ഇന്നത്തെ ഓഹരി: കല്യാണ്‍ ജൂവലേഴ്സ് (Kalyan Jewellers India Ltd)
1993 ല്‍ തൃശൂരില്‍ റീറ്റെയ്ല്‍ ആഭരണ ബിസിനസ് ആരംഭിച്ച കല്യാണ്‍ ജൂവലേഴ്സ് (Kalyan Jewellers India Ltd) നിലവില്‍ ഇന്ത്യയിലും ഗള്‍ഫ് സഹകരണ രാജ്യങ്ങളിലുമായി (GCC) 150 ല്‍ പ്പരം ആഭരണ വില്‍പ്പന കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
ആഭരണ വിപണിയില്‍ സംഘടിത മേഖല ശക്തമാകുന്നത് കല്യാണ്‍ ജൂവലേഴ്സ് പോലുള്ള റീറ്റെയ്ല്‍ സ്ഥാപനങ്ങള്‍ക്ക് വളര്‍ച്ചയ്ക്കുള്ള അനൂകൂല സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു.
2022 -23 ഒന്നാം പാദത്തില്‍ ഏകീകൃത വരുമാനം (ഇന്ത്യ + ഗള്‍ഫ്) 105 %, ആഭ്യന്തര ബിസിനസ് 115 % ഉയരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
തെക്കേ ഇന്ത്യക്ക് അപ്പുറം വികസനം നടത്തുക എന്ന ലക്ഷ്യത്തോടെ മൂന്ന് പുതിയ കടകള്‍ ആരംഭിച്ചതോടെ ഇന്ത്യയില്‍ വിവിധ ഭാഗങ്ങളിലായി ഇപ്പോള്‍ 127 കടകളായി. ഔറംഗബാദില്‍ ആദ്യ ഫ്രാഞ്ചൈസി ഷോറൂം ആരംഭിച്ചു.
5 എണ്ണം കൂടി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നു. 21 സംസ്ഥാനങ്ങളില്‍ കല്യാണ്‍ ജൂവലേഴ്സിന് സാന്നിധ്യം ഉണ്ട്.
കമ്പനിയുടെ 17 % വിറ്റു വരവ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. അവിടെ വിനോദ സഞ്ചാര മേഖല തിരിച്ചു വരവ് നടത്തിയതോടെ ആഭരണ വില്‍പ്പനയില്‍ വര്‍ധനവ് ഉണ്ടായി. മധ്യ കിഴക്ക് മേഖലയില്‍ (Middle East ) ഇപ്പോള്‍ 31 കടകള്‍ ഉണ്ട്.
ഭാരം കുറഞ്ഞ ആഭരണങ്ങള്‍, കല്ല് വെച്ച ആഭരണങ്ങള്‍ (studded) എന്നിവയ്ക്കാണ് വിപണിയില്‍ ഡിമാന്റ്റ്. ഇത്തരം ആഭരണങ്ങള്‍ പുറത്തിറക്കി തെക്കേ ഇന്ത്യക്ക് പുറത്തുള്ള വിപണികളില്‍ മുന്നേറ്റം നടത്താനാണ് ശ്രമിക്കുന്നത്.
പുതിയ ആഭരണ ഡിസൈനുകള്‍ പുറത്തിറക്കിയും, ഓണ്‍ലൈന്‍ ബിസിനസ് വര്‍ധിപ്പിച്ചും മൊത്തം മാര്‍ജിന്‍ കൂട്ടാന്‍ സാധിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ വര്‍ഷം പ്രഥമ ഓഹരി വില്‍പ്പന യിലൂടെ 1175 കോടി രൂപ സമാഹരിച്ചിരുന്നു. അത് പ്രവര്‍ത്തന മൂലധനത്തിനാണ് ഉപയോഗിച്ചത്.
ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ബിസിനസുകളുടെ സംയോജനത്തിലൂടെ മെച്ചപ്പെട്ട വരുമാനവും, മാര്‍ജിനും ഈ സാമ്പത്തിക വര്‍ഷം നേടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.