ഐപിഒ: പഠിച്ച് നിക്ഷേപിച്ചില്ലെങ്കില്‍ പണി കിട്ടും!

പതിനൊന്നു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്പനി. ഇന്നുവരെ ലാഭമുണ്ടാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം 2802 കോടി പ്രവര്‍ത്തന വരുമാനം അടക്കം 3187 കോടി രൂപ വരവ്. ചെലവ് 4783 കോടി രൂപ. മറ്റിനങ്ങള്‍ ഉള്‍പ്പെടെ നഷ്ടം 1704 കോടി രൂപ. പത്തു വര്‍ഷം കൊണ്ട് 19,000 കോടി രൂപ ഓഹരി മൂലധനം സമാഹരിച്ചതില്‍ 13,200 കോടി രൂപ നഷ്ടം നികത്താന്‍ ചെലവായി.

ഈ കമ്പനി പബ്ലിക് ഇഷ്യു (ഐപിഒ) നടത്തുന്നു. അടുത്ത കുറേ വര്‍ഷങ്ങളിലൊന്നും ലാഭം ഉണ്ടാക്കാന്‍ പറ്റുകയില്ലെന്നു പ്രോസ്‌പെക്ടസില്‍ കൃത്യമായി പറയുന്നു.

ആരെങ്കിലും ഇങ്ങനെയൊരു കമ്പനിയില്‍ പണം മുടക്കുമോ എന്ന ചോദ്യം ഉയരാം.

ഉത്തരം മുടക്കും എന്നു തന്നെ. അതാണു ചുറ്റും കാണുന്നത്.
പേടിഎം ചെയ്തത്?
പേടിഎം ബ്രാന്‍ഡില്‍ ധനകാര്യ സേവനങ്ങള്‍ നല്‍കുന്ന ഫിന്‍ടെക് കമ്പനി വണ്‍ 97 കമ്യൂണിക്കേഷന്‍സിന്റെ ഐപിഒ ആണ് ഇവിടെ പരാമര്‍ശിച്ചത്. കമ്പനി രാജ്യത്തെ ഏറ്റവും വലിയ ഐപിഒ നടത്തി. ഒരു രൂപ മുഖവിലയുള്ള ഓഹരി 2150 രൂപ വിലയ്ക്കു വിറ്റു. അതു വഴി 18,300 കോടി രൂപ സമാഹരിച്ചു. ഐപിഒയ്ക്ക് 1.89 മടങ്ങ് അപേക്ഷകള്‍ ലഭിച്ചു.

പിന്നീടു നടന്നത് എല്ലാവര്‍ക്കുമറിയാം. ഓഹരി ലിസ്റ്റ് ചെയ്തതു തന്നെ ഒന്‍പതു ശതമാനം താഴെ. ആ ദിവസം ഓഹരി ക്ലോസ് ചെയ്തത് 27 ശതമാനം താഴ്ന്ന്. അടുത്ത ദിവസം വീണ്ടും താഴ്ച 13 ശതമാനം. പിന്നെ ഓഹരിക്കു വില ഉയര്‍ന്നു.
ഐപിഒകള്‍ക്കു തിരിച്ചടി
പക്ഷേ അതിനിടെ സംഭവിക്കാനുള്ളതു സംഭവിച്ചു. 2020-21 ലെ ഐപിഒ തരംഗത്തിനു തിരിച്ചടിയായി. ഈ ആഘോഷത്തിന് ഇടവേളയില്ലെന്നു തോന്നിച്ച നാളുകള്‍ മാറി. ഈ ധനകാര്യ വര്‍ഷം ഒരു ലക്ഷം കോടിയുടെ ഐപിഒകള്‍ പ്ലാന്‍ ചെയ്തിരുന്നതില്‍ നല്ല പങ്ക് ഇഷ്യു മാറ്റി വയ്ക്കാനാണ് ഒരുങ്ങുന്നത്. പേമെന്റ് മേഖലയിലുള്ള ഫിന്‍ടെക് കമ്പനി മോബിക്വിക്ക് ഐപിഒ നീട്ടി വയ്ക്കുമെന്ന് പ്രഖ്യാപിച്ചു.
എന്താണു സംഭവിച്ചത്?
നിക്ഷേപകര്‍ വിഡ്ഢികളാണെന്ന ധാരണയില്‍ അമിത വിലയിലും ന്യായീകരണമില്ലാത്ത മൂല്യനിര്‍ണയത്തിലും ഐപിഒ നടത്തിയവര്‍ക്കും നടത്താനിരുന്നവര്‍ക്കും പാഠമാണ് പേടിഎം (വണ്‍ 97 കമ്യൂണിക്കേഷന്‍സ്) ഐപിഒ നല്‍കിയത്. അതിലുപരി നിക്ഷേപകര്‍ക്കു വലിയ ഓര്‍മപ്പെടുത്തലുമായി ഈ ഐപിഒ. സ്വയം പഠിച്ചു വേണം നിക്ഷേപിക്കാന്‍ എന്ന പാഠത്തിന്റെ ഓര്‍മപ്പെടുത്തല്‍.
മൂല്യം കണക്കാക്കാന്‍ പുത്തന്‍ മാനദണ്ഡം
പേടിഎമ്മിന്റെ ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് 2150 രൂപ വിലയിടാന്‍ എന്താണ് അടിസ്ഥാനം?
സാധാരണ കമ്പനികളുടെ ഓഹരിവില നിര്‍ണയിക്കുന്നത് കമ്പനി ഉണ്ടാക്കുന്നതും ഉണ്ടാക്കാവുന്നതുമായ ലാഭത്തെ ആധാരമാക്കിയാണ്. പ്രതി ഓഹരി വരുമാന (ഇപിഎസ്) ത്തിന്റെ ഇത്ര മടങ്ങ് (പിഇ അനുപാതം) എന്നാണ് വിലയെപ്പറ്റി പറയുക. ലാഭത്തോടൊപ്പം കമ്പനിയുടെ അറ്റമൂല്യം (Net Worth) കൂടി നോക്കും. കമ്പനിക്കു വിപണി ഇടുന്ന വില ന്യായമാണോ എന്ന് ഈ ഘടകങ്ങളും ഇതേ മേഖലയിലെ മറ്റു കമ്പനികളുടെ ഈ ഘടകങ്ങളും താരതമ്യം ചെയ്താല്‍ അനായാസം മനസിലാക്കാം. അത്രയും കണ്ടെത്താന്‍ സാധാരണ നിക്ഷേപകര്‍ക്കു വലിയ ബുദ്ധിമുട്ടില്ല താനും.

പക്ഷേ, ഇപ്പോള്‍ പേടിഎം അടക്കമുളള പല ഫിന്‍ടെക്കുകളും നവതലമുറ സ്റ്റാര്‍ട്ടപ് കമ്പനികളും മറ്റു പല മാനദണ്ഡങ്ങളുമാണ് അവതരിപ്പിക്കുന്നത്. ജിഎംവി, എംടിയു തുടങ്ങി പല ചുരുക്കെഴുത്തുകളും നിരത്തി കഥ പറയാന്‍ തുടങ്ങും. ജിഎംവി (Gross Merchandise Value) 131 ശതമാനം കൂടി എന്നു പേടിഎം പറയുമ്പോള്‍ കമ്പനിയുടെ വരുമാനമല്ല കൂടിയത്. കമ്പനിയുടെ ആപ്പിലൂടെ (പ്ലാറ്റ്‌ഫോമില്‍ എന്നു കമ്പനിഭാഷ) കൈകാര്യം ചെയ്ത വ്യാപാരത്തിന്റെ തുക മാത്രമാണു കൂടിയത്. അതില്‍ നിന്നു കമ്പനിക്ക് എത്ര കമ്മീഷന്‍ കിട്ടി എന്നു പറയുന്നില്ല. എംടിയു (Monthly Transacting users) കൂടി എന്നു പറഞ്ഞാല്‍ ഈ മാസം ഇടപാടു നടത്തിയവരുടെ എണ്ണം കൂടി എന്നേ ഉള്ളൂ. വരുമാനം അതിലും പറയുന്നില്ല.

സൊമാറ്റോ, ഫിനോ പേമെന്റ്‌സ്, പിബി ഫിന്‍ടെക് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളും ഇത്തരം ചുരുക്കെഴുത്തുകളാണു നല്‍കുക. നിക്ഷേപകര്‍ക്ക് അറിയേണ്ടത് എത്ര വിറ്റുവരവ്, എത്ര ചെലവ്, നീക്കിബാക്കി എത്ര തുടങ്ങിയ ലളിത കാര്യങ്ങളാണ്. അതു മാത്രം തുറന്നു പറയില്ല. അതില്‍ വ്യക്തതയില്ല. പക്ഷേ നിക്ഷേപകരില്‍ നിന്ന് പണം വേണം. അതിനു പുതു പുത്തന്‍ ചുരുക്കെഴുത്തുകളാേ ഡെറിവേറ്റീവുകളോ ഒക്കെ അവതരിപ്പിച്ച് വിപണിയിലിറങ്ങും.
നാളെയോ?ആര്‍ക്കറിയാം
കമ്പനിയുടെ ഭാവി സാധ്യതകളെപ്പറ്റി പറയുന്നതും ഇങ്ങനെ തന്നെ. പേടിഎമ്മിന്റെ ഓഹരി മൂല്യം കണക്കാക്കിയത് 2022-23 ലെ പ്രതീക്ഷിത വിറ്റുവരവിന്റെ 26 മടങ്ങായിട്ടാണ്. ഇതേതരം ബിസിനസുകള്‍ വില കണക്കാക്കുന്നത് വില്‍പ്പന വളര്‍ച്ചയോടു താരതമ്യപ്പെടുത്തിയാണ്. മിക്ക ഫിന്‍ടെക്കുകള്‍ക്കും വിപണി നല്‍കുന്ന മൂല്യം വില്‍പ്പന വളര്‍ച്ചയുടെ 0.5 ശതമാനമാണ്. അപ്പോഴാണ്, ഇനിയും ലാഭം കണ്ടിട്ടില്ലാത്ത കമ്പനി വില്‍പ്പനയുടെ 26 മടങ്ങ് വിപണിമൂല്യം ആവശ്യപ്പെടുന്നത്.

പേടിഎമ്മിനെപ്പറ്റി മക്കാറീ കാപ്പിറ്റല്‍ സര്‍വീസസ് പുറത്തുവിട്ട ഗവേഷണ റിപ്പോര്‍ട്ട് വേറേ കാര്യങ്ങളും വെളിവാക്കുന്നു. കമ്പനി 50 ശതമാനം തോതില്‍ വരുന്ന അഞ്ചു വര്‍ഷം വളര്‍ന്നാലും പേടിഎം പോസിറ്റീവ് ക്യാഷ് ഫ്‌ളോയില്‍ (പ്രവര്‍ത്തന ലാഭം) എത്തണമെങ്കില്‍ 2029-30 വര്‍ഷമാകണം.

കമ്പനി മാനേജ്‌മെന്റ് ഘടന അടക്കം പല വിഷയങ്ങളിലും മക്കാറീ അപാകത കാണുന്നു. കമ്പനിയുടെ മുഖ്യ ബിസിനസില്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, ഗൂഗിള്‍ തുടങ്ങിയവയാണു മത്സരിക്കുന്നത്. അവരോട് എങ്ങനെ പിടിച്ചു നില്‍ക്കാം എന്നു കാണിക്കുന്ന ഒന്നും മക്കാറീ കണ്ടില്ല.
ചൈനീസ് പങ്കാളിത്തം
ടെലികോം വാസ് (വാല്യു ആഡഡ് സര്‍വീസ്) കമ്പനിയായി തുടങ്ങിയതാണു പേടിഎം. പിന്നീട് പേമെന്റ് ആപ്പും ധനകാര്യ സേവന വിതരണ കമ്പനിയും വായ്പ - ഇന്‍ഷ്വറന്‍സ് വിതരണ കമ്പനിയും ഒക്കെയായി മാറി. ചൈനയിലെ ജാക്ക് മായുടെ ആന്റ് (Ant) കോര്‍പറേഷന്റെ ഇന്ത്യന്‍ പതിപ്പ് ആകാനുള്ള മോഹത്തിലായിരുന്നു വിജയ് ശേഖര്‍ ശര്‍മയുടെ കമ്പനി. ആന്റിനും ആലിബാബയ്ക്കും കൂടി 37 ശതമാനവും ചൈനയിലെ തന്നെ സൈഫ് പാര്‍ട്‌നേഴ്‌സിനു 18.56 ശതമാനവും ജപ്പാനിലെ സോഫ്റ്റ് ബാങ്കിന് 20 ശതമാനവും ഓഹരിയാണ് ഐപിഒയ്ക്കു മുന്‍പ് പേടിഎമ്മില്‍ ഉണ്ടായിരുന്നത്. സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, എന്‍ബിഎഫ്‌സി, ഇന്‍ഷ്വറന്‍സ് കമ്പനി എന്നിവയ്ക്കു ലൈസന്‍സ് കിട്ടാന്‍ വര്‍ഷങ്ങളായി പേടിഎം ശ്രമിച്ചിട്ടു നടക്കാതെ പോയതു ചൈനീസ് പങ്കാളിത്തം മൂലമാണെന്നത് അറിയപ്പെടുന്ന രഹസ്യമാണ്.
മര്‍ച്ചന്റ് ബാങ്കുകളുടെ കളി
ഇങ്ങനെയൊക്കെയാണു കാര്യങ്ങള്‍ എങ്കില്‍ ഐപിഒ വിജയിച്ചത് എങ്ങനെ? മികച്ച മര്‍ച്ചന്റ് ബാങ്കര്‍മാരെ തെരഞ്ഞെടുത്തതു കൊണ്ട്. മര്‍ച്ചന്റ് ബാങ്കര്‍മാരാണ് ഓഹരി വില്‍പന വിജയിപ്പിക്കാന്‍ ബാധ്യതപ്പെട്ടത്. വലിയ സ്ഥാപനങ്ങളാണ് ആ ചുമതല ഏല്‍ക്കുന്നതെങ്കില്‍ അവര്‍ അതു വിജയമാക്കും. അതിനുള്ള പരസ്യ - രഹസ്യ തന്ത്ര- കുതന്ത്രങ്ങള്‍ അവര്‍ക്കറിയാം. ഐപിഒയ്ക്കു മുന്‍പും പിന്നീടും ഗ്രേ (അനൗദ്യോഗിക) മാര്‍ക്കറ്റില്‍ ഷെയര്‍ വിലയ്ക്കു പ്രീമിയം കാണിച്ച് സംഗതി വിജയമാക്കും. സര്‍ക്കുലര്‍ ട്രേഡിംഗ് പോലെ പല അഭ്യാസങ്ങളും ഗ്രേ മാര്‍ക്കറ്റില്‍ നടത്തും. ഇതിനു കൂട്ടുകൂടുന്ന ബ്രോക്കര്‍മാര്‍ക്ക് നഷ്ടം വന്നാല്‍ അതു നികത്താനും അവര്‍ക്കറിയാം. പേടിഎം നിയോഗിച്ചത് മോര്‍ഗന്‍ സ്റ്റാന്‍ലി, ഗോള്‍ഡ്മാന്‍ സാക്‌സ്, ജെപി മോര്‍ഗന്‍, സിറ്റി, ആക്‌സിസ് കാപ്പിറ്റല്‍, ഐസിഐസിഐ സെക്യൂരിറ്റീസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയെയാണ്.

ഇവരൊക്കെ വലയവരല്ലേ? അവര്‍ കാര്യങ്ങള്‍ നിഷ്പക്ഷമായി വിലയിരുത്തില്ലേ? നിക്ഷേപകര്‍ക്കു ലാഭം കിട്ടാവുന്ന വില നിര്‍ണയമല്ലേ ഇവരൊക്കെ നടത്തൂ? ഇങ്ങനെ കുറേ ചോദ്യങ്ങള്‍ ഉയരാം.
ഒറ്റ വാക്യത്തില്‍ ഉത്തരം: പണമാണു പ്രധാനം.

മര്‍ച്ചന്റ് ബാങ്കുകള്‍ക്കു വേണ്ടതു പണമാണ്. ഇഷ്യു വില കൂടുമ്പോള്‍ അവര്‍ക്കു കൂടുതല്‍ കമ്മീഷന്‍ കിട്ടും. അതാണു പ്രധാനം. അപ്പോള്‍ നിക്ഷേപകര്‍ക്കു ബാക്കിയുണ്ടോ എന്നു നോക്കില്ല. കമ്പനി എന്നെങ്കിലും ലാഭമുണ്ടാക്കുമോ എന്നും അവരാലോചിക്കില്ല.

ഗുണപാഠം: നിക്ഷേപകര്‍ക്കും പ്രധാനം പണം തന്നെ. അതു നഷ്ടപ്പെടുത്താതെ വളര്‍ത്തണമെങ്കില്‍ നിക്ഷേപകര്‍ തന്നെ കമ്പനിയെപ്പറ്റി പഠിക്കണം. മര്‍ച്ചന്റ് ബാങ്കുകള്‍ക്കും ബ്രോക്കര്‍മാര്‍ക്കും കമ്മീഷന്‍ കിട്ടിയാല്‍ മതി. നമുക്കു ലാഭം കിട്ടാന്‍ നാം തന്നെ പഠിച്ചു നിക്ഷേപം നടത്തണം.



T C Mathew
T C Mathew  

Related Articles

Next Story

Videos

Share it