ഇപ്പോള്‍ നിക്ഷേപിക്കാം നേട്ടസാധ്യതയുള്ള ഈ ഓഹരികളില്‍

നേട്ടസാധ്യതയുള്ള നാല് ഓഹരികളാണ് ഈ ആഴ്ച നിര്‍ദേശിക്കുന്നത്.
1. കാവേരി സീഡ് കമ്പനി
ഹൈബ്രിഡ് കോട്ടണ്‍ സീഡ് നിര്‍മാണരംഗത്തെ രാജ്യത്തെ ഏറ്റവും വലിയ ഉല്‍പ്പാദകരാണ് കാവേരി സീഡ് കമ്പനി. ഈ രംഗത്തെ കമ്പനിയുടെ വിപണി വിഹിതം 15 ശതമാനമാണ്. വിത്തുല്‍പ്പാദനത്തിനായി 60,000 ഏക്കറോളം കൃഷിഭൂമി കമ്പനി കൈകാര്യം ചെയ്യുന്നു. കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളും രാജ്യത്തിന്റെ മറ്റിടങ്ങളിലും ഫാമുകളുണ്ട്. രാജ്യവ്യാപകമായി സുശക്തമായ വിതരണ ശൃംഖല കമ്പനിക്കുണ്ട്. ഇന്ത്യയിലെ പ്രധാന 15 സംസ്ഥാനങ്ങളിലായി പ്രത്യക്ഷമായും പരോക്ഷമായും 15,000 ഡിസ്ട്രിബ്യൂട്ടര്‍മാരും റീറ്റെയ്‌ലേഴ്‌സും കമ്പനിക്കുണ്ട്. തന്ത്രപരമായ സ്ഥലങ്ങളിലായി 26 വെയര്‍ഹൗസുകള്‍ കമ്പനിക്കുണ്ട്. ഇതിന്റെ ആകമാന സംഭരണ ശേഷി ആറ് ലക്ഷം ചതുരശ്രയടിയാണ്.

കമ്പനിയുടെ ബിസിനസ് വളര്‍ച്ച 26 ശതമാനമാണ്. പുതിയ ഹൈബ്രിഡ് ഇനങ്ങള്‍ അവതരിപ്പിച്ചതും കമ്പനിയുടെ പ്രധ്ാന ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിച്ചതും ഗുണകരമായിട്ടുണ്ട്. നെല്ല്, പച്ചക്കറി വിത്തിനങ്ങളിലേക്ക് കൂടി കമ്പനി ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണം നടപ്പാക്കിയിട്ടുണ്ട്. മൊത്തം വില്‍പ്പനയില്‍ ഈ വിത്തിനങ്ങളുടെ വില്‍പ്പന വിഹിതവും കൂടി വരുന്നു. മാത്രമല്ല, ഇവയില്‍ നിന്ന് താരതമ്യേന ഉയര്‍ന്ന മാര്‍ജിന്‍ കമ്പനിക്ക് ലഭിക്കുന്നുമുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കോട്ടണ്‍ മേഖലയില്‍ 5-7 ശതമാനം വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ടാര്‍ഗറ്റ് പ്രൈസ്: 800 രൂപ
2. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ
പൊതുമേഖലയിലെ മഹാരത്‌ന കമ്പനിയാണിത്. ഗുരുഗ്രാം ആസ്ഥാനമായുള്ള ഈ കമ്പനി രാജ്യത്ത് ഊര്‍ജ്ജ വിതരണ രംഗത്തെ വമ്പന്മാരാണ്. മൂന്ന് ഓഹരിക്ക് ഒരെണ്ണം വീതം ബോണസ് ഓഹരി പ്രഖ്യാപിച്ചിട്ടുള്ള കമ്പനിയാണിത്. പവര്‍ ട്രാന്‍സ്മിഷന്‍ രംഗത്ത് വരുന്ന വലിയ നിക്ഷേപത്തിന്റെ ഗുണഫലം പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കും ലഭിക്കും. പിജിസിഐഎല്‍ ടെന്‍ഡര്‍ സമര്‍പ്പിക്കുന്ന പ്രോജക്ടുകളില്‍ 50 ശതമാനവും നേടിയെടുക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഈ മേഖലയിലെ ഇതര കമ്പനികളില്‍ നിന്ന് പിജിസിഐഎല്ലിനുള്ള മേല്‍ക്കോയ്മയാണ് ഇതിലൂടെ വെളിവാകുന്നതും.

ടാര്‍ഗറ്റ് പ്രൈസ്: 275 രൂപ
3. ടാറ്റ കണ്‍സ്യുമര്‍
ടാറ്റ ഗ്ലോബല്‍ ബിവ്‌റേജസ് ലിമിറ്റഡ് എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ് ടാറ്റ ഗ്രൂപ്പിന് കീഴിലെ ഒരു ഇന്ത്യന്‍ ബഹുരാഷ്ട്ര നോണ്‍ - ആല്‍ക്കഹോളിക് ബിവ്‌റേജസ് കമ്പനിയാണ്. ടാറ്റ ടീ, ടെറ്റ്‌ലി, ഗുഡ് എര്‍ത്ത് ടീസ് എന്നീ ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളാണ്. സോള്‍ഫുള്‍ ഏറ്റെടുത്തുകൊണ്ട് ആ മേഖലയിലെ സാധ്യതകളും കമ്പനി ഉപയോഗിക്കുകയാണ്. സാമ്പത്തിക രംഗത്ത് തിരിച്ചുവരവ് ഉണ്ടാകുന്നതോടെ കമ്പനിയുടെ പ്രകടനം ഏറെ മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് ഞങ്ങള്‍ക്കുള്ളത്. സോള്‍ഫുള്‍ ബ്രാന്‍ഡിന്റെ ഉടമകളായ കോട്ടാരം അഗ്രോ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി കമ്പനിയുടെ 100 ശതമാനം ഓഹരികളും സ്വന്തമാക്കാനുള്ള കരാറില്‍ ഈ ടാറ്റ കമ്പനി ഏര്‍പ്പെട്ടിട്ടുണ്ട്. പാക്കേജ്ഡ് ഫുഡ് ഇന്‍ഡസ്ട്രിയിലേക്കുള്ള കമ്പനിയുടെ കടന്നുവരവിനെ ഈ ഏറ്റെടുക്കല്‍ കൂടുതല്‍ ശക്തിപ്പെടുത്തും. കമ്പനിയുടെ മാനേജ്‌മെന്റ് ബിസിനസുകള്‍ റീ ബാലന്‍സ് ചെയ്തു വരികയാണ്. ടാറ്റ സ്റ്റാര്‍ബക്‌സ് ബിസിനസും സാധാരണ നിലയിലാകുകയാണ്. 93 ശതമാനം സ്‌റ്റോറുകളും 50 ശതമാനം ഡൈനിംഗ് കപ്പാസിറ്റിയോടെ തുറന്നിട്ടുണ്ട്. മൂന്ന് നഗരങ്ങളില്‍ 13 പുതിയ സ്റ്റോറുകളും തുറന്നു. ഇന്ത്യന്‍ ബിസിനസുകളിലുള്ള വര്‍ധനയും ഡിജിറ്റൈസേഷനും വരും ത്രൈമാസങ്ങളില്‍ കമ്പനിയുടെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.

ടാര്‍ഗറ്റ് പ്രൈസ്: 800 രൂപ
4. സെന്‍സാര്‍ ടെക്‌നോളജീസ്
കോര്‍ ബിസിനസില്‍ നല്‍കിയ കുറഞ്ഞ ശ്രദ്ധയും ശിഥിലമായ വെര്‍ട്ടിക്കലുകളും സെയ്ല്‍സും മറ്റും കാലങ്ങളായി കമ്പനിയെ ബുദ്ധിമുട്ടിലാക്കിയിരുന്നു. എന്നാല്‍ പരിചയ സമ്പന്നരായ കമ്പനികളെ ഏറ്റെടുത്ത് സെന്‍സാര്‍ തങ്ങളെ അലട്ടിയിരുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുകയാണ്. പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ബിസിനസുകളെ കമ്പനിയുടെ അതത് മേഖലയിലെ കരുത്തും കഴിവും അടിസ്ഥാനമാക്കി പുനക്രമീകരിക്കുകയാണ്. ക്ലൗഡ് ഹെപ്പര്‍സ്‌കലറില്‍ നിക്ഷേപം നടത്തിയിട്ടുള്ള സെന്‍സാര്‍ ശേഷി കൂട്ടാനായി ഏറ്റെടുക്കലുകളും നടത്തുന്നുണ്ട്.

വില്‍പ്പന കൂട്ടാനും ടീമിനെ ശക്തിപ്പെടുത്താനും കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്. വരുമാന ചോര്‍ച്ച ഒഴിവാക്കാനുള്ള മുന്‍കരുതലുകളും കമ്പനി സ്വീകരിച്ചിട്ടുണ്ട്. കമ്പനിയുടെ വരുമാനത്തില്‍ ആരോഗ്യകരമായ വര്‍ധന വരും നാളുകളില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ടാര്‍ഗറ്റ് പ്രൈസ്: 340 രൂപ


Related Articles

Next Story

Videos

Share it