ഇതാ, ഇപ്പോള്‍ നിക്ഷേപിക്കാന്‍ നേട്ട സാധ്യതയുള്ള ഒരു ഫാര്‍മ കമ്പനി

ഒരു ദീര്‍ഘകാല നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ പരിഗണിക്കാവുന്ന ഓഹരിയാണ് യൂണികെം ലബോറട്ടറീസ് ലിമിറ്റഡ് (യൂണികെം). നിഷ് തെറാപ്പി മേഖലകളായ ഇന്റി ഇന്‍ഫെക്ടീവ്, ഗ്യാസ്‌ട്രോഎന്റോളജി, ഡയബറ്റോളജി, ന്യൂറോളജി, ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫെക്ടീവ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷാലിറ്റി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണിത്. 1944ല്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയ ഈ കമ്പനി രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഫാര്‍മ കമ്പനികളിലൊന്നാണ്. ഫോര്‍മുലേഷന്‍ മാനുഫാക്ചറിംഗ് ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രേഡിയന്‍സ് മേഖലകളില്‍ കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. 2017ല്‍ യൂണികെം ഇന്ത്യയിലെയും നേപ്പാളിലെയും ഫോര്‍മുലേഷന്‍ ബിസിനസ് ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിന് 3600 കോടി രൂപയ്ക്ക് വില്‍പ്പന നടത്തിയിരുന്നു. ഇപ്പോള്‍ കമ്പനി എക്‌സ്‌പോര്‍ട്ട് മാര്‍ക്കറ്റിലും ഗോവ, ഹിമാചല്‍പ്രദേശ്, യുപി എന്നിവിടങ്ങളിലെ ഫോര്‍മുലേഷന്‍ ഫസിലിറ്റികളിലുമാണ് ശ്രദ്ധയൂന്നുന്നത്. കമ്പനിക്ക് മഹാരാഷ്ട്രയില്‍ രണ്ടും യുപിയില്‍ ഒന്നും ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രേഡിയന്റ്‌സ് ഫാക്ടറികളുണ്ട്. അമേരിക്ക, ബ്രിട്ടന്‍ എന്നീ അങ്ങേയറ്റം റഗുലേറ്റഡ് ആയ വിദേശ വിപണികളില്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്കാണ് കമ്പനി കയറ്റുമതി നടത്തുന്നത്.

എന്തുകൊണ്ട് യൂണികെം?
2021 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ഉല്‍പ്പാദന ശേഷി കൂട്ടാനും പുതിയ ഉല്‍പ്പന്നങ്ങള്‍ ഇറക്കുന്നതിനുമായി 423 കോടി രൂപ മൂലധനനിക്ഷേപം നടത്താനാണ് പദ്ധതിയിട്ടിരുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 163 കോടി രൂപ നിക്ഷേപം നടത്താനാണ് പദ്ധതി. കരുത്തുറ്റ ബാലന്‍സ് ഷീറ്റും മികച്ച ധനലഭ്യതയുമാണ് കമ്പനിക്കുള്ളത്. 2020 സെപ്തംബര്‍ 30ലെ കണക്ക് പ്രകാരം കമ്പനിയുടെ കൈയില്‍ പണമായോ അതിന് തത്തുല്യമായോ 364 കോടി രൂപയുണ്ട്. അതേ സമയം കമ്പനിക്ക് ദീര്‍ഘകാല ബാധ്യതകളില്ല. ഏതാണ്ട് 175 കോടി രൂപയുടെ വര്‍ക്കിംഗ് കാപ്പിറ്റല്‍ വായ്പയെ ഉള്ളൂ. നിരവധി ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റഗുലേറ്റര്‍മാരുടെ അംഗീകാരം നേടിയിരിക്കുന്നതാണ് യൂണികെമിന്റെ മാനുഫാക്ചറിംഗ് യൂണിറ്റുകള്‍.
കമ്പനിയുടെ നിരവധി മരുന്നുകള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ അമേരിക്കന്‍ ഡ്രഗ് റെഗുലേറ്റര്‍ യുഎസ്എഫ്ഡിഎ യുടെ ഒട്ടേറെ അനുമതികള്‍ അടുത്ത കാലങ്ങളില്‍ ലഭിച്ചിട്ടുണ്ട്.

എന്നിരുന്നാലും കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ കമ്പനിയുടെ വരുമാനത്തെയും ലാഭത്തെയും ബാധിച്ചിട്ടുണ്ട്. 2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 1285 കോടി രൂപയാണ്. അറ്റലാഭം 34.3 കോടി രൂപയും. തൊട്ടുമുന്‍വര്‍ഷം കമ്പനിയുടെ വരുമാനം 1302 കോടിയും അറ്റ നഷ്ടം 60.2 കോടി രൂപയും ആയിരുന്നു. കമ്പനിയുടെ ഓഹരിയുടെ മുഖവില രണ്ടുരൂപയാണ്.

വളര്‍ച്ചാ സാധ്യത എന്താണ്?
നിലവില്‍ 330 രൂപയാണ് വിപണി വില. ഭാവിയില്‍ മികച്ച പ്രകടമാകും കമ്പനി കാഴ്ചവെയ്ക്കുന്നതെന്ന് ഞങ്ങള്‍ കണക്കുകൂട്ടുന്നു. കമ്പനിയുടെ ശേഷി വര്‍ധന, കരുത്തുറ്റ ബാലന്‍സ് ഷീറ്റ്, ഡ്രഗ് റെഗുലേറ്റര്‍മാരില്‍ നിന്നുള്ള അനുമതികള്‍, പുതുതായി വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുന്ന മരുന്നുകള്‍, പുതുതായി വരുന്ന നിര്‍മാണ കേന്ദ്രങ്ങള്‍ എ്ന്നിവയെല്ലാം കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്ക് സഹായകരമാകും. റിസ്‌കെടുക്കാന്‍ പറ്റുന്നവര്‍ക്ക് നിക്ഷേപിക്കാന്‍ പറ്റുന്ന സ്‌മോള്‍ കാപ് കമ്പനികളിലൊന്നാണ് യൂണികെം. കമ്പനിയുടെ വിപണി മൂല്യം 2316 കോടി രൂപയാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it