ഇപ്പോള്‍ നിക്ഷേപിക്കാന്‍ മൂന്ന് ഓഹരികള്‍

ഓഹരിവിപണിയില്‍ നിന്ന് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കാന്‍ സഹായിച്ചേക്കാവുന്ന മൂന്ന് ഓഹരികള്‍ നിര്‍ദേശിക്കുകയാണ് അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ അക്ഷയ് അഗര്‍വാള്‍.
ഇപ്പോള്‍ നിക്ഷേപിക്കാന്‍ മൂന്ന് ഓഹരികള്‍
Published on

ഓഹരി വിപണി എക്കാലത്തെയും ഉയരങ്ങളിലാണ്. ചരിത്രത്തിലാദ്യമായി നിഫ്റ്റി 13000 കടന്ന ദിവസമായിരുന്നു ഇന്നലെ (നവംബര്‍ 24). 18 മാസം മുമ്പ് 12000 വരെ എത്തിയിരുന്ന നിഫ്റ്റി കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി മാര്‍ച്ചില്‍ 7511 വരെ താഴ്ന്നിരുന്നു. പിന്നീട് ഉയര്‍ച്ച പ്രകടമാക്കിയ സൂചികകള്‍ കഴിഞ്ഞ രണ്ട് ദിവസമായി ചരിത്രപരമായ ഉയരങ്ങളിലേക്കെത്തുകയായിരുന്നു. സെന്‍സെക്‌സും റിക്കാര്‍ഡിട്ടു. സമ്പദ് രംഗം ഉണരുമെന്ന വിദഗ്ധ നിഗമനങ്ങളും കോവിഡ് വാക്‌സിന്‍ ഉടന്‍ പുറത്തിറക്കുമെന്നുള്ള പ്രഖ്യാപനങ്ങളുമാണ് ഓഹരിയിലും പ്രതിഫലിക്കുന്നത്.

ഇപ്പോള്‍ നിക്ഷേപകരായുള്ളവരും പുതുതായി നിക്ഷേപകരാകാന്‍ മുന്നോട്ട് വരുന്നവരും ചോദിക്കുന്ന ചോദ്യമാണ് എവിടെ നിക്ഷേപിക്കും എന്നത്. ഇതാ ഓഹരി വിപണി വിദഗ്ധനും അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഇന്ത്യ മാനേജിംഗ്് ഡയറക്റ്ററുമായ അക്ഷയ് അഗര്‍വാള്‍ നിര്‍ദേശിക്കുന്ന മൂന്ന് ഓഹരികള്‍.

ടോറന്റ് പവര്‍ (Torrent Power )

ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വൈദ്യുതി ഉല്‍പ്പാദനവും വിതരണവും നടത്തുന്ന കമ്പനിയാണ്. 3800 മെഗാവാട്ടാണ് കമ്പനിയുടെ ഉല്‍പ്പാദന ശേഷി. 36 ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്.

ഏഴോളം രാജ്യങ്ങളില്‍ സിറ്റി ഗ്യാസ് ലൈസന്‍സുമുണ്ട്. സിഎന്‍ജി, പിഎന്‍ജി സെഗ്മെന്റുകളിലെ ടൊറന്റ് ഗ്യാസിന്റെ നിക്ഷേപം ഉല്‍പ്പാദനം ഉയര്‍ത്താനും ക്ലീന്‍ എനര്‍ജിക്കുള്ള ആവശ്യം വര്‍ധിപ്പിക്കാനും സഹായിക്കും. ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന ചില പോളിസി നയങ്ങള്‍ ടോറന്റ് പവറിന് ഗുണകരമാകുമെന്നാണ് കരുതുന്നത്. നാഷണല്‍ താരിഫ് പോളിസിയും നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലൈനും വരും മാസങ്ങളില്‍ ഗവണ്‍മെന്റ് പുറത്തിറക്കും.

രാംകോ സിമന്റ്‌സ് (Ramco Cements )

രാജ്യത്തെ സിമന്റ് നിര്‍മാതാക്കളില്‍ അഞ്ചാം സ്ഥാനത്തുള്ള രാംകോ സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രചാരത്തിലുള്ള ബ്രാന്‍ഡാണ്. സര്‍ക്കാര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയ്ക്ക് കൊടുക്കുന്ന ഈന്നല്‍, റിയല്‍ എസ്റ്റേറ്റ് സെക്ടറിനുള്ള ആര്‍ബിഐയുടെ നയങ്ങള്‍, മികച്ച മണ്‍സൂണ്‍ എന്നിവയൊക്കെ സിമന്റിനുള്ള ആവശ്യം വര്‍ധിപ്പിക്കുന്നുണ്ട്. ഗ്രാമീണ, നഗര മേഖലകളില്‍ നിന്നുള്ള ഉയര്‍ന്ന ഡിമാന്‍ഡ് കമ്പനിയുടെ ബിസിനസ് വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. അടുത്തിടെ ഒഡിഷയില്‍ കമ്പനി പുതിയ യൂണിറ്റ് തുടങ്ങിയിരുന്നു.

ഐടിസി ലിമിറ്റഡ് (ITC Ltd)

110 വര്‍ഷത്തെ പാരമ്പര്യമുള്ള ഐടിസിക്ക് സിഗരറ്റ്, കണ്‍ഫെക്ഷനറി, എഫ്എംസിജി, ഹോട്ടല്‍സ്, ഐടി, പാക്കേജിംഗ്, പേപ്പര്‍ ബോര്‍ഡ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ബിസിനസുണ്ട്. മൊത്തം സിഗരറ്റ് വിപണിയുടെ 77 ശതമാനവും ഐടിസിയുടെ വിഹിതമാണ്. രാജ്യത്തിന്റെ മുക്കിലും മൂലയിലുമായി 62 ലക്ഷം സ്റ്റോറുകള്‍ കമ്പനിക്കുണ്ട്. 140 ദശലക്ഷം വീടുകളില്‍ ഐടിസി കടന്നെത്തുന്നു. മികച്ച ബാലന്‍സ് ഷീറ്റും നല്ല കാഷ് ഫ്‌ളോയുമാണ് കമ്പനിയുടെ കരുത്ത്. 15000 കോടിയുടെ കാഷ് റിസര്‍വുണ്ട് കമ്പനിക്ക്. അടുത്തിടെ അറ്റാദായത്തിന്റെ 80-85 ശതമാനം ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com