2027-ലേക്ക് ശ്രദ്ധിക്കേണ്ടത് ഏത് ഓഹരികൾ? ഇനി കുതിക്കാൻ പോകുന്നത് ഈ 3 സെക്ടറുകളിൽ നിന്നോ?

പ്രതിരോധം, എഫ്എംസിജി, ഐടി — വളർച്ചാ സാധ്യതകളും റിസ്കുകളും; നിഫ്റ്റി റാലിക്ക് ശേഷമുള്ള നിക്ഷേപ തന്ത്രം
Investing Trends In Stocks for 2027
പ്രതീകാത്മക ചിത്രംImage Source: Canva
Published on: 

ഒരു മാസത്തിനിടെ പ്രധാന ബെഞ്ച്മാർക്ക് സൂചികയായ എൻ.എസ്.ഇ നിഫ്റ്റി-50 ഏകദേശം 22,300 നിലവാരത്തിൽ നിന്ന് 25,800-ലേക്ക് കുതിച്ച് 15.6 ശതമാനം നേട്ടം കരസ്ഥമാക്കിയതോടെ ഓഹരി വിപണിയിൽ നിക്ഷേപകരുടെ ആത്മവിശ്വാസം തിരിച്ചെത്തിരിക്കുകയാണ്. അനിശ്ചിതത്വം കാരണം നിക്ഷേപം മാറ്റിവെച്ചിരുന്നവർ വീണ്ടും വിപണിയിലേക്ക് അവസരങ്ങൾക്കായി നോക്കിത്തുടങ്ങിയിരിക്കുന്നു.

എന്നാൽ ഈ ഘട്ടത്തിൽ ഏത് ഓഹരി വാങ്ങണം എന്നതിനെക്കാൾ ഏത് സെക്ടറിലാണ് നിക്ഷേപം നടത്തേണ്ടത് എന്നതിനാണ് കൂടുതൽ പ്രാധാന്യമെന്ന് വിദ​ഗ്ധർ സൂചിപ്പിച്ചു. 2027-ലേക്കുള്ള നിക്ഷേപ തന്ത്രത്തിൽ പ്രതിരോധം, എഫ്എംസിജി, ഐടി മേഖലകൾക്ക് ശ്രദ്ധ നൽകണമെന്നാണ് അനലിസ്റ്റുകളുടെ പൊതുവായ വിലയിരുത്തൽ.

പ്രതിരോധം: ദീർഘകാല വളർച്ചയുടെ സാധ്യത

ഇന്ത്യയുടെ പ്രതിരോധ (ഡിഫൻസ്) മേഖലയിലെ ഉൽപാദനം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (FY26) റെക്കോർഡ് നിലവാരമായ 1.78 ലക്ഷം കോടി രൂപയിലെത്തി. തൊട്ടു മുൻവർഷത്തേക്കാൾ 15.6 ശതമാനം വളർച്ച. പ്രതിരോധ കയറ്റുമതി 62.66 ശതമാനം ഉയർന്ന് 38,424 കോടി രൂപയുമായി. 2029-ഓടെ ആഭ്യന്തര പ്രതിരോധ ഉൽപാദനം മൂന്ന് ലക്ഷം കോടി രൂപയിലേക്കും കയറ്റുമതി 50,000 കോടി രൂപയിലേക്കും ഉയർത്തുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം.

16 പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, 430-ലധികം അം​ഗീകൃത കമ്പനികൾ, 16,000-ത്തോളം എംഎസ്എംഇകൾ എന്നിവ ഉൾപ്പെടുന്ന വ്യവസായ അടിത്തറയും പ്രതിരോധ മേഖലയുടെ വളർച്ചയ്ക്ക് പിന്തുണയേകുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ (FY27) പ്രതിരോധത്തിനായി 7.85 ലക്ഷം കോടി രൂപയാണ് പൊതു ബജറ്റിൽ വകയിരുത്തിയത്. ആഭ്യന്തര ഉൽപാദനത്തിനുള്ള സർക്കാർ പിന്തുണയും കയറ്റുമതി സാധ്യതയും പ്രതിരോധ മേഖലയെ ദീർഘകാല നിക്ഷേപങ്ങൾക്കായി പരി​ഗണിക്കാവുന്ന പട്ടികയിൽ ഉൾപ്പെടുത്തുന്നു.

എഫ്എംസിജി: വിപണിയിലെ പ്രതിരോധ കവചം

വിപണിയിൽ ചാഞ്ചാട്ടവും സാമ്പത്തിക മാന്ദ്യഭീതിയും ശക്തമാകുമ്പോൾ അവശ്യ ഉൽപന്നങ്ങളുടെ ഡിമാൻഡ് നിലനിൽക്കുന്നത് എഫ്എംസിജി കമ്പനികൾക്ക് കരുത്തുപകരുന്നു. 2026-ൽ അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ആഭ്യന്തര ഉപഭോഗത്തിലെ തളർച്ചയും മേഖലയുടെ മാർജിനുകളെ ബാധിച്ചിരുന്നു. എന്നാൽ ഉത്പാദന ചെലവിലുള്ള സമ്മർദം കുറയുകയും ഉപഭോഗം ഉണർവ് കൈവരിക്കുകയും ചെയ്താൽ അടിസ്ഥാനപരമായി ശക്തമായ എഫ്എംസിജി കമ്പനികൾക്ക് നേട്ടമുണ്ടാകാം. പ്രതിസന്ധിക്കാലങ്ങളിൽ പോർട്ട്ഫോളിയോയ്ക്ക് സ്ഥിരത നൽകുന്ന മേഖലയെന്ന നിലയിലും എഫ്എംസിജിക്ക് പ്രാധാന്യമുണ്ടെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഐടി: എഐ ഭീഷണിയോ പുതിയ വളർച്ചയോ?

എച്ച്-1ബി (H-1B) വിസ നിയന്ത്രണങ്ങൾ, യു.എസ് ക്ലയന്റുകളുടെ ചെലവിടലിലുള്ള മന്ദത, എഐ സൃഷ്ടിക്കുന്ന ഘടനാപരമായ മാറ്റങ്ങൾ എന്നിവ ഐടി മേഖലയെ സമ്മർദത്തിലാക്കുന്നുണ്ട്. എന്നാൽ ആഗോള ഐടി സേവന സോഴ്സിങ്ങിൽ 55 ശതമാനം വിപണി വിഹിതമുള്ള ഇന്ത്യയ്ക്ക് വളർച്ചാ സാധ്യതകൾ ഇപ്പോഴുമുണ്ടെന്നാണ് വിലയിരുത്തൽ. 2026-ൽ ഐടി സെക്ടറിന്റെ വരുമാനം 35,000 കോടി ഡോളറിലെത്തുമെന്നാണ് അനുമാനം. 2030-ഓടെ ഇത് 500 ബില്യൺ ഡോളറാക്കുകയാണ് ലക്ഷ്യം.

കുറഞ്ഞ കടബാധ്യത, സ്ഥിരതയാർന്ന മാർജിൻ, ശക്തമായ പണമൊഴുക്ക്, ലാഭവിഹിതം എന്നിവ മുൻനിര ഐടി കമ്പനികളുടെ കരുത്താണ്. എഐയുടെ യഥാർഥ സാമ്പത്തിക ആഘാതം കൃത്യമായി വിലയിരുത്തിയ ശേഷമാകണം മേഖലയെക്കുറിച്ചുള്ള നിഗമനങ്ങളിലേക്ക് എത്തേണ്ടത്.

ചുരുക്കത്തിൽ

വിവിധ മേഖലകളിൽ ഒരേ വളർച്ചാ സാധ്യതയോ ഒരേതരം റിസ്ക് ഘടകങ്ങളോ അല്ല നിലനിൽക്കുന്നത്. അതിനാൽ കേവലം ഓഹരികളുടെ പേരുകൾക്കപ്പുറം മേഖലയുടെ വളർച്ചാ പ്രേരകങ്ങളും മൂല്യമതിപ്പും (വാല്യുവേഷൻ) കമ്പനികളുടെ സാമ്പത്തിക അടിത്തറയും വിലയിരുത്തുന്ന ആസ്തി വിന്യാസ (Asset Allocation) സമീപനമാണ് 2027-ൽ കൂടുതൽ പ്രസക്തമാകുക എന്നും അനലിസ്റ്റുകൾ സൂചിപ്പിച്ചു.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

The article examines defence, FMCG and IT as sectors to watch in 2027, highlighting their growth drivers, risks and the importance of valuation and asset allocation.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```