അദാനി ഗ്രൂപ്പിലെ ഈ കമ്പനിയില്‍ ഇപ്പോള്‍ നിക്ഷേപിക്കാം

അദാനി കമ്പനികള്‍ ഓഹരി വിപണിയില്‍ വിയര്‍ക്കുന്ന നാളുകളാണിത്. എന്നാല്‍ അതിന് മുമ്പുവരെ സ്വപ്‌നസമാനമായ കുതിപ്പാണ് കാഴ്ചവെച്ചത്. കഴിഞ്ഞ വ്യാഴാഴ്ച, ജൂണ്‍ 11 മുതല്‍, അദാനി കമ്പനികള്‍ക്കെതിരെ നിരവധി നെഗറ്റീവ് വാര്‍ത്തകള്‍ വരുന്നുണ്ട്. അദാനി കമ്പനികളില്‍ നിക്ഷേപിച്ചിരിക്കുന്ന വിദേശ നിക്ഷേപക സ്ഥാപനങ്ങളെ കേന്ദ്രമാക്കിയാണ് ഇപ്പോഴത്തെ വിവാദം. ഇതിന്റെ മറ്റൊരു വശം നമുക്ക് നോക്കാം. വളരെ ഇന്നൊവേറ്റീവായ വെല്‍ത്ത് ക്രിയേറ്ററാണ് ഗൗതം അദാനി. രാജ്യത്തെ ഏറ്റവും ഡൈനാമിക്കായ സംരംഭകനുമാണ്. അദാനി എന്റര്‍പ്രൈസസില്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഗൗതം അദാനി തന്റെ ബിസിനസ് സാമ്രാജ്യത്തിലെ ഉപ കമ്പനികളെ ലിസ്റ്റി ചെയ്യുന്നത് ഡീമെര്‍ജിംഗ് രീതിയിലാണ്. അതായത് മാതൃകമ്പനിയില്‍ നിക്ഷേപം നടത്തിയിരിക്കുന്നവര്‍ക്കെല്ലാം ഉപകമ്പനി ലിസ്റ്റ് ചെയ്യുമ്പോള്‍ ഓഹരി ലഭിക്കും. എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ള സമ്പദ് സൃഷ്ടിക്കുന്ന ഈ രീതി തന്നെയാണ് ഗൗതം അദാനിയെ വ്യത്യസ്തനാക്കുന്നത്. ഇപ്പോള്‍ വാര്‍ത്തകളില്‍ വരുന്ന വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് അദാനി ഗ്രൂപ്പിന്റെ ഇതര കമ്പനികളില്‍ ഓഹരികള്‍ ലഭിച്ചതും ഡിമെര്‍ജിംഗ് നടത്തി ലിസ്റ്റ് ചെയ്തപ്പോഴാണ്.

ഗൗതം അദാനിക്ക് ഉപകമ്പനികളുടെ ലിസ്റ്റിംഗിന് പല മാര്‍ഗങ്ങളുണ്ടായിട്ടും അദ്ദേഹം ഈ രീതി സ്വീകരിച്ചത് ശരിയായ, സുതാര്യമായ ഒരു മാര്‍ഗമായതുകൊണ്ടുകൂടിയാണ്.

ഈ ഡിജിറ്റല്‍ യുഗത്തില്‍ തെറ്റായ പ്രവര്‍ത്തികള്‍ ചെയ്യാന്‍ മാത്രം വിഡ്ഢിയല്ല ഗൗതം അദാനി. ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ പാഷവും വിഷനും എല്ലാമുള്ള ബുദ്ധിമാനായ, ചടുല നീക്കങ്ങള്‍ നടത്തുന്ന സംരംഭകനാണ്.

ഇപ്പോള്‍ അദാനി ഗ്രൂപ്പിനെതിരെ പറയുന്നവരെല്ലാം അദാനി ഗ്രൂപ്പും ഗൗതം അദാനിയും എവിടെയാണ് നിക്ഷേപിക്കുന്നതെന്ന് സൂക്ഷ്മമായി പഠിക്കേണ്ടിയിരിക്കുന്നു. ഗൗതം അദാനി നിക്ഷേപം നടത്തുന്നത് പുതുതലമുറ ബിസിനസുകളിലും ഏതൊരു രാജ്യത്തിനും ഏറ്റവും അനിവാര്യമായ അടിസ്ഥാന സൗകര്യ മേഖലകളിലുമാണ്. പല രംഗത്തേക്കും ഏറ്റവുമാദ്യം കടന്നെത്തുകയും ഏറ്റവും മികച്ച കമ്പനികള്‍ കെട്ടിപ്പടുക്കുകയും ചെയ്തിരിക്കുന്ന സംരംഭകനാണ് ഗൗതം അദാനി.

ഈ വിവാദങ്ങള്‍ തലപൊക്കും മുമ്പേ ഏഷ്യയിലെ രണ്ടാമത്തെ വലിയ അതിസമ്പന്നനായ ഗൗതം അദാനിയുടെ സമ്പത്ത് 77 ബില്യണ്‍ ഡോളറായിരുന്നു. സമ്പത്തില്‍ 10 ശതമാനം വര്‍ധനയുണ്ടായിരുന്നുവെങ്കില്‍ ഏഷ്യയിലെ അതിസമ്പന്നനായ മുകേഷ് അംബാനിയുടെ സമ്പത്തായ 84 ബില്യണ്‍ ഡോളറിനെ മറികടക്കാന്‍ സാധിക്കുമായിരുന്നു. അങ്ങനെ ഏഷ്യയിലെ അതിസമ്പന്നന്‍ എന്ന പദവി ഗൗതം അദാനിയിലേക്ക് എത്തിയേനെ.
അദാനി കമ്പനികള്‍ സമ്മാനിച്ച സമ്പത്ത്
അദാനി പോര്‍ട്ട് നിക്ഷേപത്തിന് നിര്‍ദേശിക്കും മുമ്പ്, അദാനി കമ്പനികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയ നേട്ടം നോക്കാം.

1994ല്‍ അദാനി എന്റര്‍പ്രൈസസ് ഐപിഒ നടത്തിയപ്പോള്‍ 15000 രൂപയ്ക്ക് 100 ഓഹരികള്‍ വാങ്ങിയ ഒരു നിക്ഷേപകന്റെ കൈവശം ഇപ്പോള്‍ 8000 ഓഹരികളുണ്ടാകും. ഓഹരി വിഭജനവും ബോണസ് ഓഹരികളും ചേര്‍ന്നപ്പോഴാണ് 100 ഓഹരി 8000 ഓഹരിയായിരിക്കുന്നത്. ഈ നിക്ഷേപകന്‍ അവകാശ ഓഹരി കൂടി വാങ്ങിയിരുന്നുവെങ്കില്‍ ജൂണ്‍ 15ലെ കണക്ക് പ്രകാരം ഓഹരികളുടെ എണ്ണം 8500 ആയിരിക്കും.

പിന്നീട് അദാനിയുടെ ഉപകമ്പനികള്‍ ലിസ്റ്റിംഗ് നടത്തിയപ്പോള്‍ ഈ നിക്ഷേപകന് അതിലെല്ലാം ഓഹരി ലഭിച്ചിട്ടുണ്ട്. അതായത് അദാനി ട്രാന്‍സ്മിഷനില്‍ സൗജന്യമായി 8,000 ഓഹരി ( അവകാശ ഓഹരി അടക്കം 8,500 എണ്ണം), അദാനി പോര്‍ട്‌സില്‍ 11,298 എണ്ണം (അവകാശ ഓഹരി അടക്കം 12,004), അദാനി പവറിന്റെ 14,876 ഓഹരികള്‍ (അവകാശ ഓഹരി അടക്കം 15,806), അദാനി ഗ്രീന്‍ എനര്‍ജിയില്‍ 6,088 ഓഹരികള്‍ (അവകാശ ഓഹരി അടക്കം 6,468) അദാനി ടോട്ടല്‍ ഗ്യാസില്‍ 8,000 സൗജന്യ ഓഹരികള്‍ (അവകാശ ഓഹരി അടക്കം 8,500) ഇത്രയേറെ ഓഹരികള്‍ ആ നിക്ഷേപകന് ഇതിനകം ലഭിച്ചിട്ടുണ്ടാകും.

ചുരുക്കി പറഞ്ഞാല്‍ 15,000 രൂപയുടെ നിക്ഷേപത്തിന്റെ മൂല്യം ഇപ്പോള്‍ ലഭിച്ച ഡിവിഡന്റുകള്‍ ഉള്‍പ്പടെ 5,31,57,661 ആയിരിക്കും. നിക്ഷേപകന്‍ അവകാശ ഓഹരികള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ മൊത്തം നിക്ഷേപം 2,52,500 രൂപയായിരിക്കും. ആ നിക്ഷേപത്തിന്റെ മൂല്യമിപ്പോള്‍ 5,64,66,821 രൂപയാണ്. എല്ലാ കമ്പനികളില്‍ നിന്നുള്ള ഡിവിഡന്റ് ഉള്‍പ്പടെയാണിത്.

ഇതുകൊണ്ടാണ് ഗൗതം അദാനിയെ ഇന്ത്യന്‍ ഓഹരി വിപണിയിലെ എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ള സമ്പദ് സൃഷ്ടിക്കല്‍ രീതിയിലെ ഹീറോയെന്ന് ഞാന്‍ വിശേഷിപ്പിക്കുന്നത്.
അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ്
ഒരു രാജ്യത്തില്‍ പോര്‍ട്ടുകള്‍ വഹിക്കുന്ന പങ്കിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. ഇന്ത്യ വികസിക്കുമ്പോള്‍ രാജ്യത്തെ പോര്‍ട്ടുകളും വികസിക്കും. 900 രൂപയോളം ഉയര്‍ന്ന അദാനി പോര്‍ട്ട് ഓഹരി വിലകള്‍ ഇപ്പോള്‍ 730 റേഞ്ചിലാണ്. ടെക്‌നോളജിയാല്‍ മുന്നോട്ട് നയിക്കപ്പെടുന്ന ഇന്റഗ്രേറ്റഡായ പോര്‍ട്ടുകളാണ് അദാനിയുടേത്. അത്യാധുനിക സംവിധാനങ്ങളാണ് ഇവയുടെ സവിശേഷത. ഇന്ത്യയില്‍ 12 പോര്‍ട്ടുകളും ടെര്‍മിനലുകളും കമ്പനിക്കുണ്ട്. വിദേശത്ത് ഇതുകൂടാതെ രണ്ടെണ്ണവും 15,000 ഹെക്ടര്‍ വ്യാവസായികാവശ്യത്തിനുള്ള ഭൂമി കൈവശമുണ്ട്. നാല് ലക്ഷം ചതുരശ്രയടി വെയര്‍ഹൗസിംഗും കമ്പനിക്ക് ഇന്ത്യയിലുണ്ട്.

കമ്പനിക്ക് കടമുണ്ട്. പക്ഷേ വന്‍തോതില്‍ മൂലധന നിക്ഷേപം വേണ്ടിവരുന്ന കമ്പനികള്‍ കടമെടുത്ത് തന്നെയാണ് അത് നടത്തുക. കടം നല്ല കാര്യമല്ലെങ്കിലും കമ്പനിയുടെ പ്രവര്‍ത്തനവും വിഷനും എല്ലാം കണക്കിലെടുക്കുമ്പോള്‍ അത് വലിയ പ്രശ്‌നമല്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുന്ന ഒരാള്‍ക്ക് അദാനി പോര്‍ട്‌സ് നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്. സോഫ്റ്റ് വെയര്‍ അല്ലാതുള്ളതെല്ലാം കയറ്റുമതി ചെയ്യാനും ഇറക്കുമതി ചെയ്യാനുമൊക്കെ പോര്‍ട്ടുകള്‍ വേണം. ഈ കോവിഡ് കാലത്തും രാജ്യത്തെ കയറ്റുമതി കൂടിയിട്ടേയുള്ളൂ. അതുകൊണ്ട് ഭാവി സാധ്യതയുള്ള മേഖലയില്‍ തന്നെയാണ് അദാനി ഗ്രൂപ്പിന്റെ ഈ കമ്പനിയുള്ളത്. അതുകൊണ്ട് നിക്ഷേപത്തിന് യോജ്യവുമാണ്. ഓര്‍ക്കുക, ദീര്‍ഘകാല നിക്ഷേപകര്‍ക്കാണ് ഈ കമ്പനി ഏറെ നേട്ടം സമ്മാനിക്കുക.

ഈ കമ്പനിയുടെ 63 ശതമാനത്തിലേറെ ഓഹരികള്‍ പ്രെമോര്‍ട്ടറുടെ കൈവശമാണ്. 32 ശതമാനത്തോളം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍/ ആഭ്യന്തര നിക്ഷേപകര്‍ എന്നിവരുടെ കൈവശമാണ്. ചുരുങ്ങിയ ശതമാനമാണ് റീറ്റെയ്ല്‍ നിക്ഷേപകരുടെ കൈവശമുള്ളത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it