തെക്കേ ഇന്ത്യക്ക് പുറത്ത് വിപണി വികസിപ്പിക്കുന്നു, ഈ കേരള കമ്പനി ഓഹരി ആദായകരമോ?
ഉപയോക്തൃ വൈദ്യുത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചു വില്‍ക്കുന്ന പ്രമുഖ കേരള കമ്പനിയായ വി-ഗാര്‍ഡ് (V Guard Industries)രണ്ടു കമ്പനികളെ അടുത്തിടെ ഏറ്റെടുത്തു. തെക്കേ ഇന്ത്യക്ക് പുറത്തുള്ള വിപണികളിലേക്ക് വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
2023-24 ജൂണ്‍ പാദത്തില്‍ വരുമാനത്തിലും മാര്‍ജിനിലും വര്‍ധനയുണ്ടായ സാഹചര്യത്തില്‍ ഓഹരിയുടെ മുന്നേറ്റ സാധ്യത അറിയാം:
1. 2023-24 ജൂണ്‍ പാദത്തില്‍ ഏകീകരിക്കപ്പെട്ട വരുമാനത്തില്‍ 19.3% വര്‍ധനവ് രേഖപ്പെടുത്തി, 1,215 കോടി രൂപയായി. ഏറ്റെടുത്ത കമ്പനിയായ സണ്‍ ഫ്‌ളെയ്മില്‍ നിന്നുള്ള വരുമാനം ഒഴിച്ചാല്‍ 13.1% വാര്‍ഷിക വളര്‍ച്ച നേടാന്‍ സാധിച്ചു.
2. തെക്കേ ഇന്ത്യന്‍ വിപണി 9.9% വളര്‍ച്ച കൈവരിച്ചു, മറ്റ് വിപണികളില്‍ 16.7% വളര്‍ച്ച നേടാന്‍ സാധിച്ചു. വടക്കേ ഇന്ത്യയില്‍ പ്രതികൂല വേനല്‍ കാലാവസ്ഥ ഉണ്ടായിട്ടും വരുമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു.
3. തെക്കേ ഇന്ത്യന്‍ വിപണിയില്‍ ഇ-കോമേഴ്സ് വഴിയും സണ്‍ ഫ്‌ളെയിം ഉല്‍പ്പന്നങ്ങളുടെ വിപണി ശക്തിപ്പെടുത്താനാണ് ലക്ഷ്യം. സണ്‍ ഫ്‌ളെയിം ഒഴികെ ഉള്ള ഉൽപ്പന്നങ്ങള്‍ക്ക് വടക്കേ ഇന്ത്യയില്‍ വിപണി വികസിപ്പിക്കാനാണ് ശ്രമം.
4.മൊത്തം മാര്‍ജിന്‍ 32.5 ശതമാനമായി ഉയര്‍ന്നു (മുന്‍പ് 30%). ചെമ്പ് ഒഴികെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ വില കുറഞ്ഞത് മാര്‍ജിന്‍ മെച്ചപ്പെടുത്താന്‍ സഹായകരമായി.
5. ഉല്‍പ്പന്നങ്ങള്‍ പുറത്തു ഉണ്ടാക്കുന്നതിന് പകരം സ്വന്തമായി നിര്‍മിക്കുന്നത് വർധിപ്പിക്കുന്നതിലൂടെ ലാഭക്ഷമത ഉയരും.
6.കഴിഞ്ഞ 7-8 വര്‍ഷങ്ങളില്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വിഭാഗത്തിലാണ് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയത്. അതില്‍ വാട്ടര്‍ ഹീറ്റര്‍, ഫാന്‍ എന്നിവയാണ് പ്രധാന ഉല്‍പ്പന്നങ്ങള്‍. വാട്ടര്‍ ഹീറ്റര്‍ വിഭാഗത്തില്‍ ഉയര്‍ന്ന വിലയുള്ള മോഡലുകള്‍ വിറ്റഴിയാനുണ്ട്. കാലാവസ്ഥ അനുകൂലമാകാത്തത് കൊണ്ടാണ് വിറ്റഴിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നത്. കെട്ടിക്കിടക്കുന്ന ഉൽപ്പന്നങ്ങള്‍ ഒക്ടോബറോടെ വിറ്റഴിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.
7. 400 കോടി രൂപയുടെ കടം എടുത്തതില്‍ 100 കോടി രൂപ തിരിച്ചടച്ചു, സ്വിച്ച്, സ്വിച്ച് ഗിയര്‍ ബിസിനസ് പ്രതീക്ഷിച്ചത് പോലെ വളര്‍ച്ച കൈവരിച്ചില്ല.
8. തെക്കേ ഇന്ത്യ ഒഴികെയുള്ള വിപണികളില്‍ നിന്നുള്ള വരുമാനം മൊത്തം വരുമാനത്തിന്റെ 50% കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം 100 കോടി രൂപയുടെ മൂലധന ചെലവ് നടത്താന്‍ ഉദ്ദേശിക്കുന്നു. ആഭ്യന്തര നിര്‍മാണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് പണം വിനിയോഗിക്കുന്നത്. ഓരോ വര്‍ഷവും 3,000-4,000 പുതിയ റീറ്റെയ്ല്‍ വിതരണക്കാരെ ചേര്‍ക്കാനാണ് ലക്ഷ്യം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-ശേഖരിക്കുക (Accumulate)
ലക്ഷ്യ വില-305 രൂപ (ഈ വിലയിലേക്കു താഴുമ്പോൾ ഓഹരി വാങ്ങാൻ)
നിലവില്‍- 313 രൂപ
Stock Recommendation by Nirmal Bang Research