില -1100 രൂപ, നിലവില്‍ 876 രൂപ Stock Recommendation by Motilal Oswal Financial Services
3. ഇന്‍ഫോസിസ് ലിമിറ്റഡ് (Infosys Ltd): 2022 -23 ഡിസംബര്‍ പാദത്തില്‍ വരുമാനം 20.2 % വര്‍ധിച്ച് 38,318 കോടി രൂപയായി. പ്രവര്‍ത്തന മാര്‍ജിന്‍ 2 % കുറഞ്ഞു -21.5 %. ബിഎഫ്എസ്‌ഐ, ജീവ ശാസ്ത്ര വെര്‍ട്ടികലുകള്‍ ഒഴികെ എല്ലാ വിഭാഗങ്ങളിലും നേട്ടം ഉണ്ടാക്കാന്‍ സാധിച്ചു. ഡിജിറ്റല്‍ ബിസിനസ് 21.7 % ഉയര്‍ന്നു. ഊര്‍ജം, യൂട്ടിലിറ്റീസ്, ഉല്‍പ്പാദനം എന്നീ വെര്‍ട്ടികലുകളില്‍ മികച്ച വളര്‍ച്ച നേടാന്‍ സാധിച്ചു. ഇന്‍ഫോസിസ് 31.3 ദശലക്ഷം ഓഹരികള്‍ 4.79 ശതകോടി രൂപ ചെലവില്‍ തിരികെ വാങ്ങിയിട്ടുണ്ട്. ഒരു ഓഹരിക്ക് 1531 രൂപ നിരക്കിലാണ് വാങ്ങിയത്. ഓഹരി തിരിച്ചു വാങ്ങലിന് 9.3 ശതകോടി രൂപ ചെലവാകാനുള്ള അനുമതി ഡയറക്ട്ര്‍ ബോര്‍ഡ് നല്‍കിയിട്ടുണ്ട്. ഐടി സേവനങ്ങള്‍ക്കുള്ള ചെലവ് അമേരിക്ക, യൂറോപ്പ് രാജ്യങ്ങളില്‍ കുറയാന്‍ സാധ്യത ഉണ്ട്.ഇന്‌ഫോസിസിന്റെ വരുമാനത്തെ ഇത് ബാധിക്കാം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വില്‍ക്കുക (Sell) ലക്ഷ്യ വില 1161 രൂപ, നിലവില്‍ 1503 രൂപ Stock Recommendation by Nirmal Bang Research