പ്രതിവാര ഓഹരി അവലോകനം: മികച്ച വളര്‍ച്ച സാധ്യത ഉള്ള ഫാര്‍മ, ഐടി കമ്പനികള്‍

2023 -24 ഡിസംബര്‍ പാദം സാമ്പത്തിക ഫലവും, പുതിയ ബിസിനസ് വാര്‍ത്തകളും ഓഹരി വിലകളെ സ്വാധീനിക്കുന്നു. കഴിഞ്ഞ വാരം വിപണിയില്‍ ചലനം ഉണ്ടാക്കിയ നാലു ഓഹരികളുടെ സാധ്യതകളെ കുറിച്ചാണ് താഴെ പരാമര്‍ശിക്കുന്നത്.

1.സണ്‍ ഫാര്‍മ ( Sun Pharmaceutical Industries Ltd): അമേരിക്കയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കണ്‍സെര്‍ട്ട് ഫാര്‍മ എന്ന കമ്പനിയെ ഏറ്റെടുക്കുകയാണ് സണ്‍ ഫാര്‍മ. ചര്‍മ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ വികസിപ്പിക്കുന്ന കമ്പനിയെ ഏറ്റെടുക്കാന്‍ ചെലവാകുന്നത് 6800 കോടി രൂപ. മുടി കൊഴിച്ചിലിന് എതിരായി ഈ കമ്പനി വികസിപ്പിച്ച പുതിയ ഒരു മരുന്ന് 2024 ല്‍ വിപണിയില്‍ ഇറക്കാന്‍ സാധിക്കും. 2037 വരെ കാലാവധിയുള്ള പേറ്റന്റ്റ് കമ്പനിക്ക് ഉണ്ട്. ഏറ്റെടുക്കല്‍ പ്രക്രിയ 2023 ജൂലൈക്ക് മുന്‍പ് പൂര്‍ത്തിയാക്കും. സണ്‍ ഫാര്‍മയുടെ ഡിസംബര്‍ പാദഫലം ജനുവരി 31ന് പുറത്തുവിടും. സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 27 % വര്‍ധിച്ച് 5825.29 കോടി രൂപയായി. അറ്റാദായം 49 % വര്‍ധിച്ച് 1213.07 കോടി രൂപയിലെത്തി. പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 27.32 ശതമാനത്തില്‍ നിന്ന് 32.26 കോടി രൂപയായി.

ഓഹരി വില ഈ മാസം 1000 രൂപയില്‍ നിന്ന് 1040 വരെ ഉയര്‍ന്നു. നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy) ലക്ഷ്യ വില 1232 രൂപ, നിലവില്‍ 1030 രൂപ. (Stock Recommendation by Systematix Institutional Equities).

2. ഹിന്ദുസ്ഥാന്‍ സിങ്ക് (Hindustan Zinc Ltd) ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് മാതൃസ്ഥാപനമായ വേദാന്ത ഗ്രൂപ്പില്‍ നിന്ന് ടിഎച്ച്എല്‍ സിങ്ക് ലിമിറ്റഡ് എന്ന കമ്പനി 2.9 ശതകോടി ഡോളറിന് ഏറ്റെടുക്കുകയാണ്. ഇതിലൂടെ ദക്ഷിണ ആഫ്രിക്ക, നമീബിയ എന്നിവിടങ്ങളിലെ ആസ്തികള്‍ സ്വന്തമാകും. അങ്ങനെ മൊത്തം ഉല്‍പ്പാദന ശേഷി 2 ദശലക്ഷം ടണ്ണായി ഉയരും. ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 4.5 % കുറഞ്ഞ് 7628 കോടി രൂപയായി. അറ്റാദായം 25 % ഇടിഞ്ഞ് 2157 കോടി രൂപയായി. പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 53.17 ശതമാനമായി കുറഞ്ഞു. കല്‍ക്കരിയുടെ വില വര്‍ധനവ്, വൈദ്യുതി ചെലവുകള്‍ തുടങ്ങിയവ മൂലം ഉല്‍പ്പാദന ചെലവ് 13 % വര്‍ധിച്ചു. അറ്റകുറ്റ പണികള്‍ക്കായി പ്രധാനപ്പെട്ട ഉല്‍പ്പാദന കേന്ദ്രം അടച്ചു പൂട്ടിയത് കൊണ്ട് ഉല്‍പ്പാദനവും വില്‍പ്പനയും കുറഞ്ഞു.

കഴിഞ്ഞ വാരം ഏറ്റെടുക്കല്‍ വാര്‍ത്ത വന്നതോടെ ഓഹരിയിലുള്ള മുന്നേറ്റം തടസപ്പെട്ടു. 377 രൂപയില്‍ നിന്ന് 353 രൂപയായി കുറഞ്ഞു. പ്രമുഖ ബ്രോക്കിങ് സ്ഥാപനമായ മോട്ടിലാല്‍ ഒസ്വാള്‍ (Motilal Oswal Financial Services ) കഴിഞ്ഞ ദിവസം ഈ ഓഹരി 350 ലേക്ക് താഴുമെന്ന് പ്രവചിച്ചു. നിലവില്‍ 353 രൂപ. ഇനിയും ഒരു തിരുച്ചുകയറ്റം ഉണ്ടാകുമോ?

3. കോഫോര്‍ജ് (Coforge Ltd): പ്രമുഖ ഐടി കമ്പനി യായ കോഫോര്‍ജ് ഡിസംബര്‍ പാദത്തില്‍ മികച്ച സാമ്പത്തിക ഫലം പുറത്തു വിട്ടതോടെ ഓഹരിയില്‍ മുന്നേറ്റം ഉണ്ടായി. ജനുവരി ആദ്യം 3885 ല്‍ നിന്ന് 4100 ലേക്ക് ഉയര്‍ന്നു. വരുമാനം 23 % വര്‍ധിച്ച് 1088 കോടി രൂപയായി. അറ്റാദായം 44 % വര്‍ധിച്ച് 239.70 കോടി രൂപയായി. പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 28.82 ശതമാനം (മുന്‍പ് 24.76 %). 345 ദശലക്ഷം ഡോളര്‍ തുകക്കുള്ള പുതിയ ഓര്‍ഡറുകള്‍ കരസ്ഥമാക്കി. മൊത്തം ഓര്‍ഡര്‍ ബുക്ക് 841 ദശലക്ഷം ഡോളറായി വര്‍ധിച്ചു. മികച്ച ഓര്‍ഡറുകള്‍, തുടര്‍ന്നുള്ള വരുമാന വര്‍ദ്ധനവ്, പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കാര്യക്ഷമത, മെച്ചപ്പെട്ട മാര്‍ജിന്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് കോഫോര്‍ജ് കമ്പനിയുടെ സാമ്പത്തിക നില മെച്ചപ്പെടും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy) ലക്ഷ്യ വില -4490 , നിലവില്‍ 4100. (Stock Recommendation by Dolat Capital )

4. റാലിസ് ഇന്ത്യ (Rallis India Ltd): കാര്‍ഷിക വിളകളുടെ സംരക്ഷണത്തിനും പോഷണത്തിനും വേണ്ടിയിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് റാലിസ്. ഡിസംബര്‍ പാദത്തില്‍ സാമ്പത്തിക ഫലം നിരാശപ്പെടുത്തി. വരുമാനം 630.39 കോടി (കഴിഞ്ഞ വര്‍ഷം 628.08 കോടി രൂപ). അറ്റാദായം 22.55 കോടി രൂപ (42 % ഇടിവ് ), പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 11.60 ല്‍ നിന്ന് 8.79 ശതമാനമായി. കയറ്റുമതി വരുമാനം 7 % കുറഞ്ഞു, ആഭ്യന്തര വരുമാനം 8 % വര്‍ധിച്ചു. ഇതിന് കാരണം ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതാണ്. മൂന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. വരുമാന വളര്‍ച്ച കുറയുന്നതും, മാര്‍ജിന്‍ സമ്മര്‍ദ്ധവും കമ്പനിയുടെ ബിസിനസ് വളര്‍ച്ചയെ ബാധിച്ചേക്കാം.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - Hold ലക്ഷ്യ വില -240 നിലവില്‍ - 225 രൂപ. (Stock Recommendation by Prabhudas Lilladher)

Related Articles

Next Story

Videos

Share it