Begin typing your search above and press return to search.
ഓഹരി വിപണിയിലേക്ക് കണ്ണുംനട്ട് സ്വിഗ്ഗിയും, ഒരുക്കങ്ങള്‍ ആരംഭിച്ചു
ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി, ഓഹരി വിപണിയിലേക്ക് വരുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കന്‍ ഇന്റര്‍നെറ്റ് ഭീമനായ നാസ്‌പേഴ്‌സിന്റെയും ജപ്പാനിലെ സോഫ്റ്റ്ബാങ്കിന്റെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്വിഗ്ഗി, പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കായി ഐസിഐസിഐ സെക്യൂരിറ്റീസ്, ജെപി മോര്‍ഗന്‍ എന്നിവയെ ബാങ്കര്‍മാരായി നിയമിച്ചതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൂടുതല്‍ ബാങ്കുകളെ പിന്നീട് ചേര്‍ത്തേക്കുമെന്നും ഇതൊരു വലിയ ഐപിഒ ആയിരിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഏകദേശം 1 ബില്യണ്‍ ഡോളറായിരിക്കും പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ കമ്പനി സമാഹരിക്കുക.
2022 ജൂണില്‍, മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് മുമ്പാകെ ഡിആര്‍എച്ച്പി സമര്‍പ്പിച്ച് 2023 ആദ്യത്തിനുള്ളില്‍ സ്വിഗ്ഗി ഓഹരി വിപണിയിലേക്ക് എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഓഹരികളുടെ വില്‍പ്പനയും ഓഫര്‍ ഫോര്‍ സെയ്‌ലും അടങ്ങുന്നതായിരിക്കും ഐപിഒയെന്ന് ഉറവിടങ്ങള്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു ഫുഡ് ഡെലിവറി കമ്പനി എന്നതിലുപരി ഒരു ലോജിസ്റ്റിക്സ് കമ്പനിയായി നിലയുറപ്പിക്കാനാണ് സ്വിഗ്ഗി പദ്ധതിയിടുന്നത്. സ്വിഗ്ഗി ബോര്‍ഡിലേക്ക് സ്വതന്ത്ര ഡയറക്ടര്‍മാരെ ഉള്‍പ്പെടുത്താന്‍ തുടങ്ങിയതായും റിപ്പര്‍ട്ടിലുണ്ട്. അടുത്തിടെ സ്വിഗ്ഗി നടത്തിയ ഫണ്ട് സമാഹരണത്തിലൂടെ മൂല്യം 10.7 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കിയതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രാജ്യത്തെ ഫുഡ് ഡെലിവറി രംഗത്ത് സ്വിഗ്ഗിയും സൊമാറ്റോയും തമ്മില്‍ കടുത്ത മത്സരമാണ്. ഡിസംബറില്‍, സ്വിഗ്ഗി അതിന്റെ ഫുഡ് ഡെലിവറി ബിസിനസില്‍ 250 മില്യണ്‍ ഡോളറിന്റെ പ്രതിമാസ വില്‍പ്പനയാണ് അവകാശപ്പെട്ടത്. അതേസമയം സൊമാറ്റോ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 733 മില്യണ്‍ ഡോളറിന്റെ വില്‍പ്പനയും രേഖപ്പെടുത്തി.
Next Story
Videos