ഫെഡറല്‍ ബാങ്ക് ശക്തമായ വളര്‍ച്ച തുടരും, ഓഹരി ബുള്ളിഷ്

2022 -23 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വിപണി നിരീക്ഷകരെ അത്ഭുതപ്പെടുത്തിയ പ്രകടനമാണ് ഫെഡറല്‍ ബാങ്ക് (Federal Bank) കാഴ്ചവെച്ചത്. അറ്റാദായം 53 % വര്‍ധിച്ച് റെക്കോര്‍ഡ് നിലയായ 704 കോടി രൂപയില്‍ എത്തി. പ്രവര്‍ത്തന ലാഭം 1212 കോടിയെന്ന ഏക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. അറ്റ പലിശ വരുമാനം 19 ശതമാനം ആണ് വര്‍ധിച്ചത്. വായ്പകളില്‍ 20 % വര്‍ധനവ് ഉണ്ടായി. കോര്‍പറേറ്റ്, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കാണ് കൂടുതല്‍ വായ്പകളും നല്‍കിയത്.

2022-23 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ ഫെഡറല്‍ ബാങ്കിന് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്ന് ബ്രോക്കിങ് സ്ഥാപനമായ പ്രഭുദാസ് ലീലാധര്‍ അഭിപ്രായപ്പെടുന്നു. ഇക്കാലയളവില്‍ ബാങ്കിന്റെ വരുമാനത്തില്‍ 25 % വാര്‍ഷിക വളര്‍ച്ചയുണ്ടാവും എന്നാണ് വിലയിരുത്തല്‍. 2022-23ല്‍ അറ്റാദായം 16 ശതമാനമായും 2023 -24 കാലയളവില്‍ 13 ശതമാനമായും ഉയരുമെന്നാണ് പ്രതീക്ഷ. 2022 -23ല്‍ 18 -20 ശതമാനം വായ്പാ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും. സ്വകാര്യമേഖലയില്‍ മൂലധന ചെലവ് വര്‍ധിച്ചതാണ് കോര്‍പറേറ്റ് വായ്പകള്‍ ഉയരാന്‍ കാരണം. പ്രവര്‍ത്തന മൂലധനത്തിനായും ബാങ്ക് വായ്പകള്‍ നല്‍കി.

ഈ സാമ്പത്തിക വര്‍്ഷം ഇതുവരെ 25 പുതിയ ബ്രാഞ്ചുകളാണ് ഫെഡറല്‍ ബാങ്ക് ആരംഭിച്ചത്. ഈ സാമ്പത്തികവര്‍ഷം 30-40 ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. 4031.06 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.46 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 0.78 ശതമാനമാണ്. നീക്കിയിരുപ്പ് അനുപാതം 82.76 എന്ന മികച്ച നിലയിലാണ്. ഈ പാദത്തോടെ ബാങ്കിന്റെ മൊത്തം മൂല്യം 17551.94 കോടി രൂപയില്‍ നിന്ന് 19617.82 കോടി രൂപയായി വര്‍ധിച്ചു. മൂലധന പര്യാപ്തതാ അനുപാതം 13.84 ശതമാനമാണ്.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം: വാങ്ങുക (Buy), ലക്ഷ്യ വില -165 രൂപ, നിലവില്‍ 131.90 ട്രെന്‍ഡ് ബുള്ളിഷ് (Stock Recommendation by Prabhudas Lilladher)

Related Articles

Next Story

Videos

Share it