രണ്ട് ഏറ്റെടുക്കലുകള്‍ ഈ കമ്പനിയെ ശക്തമാക്കും, ഓഹരിയില്‍ മുന്നേറ്റ സാധ്യത

രണ്ട് കമ്പനികളെ ഏറ്റെടുത്ത് ശക്തമാവുകയാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ് (Tata Consumer Products Ltd). ഇതിലൂടെ ഇരട്ട അക്ക വളര്‍ച്ചയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ 34 പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. ധനം ഓണ്‍ലൈനില്‍ ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം 2023 മെയ് 26ന് നല്‍കിയിരുന്നു (Stock Recommendation by Motilal Oswal Investment Services).

അന്നത്തെ ലക്ഷ്യ വില 910 രൂപ ഭേദിച്ച് 2024 ജനുവരി 15ന് 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന വില 1216.30 ല്‍ എത്തി. തുടര്‍ന്ന് ലാഭ മെടുപ്പില്‍ വില കുറഞ്ഞു. ഓഹരിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍:

1. ഇന്ത്യന്‍ നിര്‍മിത ചൈനീസ് രുചിയോടെ ഉണ്ടാക്കുന്ന ചട്‌നി, മസാല, ബ്ലെന്‍ഡഡ് സൂപ്, സോസ് എന്നിവ വില്‍ക്കുന്ന ക്യാപ്പിറ്റല്‍ ഫുഡ്‌സ് എന്ന കമ്പനിയും ആരോഗ്യം-വെല്‍നെസ് വിഭാഗത്തില്‍ പെട്ട ഓര്‍ഗാനിക് ഇന്ത്യ എന്ന ബ്രാന്‍ഡും കമ്പനിയെ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് ഏറ്റെടുക്കലുകളും 2023-24 നാലാം പാദത്തില്‍ പൂര്‍ത്തിയാകും. ഇതിലൂടെ ഉയര്‍ന്ന ഇരട്ട അക്ക വളര്‍ച്ചയും മാര്‍ജിന്‍ വര്‍ധനവും പ്രതീക്ഷിക്കുന്നു.

2022-23 മുതല്‍ 2025-26 കാലയളവില്‍ 10.4 ശതമാനം സംയുക്ത വാര്‍ഷിക വരുമാന വളര്‍ച്ച, നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ആദായം (EBITDA) 15 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു. ഏറ്റെടുക്കലുകള്‍ക്ക് പണം കണ്ടെത്തുന്നത് ബാലന്‍സ് ഷീറ്റില്‍ ഉള്ള കരുതല്‍ പണം എടുത്തും കടപ്പത്രങ്ങള്‍ വഴിയും അവകാശ ഓഹരികള്‍ പുറത്തിറക്കിയുമാണ്.

2. ഏറ്റെടുത്ത രണ്ടു കമ്പനികളുടെയും മൊത്തം മാര്‍ജിന്‍ 50 ശതമാനത്തില്‍ അധികമാണ്. ടാറ്റ കണ്‍സ്യൂമര്‍ കമ്പനിയുടെ ശരാശരി മാര്‍ജിന്‍ 14 ശതമാനം. അതിനാല്‍ ഈ ഏറ്റെടുക്കലുകള്‍ വന്‍ നേട്ടം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

3. ഇന്ത്യയിലും വിദേശത്തും പ്രചാരത്തില്‍ മുന്നില്‍ നില്‍ക്കുന്ന ബ്രാന്‍ഡുകളാണ് ടാറ്റ കണ്‍സ്യൂമര്‍ കമ്പനിയുടെ കരുത്ത് - ടാറ്റ ടീ, ടെറ്റ്‌ലി, ടാറ്റ സോള്‍ട്ട്, ടാറ്റ സമ്പന്‍ തുടങ്ങിയവ അതില്‍പ്പെടും.

4. വിതരണം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ശക്തമാക്കാന്‍ കമ്പനിക്ക് സാധിച്ചു. 15 ലക്ഷം ഔട്ട്‌ലെറ്റുകളില്‍ ലഭിച്ചിരുന്ന ടാറ്റ ഉത്പന്നങ്ങള്‍ ഇപ്പോള്‍ 38 ലക്ഷം ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാണ്. നേരിട്ട് വിതരണം നടത്തുന്ന ഔട്ട്‌ലൈറ്റുകളുടെ എണ്ണം 5 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമായി.

5. പന്ത്രണ്ടായിരത്തിലധികം കര്‍ഷകരുമായി ബന്ധപെട്ട് പ്രവര്‍ത്തിക്കുന്നു. തുളസിയുടെ വാണിജ്യ അടിസ്ഥാനത്തിലുള്ള കൃഷി ആരംഭിച്ചു. ഔഷധ സസ്യങ്ങളുള്‍പ്പെടെയുള്ളവയുടെ കൃഷി ഏറ്റെടുത്തത് ഓര്‍ഗാനിക് ഇന്ത്യയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വിപുലപ്പെടുത്താന്‍ സഹായിക്കും.

6. കയറ്റുമതി വര്‍ധിപ്പിശേഷി വിനിയോഗം വര്‍ധിപ്പിക്കാനും, നിശ്ചിത ചെലവുകള്‍ ക്രമീകരിക്കാനും, വിപണന ചെലവ് കുറയ്ക്കാനും, ഇകോമേഴ്സ് ബിസിനസ് വികസിപ്പിക്കാനും കമ്പനി ശ്രമം നടത്തുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)

ലക്ഷ്യ വില -1,322 രൂപ

നിലവില്‍ - 1,147 രൂപ

Stock Recommendation by KR Choksey Research.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it