കാറ്റ് അനുകൂലം, കാറ്റാടി യന്ത്രങ്ങള്‍ക്ക് നല്ല ഡിമാന്‍ഡ്, ഈ ഓഹരി ഇപ്പോള്‍ വാങ്ങാമോ?

ഇന്ത്യയിലെ പ്രമുഖ കാറ്റാടി യന്ത്ര നിര്‍മാണ കമ്പനിയാണ് ഐനോക്‌സ് വിന്‍ഡ് (Inox Wind Ltd). പുനരുപയോഗ ഊര്‍ജ ഉത്പാദനത്തിന് പ്രാധാന്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കമ്പനിക്ക് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ ക്യാഷ് ലാഭം നേടി. ഈ പശ്ചാത്തലത്തില്‍ ഓഹരിയില്‍ മുന്നേറ്റം ദൃശ്യമാണ്.

1. 3 മെഗാവാട്ട് കാറ്റാടി യന്ത്രങ്ങള്‍ക്ക് ആവര്‍ത്തന ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. 2023-24 സെപ്റ്റംബര്‍പാദ അവസാനം ഉണ്ടായിരുന്ന 1,276 മെഗാവാട്ട് ഉത്പാദനശേഷി സ്ഥാപിക്കാനുള്ള കരാര്‍ കൂടാതെ 279 മെഗാവാട്ട് സ്ഥാപിക്കാനുള്ള ആവര്‍ത്തന ഓര്‍ഡറും ലഭിച്ചു. മൊത്തം 1,555 മെഗാവാട്ട് ഉത്പാദന ശേഷി സ്ഥാപിക്കാനുണ്ട്. 2025 ജൂണ്‍ ഓടെ യന്ത്രങ്ങള്‍ നിര്‍മിച്ചുനല്‍കാന്‍ സാധിക്കും.
2. 2023-24 ആദ്യ പകുതിയില്‍ വരുമാനത്തില്‍ 125 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തി. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ആദായത്തില്‍ (EBITDA) മുന്‍ വര്‍ഷം 44.1 കോടി രൂപയുടെ നഷ്ടമായിരുന്നു. 2023-24 ആദ്യ പകുതിയില്‍ ഇത് 106.4 കോടി രൂപ ലാഭമായി.
3. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുനരുപയോഗ ഊര്‍ജത്തിന് ഊന്നല്‍ നല്‍കുന്നത് കമ്പനിക്ക് നേട്ടമാകും. 2023 ഒക്ടോബറില്‍ രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങള്‍ പുതിയ പുനരുപയോഗ ഊര്‍ജനയം പ്രഖ്യാപിച്ചു. ഗുജറാത്തില്‍ മാത്രം 50,000 കോടി രൂപയുടെ അധിക നിക്ഷേപം ഇതുമൂലം ഉണ്ടാകുമെന്ന് കരുതുന്നു. ഗുജറാത്തില്‍ 143 ഗിഗാവാട്ട് കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധ്യതയുണ്ട്. രാജസ്ഥാനില്‍ 15 ഗിഗാവാട്ട് ഉത്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
4. പല ഘട്ടങ്ങളിലായി പ്രൊമോട്ടര്‍മാരുടെ ഓഹരികള്‍ വിറ്റത് വഴി 1,300 കോടി രൂപ ലഭിച്ചു. ഇത് ഉയര്‍ന്ന പലിശ നല്‍കേണ്ട വായ്പകള്‍ അടച്ചുതീര്‍ക്കാന്‍ ഉപകരിക്കും. പലിശച്ചെലവുകള്‍ കുറയുന്നത് കമ്പനിയുടെ ലാഭക്ഷമത വര്‍ധിപ്പിക്കാന്‍ സഹായകരമാകും.
5. മാര്‍ച്ച് പാദത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള യന്ത്രങ്ങളുടെ കൂടുതല്‍ ടെന്‍ഡറുകള്‍ പുറത്തിറക്കും. ഇതും കമ്പനിക്ക് കൂടുതല്‍ ബിസിനസ് നേടാനുള്ള സാധ്യത നല്‍കുന്നുണ്ട്. 2023-24ല്‍ 450 മെഗാവാട്ട്, 2024-25ല്‍ 600 മെഗാവാട്ട്, 2025-26ല്‍ 800 മെഗാവാട്ട് ഓര്‍ഡറുകള്‍ നടപ്പാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
6. ഉപകമ്പനിയായ ഐനോക്‌സ് ഗ്രീന്‍ തുടര്‍ച്ചയായ ലാഭം നേടിയ കമ്പനിയാണ്. കാറ്റില്‍ നിന്നുള്ള വൈദ്യുതി പദ്ധതികളുടെ പ്രവര്‍ത്തനം, അറ്റകുറ്റപ്പണികള്‍ ചെയ്യുന്ന സ്ഥാപനമാണ് ഐനോക്‌സ് ഗ്രീന്‍. നിലവില്‍ 3.2 ഗിഗാവാട്ട് ശേഷിയുള്ള പദ്ധതികള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഐനോക്‌സ് വിന്‍ഡ് കമ്പനിയുടെ മാതൃസ്ഥാപനമായ ഐനോക്‌സ് എനര്‍ജി ലിമിറ്റഡുമായിട്ടുള്ള ലയനം പൂര്‍ത്തീകരിക്കുകാണ്. ഇതിലൂടെ ഓഹരി ഉടമകള്‍ക്ക് നിക്ഷേപത്തിന് മൂല്യ വര്‍ധന ഉണ്ടാകാന്‍ സാധ്യതയുണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യവില: ₹575
നിലവില്‍: ₹516
Stock Recommendation by Systematix Institutional Equities.
(Equity investing is subject to market risk. Please do your own research or consult a financial advisor before investing)
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it