340-357 രൂപ പ്രൈസ് ബാന്‍ഡ്; സുല വൈന്‍ ഐപിഒ ഡിസംബര്‍ 12 മുതല്‍
പ്രമുഖ വൈന്‍ നിര്‍മാതാക്കളായ സുല വൈന്‍യാര്‍ഡ്‌സ് (Sula Vineyards Ltd ) പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (IPO) ഒരുങ്ങുന്നു. ഡിസംബര്‍ 12 മുതല്‍ 14വരെയാണ് ഐപിഒ. 340-357 രൂപയാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ്. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് കുറഞ്ഞത് 42 ഓഹരികള്‍ അടങ്ങിയ ഒരു ലോട്ട് മുതല്‍ നിക്ഷേപം നടത്താം.
ഡിസംബര്‍ 22ന് ആണ് ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യുക. ഓഫര്‍ ഫോര്‍ സെയിലിലൂടെ 26.90 ദശലക്ഷം ഓഹരികളാണ് കമ്പനി വില്‍ക്കുന്നത്. ഉയര്‍ന്ന പ്രൈസ് ബാന്‍ഡില്‍ 960.34 കോടി രൂപ കമ്പനിക്ക് സമാഹരിക്കാനാവും. രാജ്യത്തെ ഏറ്റവും വലിയ വൈന്‍ ഉല്‍പ്പാദകരാണ് സുല.
മഹാരാഷ്ട്രയിലെ നാഷിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുലയ്ക്ക് രണ്ട് നിര്‍മാണ യൂണീറ്റുകളാണ് ഉള്ളത്. ഈ രണ്ട് പ്ലാന്റുകള്‍ക്കുമായി ഉള്ളത് 13 ദശലക്ഷം ലിറ്റര്‍ നിര്‍മാണ ശേഷിയാണ്. സെപ്റ്റംബര്‍ 30ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിലും 6 കേന്ദ്ര ഭരണ പ്രദേശങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. 2003ല്‍ വിദേശ വിപണിയില്‍ പ്രവേശിച്ച സുല വൈന്‍യാര്‍ഡ്‌സ് യുകെ, യുഎസ്, ഫ്രാന്‍സ് അടക്കം ഇരുപതോളം രാജ്യങ്ങളില്‍ വൈന്‍ വില്‍ക്കുന്നുണ്ട്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 224.06 കോടിയുടെ വരുമാനവും 30.51 കോടിയുടെ അറ്റാദായവുമാണ് സുല നേടിയത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 4.53 കോടി രൂപയായിരുന്നു അറ്റാദായം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ വരുമാനവും അറ്റാദായവും ഉയര്‍ന്നു.