ചന്ദ്രയാന്‍ ദൗത്യത്തിനൊപ്പം ശ്രദ്ധ നേടി ഈ ഓഹരികളും

ഓഹരി വിപണിയില്‍ ശ്രദ്ധ നേടി ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായ ഈ കമ്പനികളും
ചന്ദ്രയാന്‍ ദൗത്യത്തിനൊപ്പം ശ്രദ്ധ നേടി ഈ ഓഹരികളും
Published on

ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യം അതിന്റെ ഫലപ്രാപ്തിയിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വൈകിട്ട് 6.04നാണ്  ചന്ദ്രന്റെ ധ്രുവരഹസ്യങ്ങള്‍ തേടി ചന്ദ്രയാന്‍ 3  സോഫ്റ്റ് ലാന്‍ഡ് ചെയ്യുക.

ഈ ദൗത്യം പൂര്‍ത്തിയാല്‍ യു.എസ്, ചൈന, മുന്‍ സോവിയറ്റ് യൂണിയന്‍ എന്നിവയ്ക്ക് ശേഷം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യമാറും. മാത്രമല്ല ഇനിയും അധികം രഹസ്യങ്ങളുടെ ചുരുളുകള്‍ തുറക്കപ്പെട്ടിട്ടില്ലാത്ത ചന്ദ്രന്റെ ബൃഹത്തായ ദക്ഷിണ ധ്രുവത്തി

ല്‍ എത്തുന്ന ആദ്യ രാജ്യവുമാകും ഇന്ത്യ.

വൈകിട്ട് 5.47 മുതല്‍ ചാന്ദ്രയിറക്കത്തിനുള്ള ജ്വലനം ആരംഭിക്കും. ഈ സമയം മുതലുള്ള 20 മിനിറ്റ് അത്യന്തം ഉദ്യോഗജനകമായിരിക്കും. എന്തും സംഭവിക്കാവുന്ന അവസ്ഥ. പൂര്‍ണമായും സ്വയം നിയന്ത്രിത സംവിധാനത്തിയിരിക്കും ഈ സമയത്ത് പേടകത്തിന്റെ പ്രവര്‍ത്തനം.

ശാസ്ത്ര മേഖലയ്‌ക്കൊപ്പം ഇന്ന് ആകാംക്ഷയുടെ മുള്‍മുനയിലാണ് രാജ്യത്തെ ഓഹരി വിപണിയും. ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായ ഈ കമ്പനികളും ഇന്ന് ശ്രദ്ധാകേന്ദ്രമാണ്. ഏതൊക്കെയാണ് ആ ഓഹരികളെന്നു നോക്കാം.

എല്‍&ടി

രാജ്യത്തെ ഏറ്റവും വലിയ എന്‍ജിനീയറിംഗ്, മാനുഫാക്ചറിംഗ് കമ്പനിയായ എല്‍ ആന്‍ഡ് ടിയാണ് ചന്ദ്രയാന്‍-3ന് വേണ്ടി ക്രിട്ടിക്കല്‍ ബൂസ്റ്റര്‍ വിഭാഗത്തിലുള്ള ഘടക ഭാഗങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഹെഡ് എന്‍ഡ്‌സെഗ്മെന്റ്, മിഡില്‍ സെഗ്മെന്റ്, നോസില്‍ ബക്കറ്റ് ഫ്‌ളേഞ്ച് ഉള്‍പ്പെടെയുള്ളവയാണ് ചന്ദ്രയാനു വേണ്ടി എല്‍ ആന്‍ഡ് ടി നിര്‍മിച്ചിരിക്കുന്നത്.  എല്‍ ആന്‍ഡ് ടി ഓഹരികള്‍ 1.47% ഉയര്‍ന്ന് 2,718.10 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നത്തെ വ്യാപാരത്തില്‍ ഓഹരി 2,725.75 എന്ന 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം തൊട്ടിരുന്നു.

ഭെല്‍

ചന്ദ്രയാന്‍ 3ന്റെ ലാവന്‍ഡ മൊഡ്യൂളിനും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിനും വേണ്ട ബാറ്ററികള്‍ നിര്‍മിച്ചിരിക്കുന്നത് ഭെല്‍ ആണ്. നിലവില്‍ ഭെല്‍ ഓഹരികള്‍ 1.53% നഷ്ടത്തില്‍ 109.35 രൂപയിലാണ് വ്യാപാരം നടത്തുന്നത്. വ്യാപാരത്തിനിടെ ഓഹരി 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരമായ 113.35 രൂപയിലെത്തിയിരുന്നെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് പോയി.

എം.ടി.എ.ആര്‍ ടെക്‌നോളജീസ്

ചന്ദ്രയാന്‍ 3ന് വേണ്ടി ഐ.എസ്.ആര്‍.ഒയ്ക്ക് എന്‍ജിനുകളും ബൂസ്റ്റര്‍ പമ്പുകളും നല്‍കിയിട്ടുള്ള കമ്പനിയാണ് എം.ടി.എ.ആര്‍ ടെക്‌നോളജീസ്. നിലവില്‍ 5.07% ഉയര്‍ന്ന് 2,225 രൂപയിലാണ് ഓഹരി.

മിശ്ര ദത്തു നിംഗം ലിമിറ്റഡ്

വാഹനം വിക്ഷേപിക്കാനാവശ്യമായ ക്രിട്ടിക്കല്‍ മെറ്റീരിയലുകള്‍ വിതരണം ചെയ്തിരിക്കുന്നത് മിശ്ര ദത്തു നിഗം ലിമിറ്റഡാണ്. നിലവില്‍ 3.10% ഉയര്‍ന്ന് 407.10 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്. ഇന്നത്തെ വ്യാപാരത്തില്‍ ഓഹരി 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 414.7 രൂപയിലെത്തിയിരുന്നു.

സെന്റം ഇലക്ട്രോണിക്‌സ്

ചന്ദ്രയാന്‍ 3ന്റെ ബഹിരാകാശ ആവശ്യങ്ങള്‍ക്കായുള്ള ഇലക്ട്രോണിക് സിസ്റ്റംസിന്റെ രൂപകല്‍പ്പനയും ഉത്പാദനവും നിര്‍വഹിച്ചിരിക്കുന്ന കമ്പനിയാണ് സെന്റം ഇലക്ട്രോണിക്. നിലവില്‍ 14.51% ഉയര്‍ന്ന് 1,648 രൂപയിലാണ് ഓഹരിയുള്ളത്.

എച്ച്.എ.എല്‍, പരാസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് ടെക്‌നോളജീസ്, വാല്‍ചന്ദ്‌നഗര്‍ ഇന്‍ഡസ്ട്രീസ് എന്നിവയും ചന്ദ്രയാന്‍ 3 ന് വേണ്ടി സംഭാവന ചെയ്തിട്ടുണ്ട്. ഗോദ്‌റേജ് ഗ്രൂപ്പ് കമ്പനിയായ ഗോദ്‌റേജ് എയര്‍സ്‌പേസും ചന്ദ്രയാന്‍ 3 ന് വേണ്ട നിര്‍ണായക ഘടകങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com