തിരുവനന്തപുരത്തും ബെംഗളൂരുവിലും വമ്പന്‍ പദ്ധതികള്‍; 33 % ഉയരാന്‍ സാധ്യതയുള്ള റിയല്‍ എസ്റ്റേറ്റ് ഓഹരി

പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ശോഭ (Sobha Ltd) മികച്ച സാമ്പത്തിക ഫലമാണ് 2022 -23 സെപ്റ്റംബര്‍ പാദത്തില്‍ പുറത്തുവിട്ടത്. പ്രീ സെയില്‍സ് ബുക്കിംഗ് (പദ്ധതി നിര്‍മാണം ആരംഭിക്കുന്നതിന് മുന്‍പുള്ള ബുക്കിംഗ് ) റെക്കോര്‍ഡ് നിലയിലെത്തി -1160 കോടി രൂപ. ചതുരശ്ര അടിക്ക് ശരാശരി 8709 രൂപ ലഭിച്ചു. മൊത്തം വില്‍പ്പന നടന്നത് 1.34 ദശലക്ഷം ചതുരശ്ര അടി (ത്രൈമാസ അടിസ്ഥാനത്തില്‍ 2 % ഇടിവ്).

ശോഭയ്ക്ക് ബാംഗ്‌ളൂര്‍ പ്രധാന പ്പെട്ട വിപണിയായി തുടരുന്നു, മൊത്തം വില്‍പ്പനയുടെ 78 % ബെംഗളുരുവിലാണ്. കേരളത്തിന്റെ പങ്ക് -10 %. ബംഗളൂരും, തിരുവനന്തപുരത്തും മൊത്തം 8.8 ലക്ഷം ചതുരശ്ര അടിയുള്ള മൂന്ന് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നു. തിരുവനന്തപുരം ആക്കുളത്ത് 1.97 ഏക്കറില്‍ ആഡംബര ഗേറ്റഡ് അപ്പാര്‍ട്ടുമെന്റുകള്‍ നിര്‍മിക്കുന്നു. ബാംബൂ വാക്, ഫോറെസ്റ്റ് മെഡിറ്റേഷന്‍ ഡെക്ക്, ബോണ്‍ ഫയര്‍ ഡെക്ക് എന്നി നൂതന സംവിധാനങ്ങള്‍ ഇവിടെ സജ്ജീകരിക്കും. ഹൈദരാബാദ് വിപണിയില്‍ 2024 ല്‍ പദ്ധതികള്‍ ആരംഭിക്കും. കാലക്രെമേണ മൊത്തം വില്‍പ്പനയില്‍ ബാംഗ്‌ളൂര്‍ ഒഴികെയുള്ള വിപണികളുടെ പങ്ക് 40 ശതമാനമായി ഉയര്‍ത്തും.

സെപ്റ്റംബര്‍ പാദത്തില്‍ വില്‍പ്പന കുറഞ്ഞെങ്കിലും ഫ്ളാറ്റുകളുടെ വില വര്‍ധിപ്പിച്ചും, കൂടുതല്‍ നഗരങ്ങളില്‍ പദ്ധതികള്‍ നടപ്പാക്കിയും ശോഭക്ക് മുന്നേറാന്‍ സാധിക്കും.

നികുതിക്കും പലിശക്കും മുന്‍പുള്ള (EBITDA) മാര്‍ജിന്‍ 22.90 % ഇടിഞ്ഞ് 14 ശതമാനമായി. പരോക്ഷ ചെലവുകള്‍ വര്‍ധിച്ചത് കൊണ്ടാണ് മാര്‍ജിന്‍ കുറഞ്ഞത്. ഭൂമി വാങ്ങാനായി 340 കോടി രൂപ ചെലവായി, മറ്റ് ചെലവുകള്‍ 28.8 % വര്‍ധിച്ചു, ജീവനക്കാരുടെ ചെലവുകള്‍ 30.8 % ഉയര്‍ന്നു. അറ്റാദായം 60.2 % വര്‍ധിച്ച് 19.2 കോടി രൂപയായി.

നിലവില്‍ മൊത്തം 21.92 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമാലുള്ള പദ്ധതികള്‍ നടപ്പാക്കുന്നു. 23.2 ദശലക്ഷം ചതുരശ്ര അടിക്കുള്ള ഭവനങ്ങളും വാണിജ്യ കെട്ടിടങ്ങളും വില്‍ക്കാനുണ്ട്.

കമ്പനിയുടെ അറ്റ കടം 10.5 % കുറഞ്ഞു-1890 കോടി രൂപയായി. നിലവിലുള്ള പദ്ധതികളിലൂടെ 6831 കോടി രൂപയുടെ ക്യാഷ് ഫ്‌ലോ ഉണ്ടാകും. നിലവിലുള്ള പദ്ധതികള്‍ 4 -5 വര്‍ഷത്തില്‍ പൂര്‍ത്തിയാകും.

ഭവന ഡിമാന്‍ഡ് വര്‍ധനവ്, പുതിയ പദ്ധതികള്‍, ബാംഗ്‌ളൂര്‍ ഒഴികെ ഉള്ള നഗരങ്ങളില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുന്നതും , കൂടുതല്‍ വിലയ്ക്ക് വില്‍ക്കാന്‍ സാധിക്കുന്നതും ശോഭയുടെ സാമ്പത്തിക വളര്‍ച്ചക്ക് അനുകൂലമാകും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില - 870 രൂപ

നിലവില്‍ - 620.15 രൂപ


(Stock Recommendation by Nirmal Bang Research )

Related Articles

Next Story

Videos

Share it