stocks caused highest investor losses
Image courtesy: Canva

വോഡഫോൺ ഐഡിയ മുതൽ ബന്ധൻ ബാങ്ക് വരെ; കഴിഞ്ഞ 5 വർഷത്തിനിടെ ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയ ഓഹരികൾ ഇവയാണ്

ഏറ്റവും കൂടുതൽ സമ്പത്ത് ഇല്ലാതാക്കിയ ആദ്യ 10 ഓഹരികൾ മൂലം മാത്രം മൊത്തം 66,600 കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകർക്ക് ഉണ്ടായത്
Published on

കഴിഞ്ഞ അഞ്ച് വർഷത്തെ (2020-2025) ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപ തകര്‍ച്ചയുടെ ചിത്രം വെളിപ്പെടുത്തുന്നതാണ് പ്രമുഖ ബ്രോക്കിംഗ് സ്ഥാപനമായ മോത്തിലാൽ ഓസ്വാളിൻ്റെ (MOSL) ആനുവല്‍ വെല്‍ത്ത് ക്രിയേഷന്‍ സ്റ്റഡി റിപ്പോര്‍ട്ട്. മൊത്തത്തിലുള്ള സമ്പത്ത് സൃഷ്ടിക്കലിൽ രാജ്യം റെക്കോർഡ് നേട്ടം കൈവരിച്ചപ്പോഴും, ചില ഓഹരികൾ നിക്ഷേപകരുടെ സമ്പത്ത് വലിയ തോതിൽ ഇല്ലാതാക്കി.

ആദ്യ 10 ഓഹരികളുടെ മാത്രം മൊത്തം നഷ്ടം 66,600 കോടി രൂപയാണ്. ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുന്ന ബിസിനസുകളാണ് ഈ പട്ടികയിൽ കൂടുതലും ഉൾപ്പെട്ടിരിക്കുന്നത്.

ഓഹരികള്‍

ഏറ്റവും കൂടുതൽ സമ്പത്ത് ഇല്ലാതാക്കിയ ആദ്യ അഞ്ച് ഓഹരികളും അവയുടെ പ്രകടനവും താഴെ നൽകുന്നു.

രാജേഷ് എക്സ്പോർട്ട്സ് (Rajesh Exports): സ്വർണം ശുദ്ധീകരിക്കുന്നതിലും ഉത്പാദനത്തിലും ഏർപ്പെട്ടിരിക്കുന്ന ഈ കമ്പനിയാണ് നഷ്ടമുണ്ടാക്കിയതിൽ ഒന്നാമത്. 10,000 കോടിയിലധികം രൂപയുടെ നിക്ഷേപക സമ്പത്താണ് ഇത് തുടച്ചുനീക്കിയത്. അഞ്ച് വർഷത്തിനിടെ ഓഹരി വിലയിൽ 60 ശതമാനം ഇടിവും വാർഷിക വളർച്ചാ നിരക്കില്‍ (CAGR) 19 ശതമാനം ഇടിവും രേഖപ്പെടുത്തി.

വേൾപൂൾ ഇന്ത്യ (Whirlpool India): ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ വേൾപൂൾ ഇന്ത്യയും 10,000 കോടി രൂപയിലധികം നഷ്ടമുണ്ടാക്കി. ഈ കാലയളവിൽ ഓഹരി വില 56 ശതമാനം കുറയുകയും CAGR 11 ശതമാനം ഇടിയുകയും ചെയ്തു.

ബന്ധൻ ബാങ്ക് (Bandhan Bank): ബാങ്കിംഗ് മേഖലയിൽ നിന്നുള്ള ബന്ധൻ ബാങ്ക് നിക്ഷേപകരുടെ 8,400 കോടി രൂപയുടെ സമ്പത്താണ് ഇല്ലാതാക്കിയത്. ഇതിൻ്റെ CAGR 6 ശതമാനം ആണ്.

വോഡഫോൺ ഐഡിയ (Vodafone Idea): പ്രതിസന്ധിയിലായ ഈ ടെലികോം കമ്പനി 7,100 കോടി രൂപയുടെ സമ്പത്ത് ഇല്ലാതാക്കി. കഴിഞ്ഞ ആറ് മാസത്തെ ഓഹരിയിലെ വലിയ മുന്നേറ്റം കാരണം ഇതിന് 17 ശതമാനം എന്ന പോസിറ്റീവ് CAGR ഉണ്ട്.

ധനി സർവീസസ് (Dhani Services): 4,400 കോടി രൂപയുടെ നിക്ഷേപക സമ്പത്ത് ഇല്ലാതാക്കിയ ധനി സർവീസസിൻ്റെ CAGR ല്‍ 12 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.

വിപണിയിലെ മികച്ച പ്രകടനങ്ങൾക്കിടയിലും ചില ഓഹരികളിലെ നിക്ഷേപം വലിയ നഷ്ടത്തിലേക്ക് നയിക്കാനുള്ള സാധ്യതയെക്കുറിച്ച് നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകുന്നതാണ് ഈ കണക്കുകൾ.

Top Indian stocks that caused the highest investor losses between 2020–2025.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com