മികച്ച പ്രവര്‍ത്തനം, സാമ്പത്തിക നേട്ടങ്ങള്‍, ഈ ഭീമന്‍ ലോഹ നിര്‍മാതാക്കളുടെ ഓഹരികള്‍ വാങ്ങാം

ബഹുരാഷ്ട്ര പ്രകൃതി വിഭവ ഗ്രൂപ്പായ വേദാന്തയുടെ സബ്സിഡിയറി കമ്പനിയാണ് ഹിന്ദുസ്ഥാന്‍ സിങ്ക് (Hindustan Zinc Ltd). ഇന്ത്യയിലെ ഏറ്റവും വലിയ നാകം (Zinc), ഈയം(Lead) എന്നിവ ഖനനം ചെയ്യുന്ന കമ്പനിയാണ്, ലോകത്തെ രണ്ടാമത്തേതും. വെള്ളി ഉല്‍പ്പാദനത്തില്‍ ലോകത്തെ 6-മത്തെ വലിയ കമ്പനിയാണ് ഹിന്ദുസ്ഥാന്‍ സിങ്ക്. വേദാന്ത ഗ്രൂപ്പിന് 64.9 %, സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന് 29.5 % ഓഹരി വിഹിതം ഉണ്ട്.

2022 -23 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 36.2 % വര്‍ധിച്ച് 8336 കോടി രൂപയായി. നികുതിക്കും പലിശക്കും മുന്‍പുള്ള വരുമാനം 31.7 % വാര്‍ഷിക വളര്‍ച്ച കൈവരിച്ചു -4387 കോടി രൂപ. ഈയം, നാകം, വെള്ളി എന്നിവയുടെ ഉല്‍പ്പാദനം വര്‍ധിച്ചു. എങ്കിലും ഉല്‍പ്പാദന ചെലവ് കൂടിയതും, ലോഹങ്ങളുടെ വിലയില്‍ ഉണ്ടായ ചാഞ്ചാട്ടവും കമ്പനിയുടെ സാമ്പത്തിക ഫലത്തില്‍ പ്രതിഫലിച്ചു.
നാകത്തിന്റെ ഉല്‍പ്പാദനം 16.7 % വര്‍ധിച്ച് 189000 ടണ്ണായി. നാകത്തിന്റ്റെ വില 9.6 % വര്‍ധിച്ച് ടണ്ണിന് 3271 ഡോളറായി.ഈയത്തിന്റ്റെ വില 16.9% ഇടിഞ്ഞ് ടണ്ണിന് 1976 ഡോളര്‍. ചൈനയില്‍ റിയല്‍ എസ്റ്റേറ്റ് വിപണിയുടെ തകര്‍ച്ച ലോഹങ്ങളുടെ വിലയിടിവിന് കാരണമായി. നാകത്തിന് വില നിലവില്‍ 2944 ഡോളറായി കുറഞ്ഞു.
നാകത്തിന്റ്റെ ഉല്‍പ്പാദന ചെലവ് 12 % വര്‍ധിച്ചു. ഊര്‍ജ ചെലവുകള്‍ കൂടിയതാണ് പ്രധാന കാരണം. പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യയില്‍ നിന്ന് കല്‍ക്കരിയുടെ ലഭ്യത 10 % വര്‍ധിച്ചു. ഉത്തരാഖണ്ഡില്‍ 100 % ജലവൈദ്യുതിയാണ് ഉപയോഗപ്പെടുത്തുന്നത്. ഇതിന് വേണ്ടി വേദാന്ത ഗ്രൂപ്പിന് കീഴിലുള്ള ഊര്‍ജ കമ്പനിയില്‍ 100 കോടി രൂപയുടെ നിക്ഷേപം നടത്തി. ഇതില്‍ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ലഭ്യമാകാന്‍ മൊത്തം 350 കോടി രൂപയുടെ നിക്ഷേപം നടത്തണം. അതിലൂടെ 26 % ഓഹരി പങ്കാളിത്തം ലഭിക്കും.
2022 -23 ല്‍ ലോഹങ്ങളുടെ മൊത്തം ഉല്‍പ്പാദനം ഒരു ദശലക്ഷം ടണ്‍ കൈവരിക്കും -അതില്‍ നാകം 8,35,000 ടണ്‍, ഈയം 2,30,000, വെള്ളി 771 ടണ്‍ എന്നിങ്ങനെ യാണ്. ഉല്‍പ്പന്ന വിലയിലെ ചാഞ്ചാട്ടം മൂലം നഷ്ടം കുറയ്ക്കാന്‍ ഹെഡ്ജിങ് (hedging) ചെയ്യുന്നുണ്ട്. ലോഹങ്ങളുടെ അവധി വ്യാപാരത്തില്‍ സമാന്തരമായി നിക്ഷേപിച്ചാണ് ഹെഡ്ജിങ് നടത്തുന്നത്. ഇതിലൂടെ 500 കോടി രൂപയുടെ നേട്ടം സെപ്റ്റംബര്‍ പാദത്തില്‍ ഉണ്ടായി.
ഉല്‍പ്പാദന വര്‍ധനവ്, ഉല്‍പ്പാദന ചെലവ് നിയന്ത്രണം, മൂലധന ചെലവ് അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ കുറയുന്നത്, ആഗോള ലോഹ ഡിമാന്‍ഡ് വര്‍ധനവ് തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ഹിന്ദുസ്ഥാന്‍ സിങ്ക് കമ്പനിയുടെ സാമ്പത്തിക ഫലം മെച്ചപ്പെടുമെന്ന് കരുതാം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില -396 രൂപ

നിലവില്‍ 284 രൂപ.

(Stock Recommendation by Systematix Institutional Equities )


Related Articles
Next Story
Videos
Share it