നാലാം ദിനത്തിലും സമരം ശക്തമാക്കി കൊച്ചിയിലെ സ്വിഗ്ഗി

കൊച്ചിയിലെ സ്വിഗ്ഗി ഭക്ഷണ വിതരണ തൊഴിലാളികള്‍ നാലാം ദിനവും സമരം ശക്തമായി തുടര്‍ന്നു. സമരത്തിന്റെ ഭാഗമായി എഐടിയുസിയുടെ നേതൃത്വത്തില്‍ 200 അധികം ഭക്ഷണ വിതരണ തൊഴിലാളികള്‍ സ്വിഗ്ഗിയുടെ സോണല്‍ ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. മിനിമം നിരക്ക് 30 രൂപയായി ഉയര്‍ത്തുക, തേര്‍ഡ് പാര്‍ട്ടി കമ്പനിയുടെ ഭക്ഷണ വിതരണ അധികാരം എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വിഗ്ഗി ഭക്ഷണ വിതരണ തൊഴിലാളികള്‍ സമരം ആരംഭിച്ചത്.

മിനിമം നിരക്ക് ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സ്വിഗ്ഗിയുടെ മാനേജ്‌മെന്റ് ഓഫീസിലേക്ക് തങ്ങള്‍ കത്തയച്ചിരുന്നവെന്ന് ഫുഡ് ഡെലിവറി യൂണിയന്‍ ജില്ലാസെക്രട്ടറി വിപിന്‍ പറഞ്ഞു. തുടര്‍ന്ന് സ്വിഗ്ഗിയുടെ മാനേജ്‌മെന്റ് പതിനാല് ദിവസത്തെ സാവകാശം ആവശ്യപ്പെടുകയും അതിലൊരു ദിവസം ചര്‍ച്ചയ്ക്ക് തയ്യാറാകുകയും ചെയ്തു. എന്നാല്‍ അവര്‍ തങ്ങളുടെ എല്ലാ ആവശ്യങ്ങളൊന്നും അംഗീകരിക്കാതായതോടെയാണ് തൊഴിലാളികള്‍ സമരം ശക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സമരത്തെ സ്വിഗ്ഗിയുടെ മാനേജ്‌മെന്റ് അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് ഇവര്‍ ആരോപിച്ചു. ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് ശേഷവും സമരം അവസാനിപ്പിക്കാനുള്ള നീക്കം സര്‍ക്കാരിന്റെയോ മാനേജ്‌മെന്റിന്റെയോ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നുമുള്ള ആരോപണവും ഉയര്‍ന്നു വന്നിട്ടുണ്ട്. ഇതോടെയാണ് ഭക്ഷണ വിതരണക്കാര്‍ സമരം ശക്തമാക്കിയത്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് ഭക്ഷണ വിതരണക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it