ഈ ആഴ്ച നിക്ഷേപത്തിന് പരിഗണിക്കാന്‍ 4 ഓഹരികള്‍

ഐ.ടി മേഖലയ്ക്ക് വിദേശ ഓര്‍ഡറുകള്‍ പൊതുവെ കുറഞ്ഞെങ്കിലും ചില കമ്പനികള്‍ക്ക് വലിയ ഓര്‍ഡറുകള്‍ കരസ്ഥമാക്കാന്‍ സാധിച്ചിട്ടുണ്ട്. വൈദ്യുത വാഹനങ്ങളുടെ വില്‍പ്പന വര്‍ധിക്കുന്നതും ബി.എസ് IV മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതും കാരണം ഓട്ടോ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനികള്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വികസിപ്പിക്കുന്ന തിലേക്ക് ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. നിര്‍മാണ, അടിസ്ഥാന സൗകര്യ വികസനം സിമന്റ് വിപണിക്ക് ശക്തി പകരുന്നു. ബാങ്കിംഗ് മേഖല വായ്പ വളര്‍ച്ചയുടെ പിന്‍ബലത്തില്‍ ശുഭപ്രതീക്ഷയിലാണ്. ഈ സാഹചര്യത്തില്‍ പരിഗണിക്കാവുന്ന 4 ഓഹരികള്‍:

1. ഇന്‍ഫോസിസ് ലിമിറ്റഡ് (Infosys Ltd): പ്രമുഖ ഐ.ടി സോഫ്റ്റ്വെയര്‍ കമ്പനിയായ ഇന്‍ഫോസിസ് 2023-24 മാര്‍ച്ച് പാദത്തില്‍ വരുമാനത്തില്‍ 2.2 ശതമാനം പാദാധിഷ്ടിത കുറവ് രേഖപെടുത്തിയെങ്കിലും വലിയ ഓര്‍ഡറുകള്‍ കരസ്ഥമാക്കാന്‍ സാധിച്ചത് നേട്ടമായി. 45 കോടി ഡോളര്‍ മൂല്യമുള്ള വലിയ ഓര്‍ഡറുകളാണ് മാര്‍ച്ച് പാദത്തില്‍ കരസ്ഥമാക്കിയത്. 2023-24 മൊത്തത്തില്‍ കരസ്ഥമാക്കിയത് 177 കോടി ഡോളര്‍ മൂല്യമുള്ള ഓഡറുകള്‍. ഊര്‍ജം, കമ്യൂണിക്കേഷന്‍സ്, ഉത്പാദനം, ജീവ ശാസ്ത്രം എന്നീ വെര്‍ട്ടിക്കലുകളാണ് ശോഭിച്ചത്.
യൂറോപ്പ് ബിസിനസ് മികച്ച വളര്‍ച്ച കൈവരിച്ചപ്പോള്‍ അമേരിക്ക, ഇന്ത്യന്‍ ബിസിനസ് വളര്‍ച്ചയില്‍ മുരടിപ്പ് ഉണ്ടായി. 2023-24 ഡിസംബര്‍ പാദത്തില്‍ നികുതിക്കും പലിശയ്ക്കും മുന്‍പുള്ള ആദായം 4.3 ശതമാനം കുറഞ്ഞ് 7,621 കോടി രൂപയായി. എന്നാല്‍ മാര്‍ജിന്‍ 20.1 ശതമാനം നേടാന്‍ സാധിച്ചു. 2024-25ല്‍ 20-22 ശതമാനം മാര്‍ജിന്‍ നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അറ്റാദായത്തില്‍ 30.5 ശതമാനം വളര്‍ച്ച മാര്‍ച്ച് പാദത്തില്‍ നേടാന്‍ സാധിച്ചു -7975 കോടി രൂപ. അറ്റാദായ മാര്‍ജിന്‍ മെച്ചപ്പെട്ട് 21 ശതമാനം. 2023-24 മാര്‍ച്ച് പാദ പ്രവര്‍ത്തന ഫലം നിരാശപെടുത്തിയെങ്കിലും 2024-25ല്‍ സ്ഥിതി മെച്ചപ്പെടുമെന്ന് കരുതുന്നു.
ജനറേറ്റീവ് നിര്‍മിത ബുദ്ധി (ജനറേറ്റീവ് എ ഐ ), ക്ലൗഡ് സേവനങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നത് ഇന്‍ഫോസിസിന് നേട്ടമാകും. 2023-24 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 3.5 ശതമാനം, നികുതിക്കും പലിശക്കും മുന്‍പുള്ള ആദായത്തില്‍ 6.1 ശതമാനം എന്നിങ്ങനെ സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ എന്‍ജിനീയറിംഗ് ഗവേഷണ വികസന രംഗത്ത് ജര്‍മന്‍ ഓട്ടോമൊബൈല്‍ വ്യവസായങ്ങള്‍ക്ക് ഉത്പന്നങ്ങള്‍, സേവനങ്ങള്‍ നല്‍കുന്ന ജര്‍മന്‍ കമ്പനിയെ ഏറ്റെടുക്കാന്‍ ധാരണയായി. ഈ കമ്പനിക്ക് 2,200 ജീവനക്കാരുണ്ട് . ഓട്ടോമോട്ടീവ് വെര്‍ട്ടിക്കല്‍ ശക്തിപ്പെടുത്താന്‍ ഈ ഏറ്റെടുക്കല്‍ സഹായിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-വാങ്ങുക (Buy)
ലക്ഷ്യ വില- 1738 രൂപ
നിലവില്‍ വില- 1411.60 രൂപ
Stock Recommendation by Religare Broking.

2. അംബുജ സിമന്റ്‌സ് (Ambuja Cements Ltd): അദാനി ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള അംബുജ സിമന്റ്‌സ് കമ്പനിക്ക് 8,340 കോടി രൂപ വാറണ്ട് പരിവര്‍ത്തനത്തിന്റെ ഭാഗമായി അവസാന ഗഡു അദാനി ഗ്രൂപ്പ് കൈമാറി. മൊത്തം 20,000 കോടി രൂപയാണ് അദാനി ഗ്രൂപ്പ് കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ നിക്ഷേപിച്ചത്. അതോടെ പ്രൊമോട്ടറുടെ ഓഹരി പങ്കാളിത്തം 63.2 ശതമാനത്തില്‍ നിന്ന് 70.3 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 414 കോടി രൂപയ്ക്ക് തൂത്തുക്കുടിയില്‍ 15 ലക്ഷം ടണ്‍ വാര്‍ഷിക ശേഷിയുള്ള ഗ്രൈന്‍ഡിംഗ് യൂണിറ്റ് ഏറ്റെടുത്തു. മൊത്തം 61 ഏക്കര്‍ സ്ഥലത്താണ് ഈ സംവിധാനം സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്, കേരള വിപണിക്ക് ആവശ്യമായ ഉത്പാദനം ഇവിടെ സാധ്യമാകുമെന്ന് കരുതുന്നു. പുതിയ ഗ്രൈന്‍ഡിംഗ് യൂണിറ്റ് ഏറ്റെടുത്തതോടെ മൊത്തം ഉത്പാദന ശേഷി പ്രതിവര്‍ഷം 776 ലക്ഷം ടണ്ണായി ഉയരും. കരുതല്‍ പണമായി 23,000 കോടി രൂപയുള്ളത് കമ്പനിയുടെ വികസനത്തിന് വേണ്ടിയുള്ള മൂലധന ചെലവ് വഹിക്കാന്‍ പര്യപ്തമാവും. കൂടാതെ മറ്റു സ്രോതസുകളില്‍ നിന്നും പണം സമാഹരിക്കാന്‍ ശ്രമിക്കും. മൊത്തം വാര്‍ഷിക ഉത്പാദന ശേഷി 2027-28ല്‍ 140 ദശലക്ഷം ടണ്ണായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. സിമന്റ് വിപണിയില്‍ ശക്തമാകാന്‍ ഇത് സഹായകരമാകും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം: വാങ്ങുക (Buy)
ലക്ഷ്യ വില- 831 രൂപ
നിലവില്‍ 609.45 രൂപ
Stock Recommendation by ICICI Securities.

3. പ്രികോള്‍ (Pricol Ltd): ഓട്ടോമൊബൈല്‍ ഘടകങ്ങള്‍ നിര്‍മിക്കുന്ന പ്രികോള്‍ 1975ല്‍ കോയമ്പത്തൂരിലാണ് സ്ഥാപിതമായത്. ഒറിജിനല്‍ എക്വിപ്‌മെന്റ് വിപണിക്കും (OEM), സ്‌പെയര്‍ പാര്‍ട്ട് വിപണിക്കും വേണ്ടി ഉത്പാദനം നടത്തുന്നുണ്ട്. പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനികള്‍ക്ക് (ടാറ്റ, ടി.വി.എസ്, ബജാജ്, ഹീറോ മോട്ടോകോര്‍പ്) എന്നിവയ്ക്ക് ഡ്രൈവര്‍ ഇന്‍ഫോര്‍മേഷന്‍ സംവിധാനം വികസിപ്പിച്ചു നല്‍കിയിട്ടുണ്ട്. ഹീറോ എക്സ് ട്രീം 125 സി.സി, 440 സി.സി ഇരുചക്ര വാഹനങ്ങളില്‍ പ്രികോള്‍ വികസിപ്പിച്ച ഡ്രൈവര്‍ ഇന്‍ഫോര്‍മേഷന്‍ സംവിധാനമാണ് ഘടിപ്പിച്ചിരിക്കുന്നത്. ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയ വൈദ്യുത വാഹനമായ ഇ.വി പഞ്ച് എന്ന കാറിലും ഇതേ സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. ബി.എസ് IV എമിഷന്‍ മാനദണ്ഡങ്ങള്‍ നടപ്പാക്കിയതിനെ തുടര്‍ന്ന് പ്രികോള്‍ കൂടുതല്‍ ഡിജിറ്റല്‍ ഓട്ടോമൊബൈല്‍ ഉപകരണങ്ങള്‍ പുറത്തിറക്കി തുടങ്ങി. ഡ്രൈവര്‍ ഇന്‍ഫോര്‍മേഷന്‍ സംവിധാനം കൂടാതെ, സെന്‍സറുകള്‍, വൈപ്പറുകള്‍, പമ്പ്, ടെലിമാറ്റിക്‌സ് എന്നിവ നിര്‍മിച്ചു നല്‍കുന്നുണ്ട്. ഇന്ത്യയില്‍ 8 ഉത്പാദന കേന്ദ്രങ്ങളണ്ട്. യു.എ.ഇ, സിംഗപ്പൂര്‍, ജപ്പാന്‍ എന്നി രാജ്യങ്ങളില്‍ ഓഫീസുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഗവേഷണ വികസന പദ്ധതികള്‍ക്കും നൂതന സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കുന്നത് കൊണ്ട് 13 കണ്ടുപിടിത്തങ്ങള്‍ നടത്താനും 18 പേറ്റന്റ് അപേക്ഷകള്‍ നല്‍കാനും സാധിച്ചിട്ടുണ്ട്. ഇന്ധന പമ്പ് മൊഡ്യൂള്‍, ഡിസ്‌ക് ബ്രേക്ക്, ഓയില്‍ പമ്പ് തുടങ്ങിയ വിഭാഗത്തില്‍ മികച്ച വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. കയറ്റുമതിയുടെ 90 ശതമാനം ഈ വിഭാഗത്തില്‍ നിന്നാണ്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില- 495 രൂപ
നിലവില്‍ വില- 428 രൂപ
Stock Recommendation by Anand Rathi Investment Services.

4. ആക്സിസ് ബാങ്ക് (Axis Bank): പ്രമുഖ സ്വകാര്യ വാണിജ്യ ബാങ്കായ ആക്‌സിസ് ബാങ്ക് 2023-24 ഡിസംബര്‍ പാദത്തില്‍ ഏകീകൃത വരുമാനത്തില്‍ 25.11 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു -35136.83 കോടി രൂപ. ലാഭം 6491.66 കോടി രൂപയായി. കൂടുതല്‍ വായ്പ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നു കരുതുന്നു. ഡെപ്പോസിറ്റ് ഫ്രാഞ്ചൈസി വഴി നിക്ഷേപ വളര്‍ച്ച ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. ഗ്രാമീണ ചെറുകിട ബിസിനസ് ബാങ്കിംഗ് ശക്തിപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. 2023-24 ഡിസംബര്‍ പാദത്തില്‍ വായ്പകളില്‍ 23 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഗ്രാമീണ വായ്പകള്‍ 34 ശതമാനം ഉയര്‍ന്നു, സ്മാള്‍ ബിസിനസ് ബാങ്കിംഗ് വായ്പകള്‍ 34 ശതമാനം വര്‍ധിച്ചു. മികച്ച ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ നടപ്പാക്കുക വഴി മെച്ചപ്പെട്ട വളര്‍ച്ച നേടാന്‍ സാധിച്ചിട്ടുണ്ട്. സിറ്റി ബാങ്ക് കണ്‍സ്യൂമര്‍ ബാങ്കിംഗ് വിഭാഗം ഏറ്റെടുത്തത് കൊണ്ട് കൂടുതല്‍ ഉപഭോക്താക്കളെ നേടാനും ബിസിനസ് വളര്‍ച്ച ഉറപ്പാക്കാനും സാധിച്ചു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-വാങ്ങുക (Buy)
ലക്ഷ്യ വില- 1,400 രൂപ
നിലവില്‍ വില- 1029.50.
Stock Recommendation by BNP Paribas Securities.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it