എഐ മാജിക്! ഇന്ത്യൻ വിപണിയെ മറികടന്ന് തായ്‌‍വാൻ; റീട്ടെയിൽ നിക്ഷേപകർ ഇനി ​ഗ്ലോബലാകേണ്ടി വരുമോ?

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിലുണ്ടായ മുന്നേറ്റവും മുൻനിര ചിപ്പ് നിർമ്മാണ കമ്പനിയായ ടി.എസ്.എം.സി. ഓഹരിയുടെ അസാധാരണ വളർച്ചയുമാണ് തായ്‌‍വാന് ഈ ചരിത്രനേട്ടം സമ്മാനിച്ചത്
Taiwan Stock Market Ranking
Canva
Published on

ലോകത്തിലെ അഞ്ചാമത്തെ വലിയ ഓഹരി വിപണിയായി തായ്‌‍‍വാന്റെ മുന്നേറ്റം. ഇന്ത്യയെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഈ കുഞ്ഞൻ ഏഷ്യൻ രാജ്യത്തിന്റെ ചരിത്രപരമായ കുതിപ്പ്. നിലവിൽ തായ്‌‍വാന്റെ വിപണി മൂല്യം (Market Cap) 4.95 ട്രില്യൺ (4,95,000 കോടി) ഡോളറാണ്. ഇന്ത്യൻ വിപണിയുടെ നിലവിലെ മൂല്യം 4.92 ട്രില്യൺ (4,92,000 കോടി) ഡോളറുമാകുന്നു.

അതേസമയം 77.96 ട്രില്യൺ (77,96,000 കോടി) ഡോളർ വിപണി മൂല്യമുള്ള യു.എസ് ആണ് ഒന്നാം സ്ഥാനത്ത്. ചൈന (15.57 ട്രില്യൺ ഡോളർ), ജപ്പാൻ (8.67 ട്രില്യൺ ഡോളർ), ഹോങ്കോംഗ് (7.26 ട്രില്യൺ ഡോളർ) എന്നീ വിപണികളാണ് തൊട്ടുപിന്നിൽ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിലുണ്ടായ മുന്നേറ്റവും മുൻനിര ചിപ്പ് നിർമ്മാണ കമ്പനിയായ ടി.എസ്.എം.സി. ഓഹരിയുടെ അസാധാരണ വളർച്ചയുമാണ് തായ്‌‍വാന് ഈ ചരിത്രനേട്ടം സമ്മാനിച്ചത്. തായ്‌വാൻ സൂചികയുടെ 42 ശതമാനവും കൈയാളുന്ന ടി.എസ്.എം.സി ഓഹരികൾ ഈ വർഷം മാത്രം 49 ശതമാനമാണ് കുതിച്ചുയർന്നത്.

എഐ അധിഷ്ഠിത പുതിയ വിപണിക്രമം

തായ്‌‍വാന്റെ ഇപ്പോഴത്തെ മുന്നേറ്റം കേവലം ഒരു റാങ്കിംഗ് മാറ്റമല്ല, മറിച്ച് ആഗോള ധനകാര്യ വിപണിയിൽ ദീർഘകാലാടിസ്ഥാനത്തിൽ സംഭവിക്കുന്ന ഘടനാപരമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അനലി​സ്റ്റുകൾ വിലയിരുത്തുന്നു. മുൻകാലങ്ങളിൽ ബാങ്കിംഗ്, ഉപഭോക്തൃ വളർച്ച (Consumption), ഡിജിറ്റൽ സേവനങ്ങൾ എന്നിവയ്ക്കാണ് നിക്ഷേപകർ മുൻഗണന നൽകിയിരുന്നതെങ്കിൽ, നിലവിൽ ശ്രദ്ധ പൂർണ്ണമായും എഐ സാങ്കേതികവിദ്യ വിപ്ലവത്തിന് ആവശ്യമായ ഹാർഡ്‌‍വെയർ ഇൻഫ്രാസ്ട്രക്ചറിലേക്ക് മാറിയിരിക്കുന്നു.

സെമികണ്ടക്ടർ ചിപ്പുകൾ, എഐ സെർവറുകൾ, ഡാറ്റാ സെന്ററുകൾ എന്നീ വിഭാ​ഗങ്ങളിലേക്കാണ് ഇപ്പോൾ ആഗോള മൂലധം ഒഴുകുന്നത്. ഭാവിയിൽ ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്വാധീനം കേവലം ജി.ഡി.പി വളർച്ചയിൽ മാത്രമല്ല, സാങ്കേതികവിദ്യയിലെ പ്രസക്തിയെയും എഐ അടിസ്ഥാന സൗകര്യങ്ങളിലെ മേധാവിത്വത്തെയും ആശ്രയിച്ചായിരിക്കുമെന്നും വിപണി വിദ​ഗ്ധർ വ്യക്തമാക്കുന്നു.

മാക്രോ ഇക്കണോമിക്സിനെ മറികടക്കുന്ന 'നറേറ്റീവ് ഇൻവെസ്റ്റിംഗ്'

ചൈന — തായ്‌‍വാൻ സംഘർഷ സാധ്യത ഉൾപ്പെടെയുള്ള വിവിധ ജിയോപൊളിറ്റിക്കൽ റിസ്ക് ഘടകങ്ങൾ നിലനിൽക്കുമ്പോഴും എഐ അധിഷ്ഠിത വിപണികളിലേക്ക് ആഗോള നിക്ഷേപം വൻതോതിൽ ഒഴുകുകയാണ്. ഇവിടെ പരമ്പരാഗത മാക്രോ ഇക്കണോമിക് സൂചകങ്ങളേക്കാൾ, ഭാവിയിലെ സാങ്കേതിക മുന്നേറ്റത്തിൽ ​ഗുണഫലം തേടിയെത്തുന്ന നിർണായക സ്വാധീനമുള്ള മേഖലകളെ മുൻകൂട്ടി കണ്ടുകൊണ്ട് നിക്ഷേപം നടത്തുന്ന ‘നറേറ്റീവ് ഇൻവെസ്റ്റിംഗ്’ ശൈലിയാണ് പ്രകടമാകുന്നത്.

അതേസമയം ഇന്ത്യൻ സമ്പദ്‌‍വ്യവസ്ഥ ശക്തമായ ആഭ്യന്തര വളർച്ച നിലനിർത്തുന്നുണ്ടെങ്കിലും, സെമികണ്ടക്ടർ നിർമ്മാണത്തിലും എഐ ഹാർഡ്‌‍വെയർ ഇക്കോസിസ്റ്റത്തിലും അൽപ്പം പിന്നിലാണ്. അതുകൊണ്ട് തന്നെ എഐ മേഖലയിൽ നിന്നും ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ എണ്ണം പരിമിതമായത്, ഇന്ത്യൻ വിപണിയുടെ സമീപകാലത്തെ പ്രകടനത്തെ താത്കാലികമായെങ്കിലും ബാധിച്ചിട്ടുണ്ട്.

അപകടസാധ്യത

തായ്‌‍വാൻ ഓഹരി വിപണിയുടെ മുന്നേറ്റം പ്രധാനമായും ടി.എസ്.എം.സി ഉൾപ്പെടെയുള്ള ചുരുക്കം ചില സാങ്കേതികവിദ്യാ കമ്പനികളെ മാത്രം ആശ്രയിച്ചാണ് നിലനിൽക്കുന്നത്. യു.എസ് വിപണിയിലെ 'മാഗ്നിഫിസന്റ് സെവൻ' (Mag 7) കമ്പനികളുടെ വളർച്ചയ്ക്ക് സമാനമാണിത്. ഇത്തരം കേന്ദ്രീകൃത സ്വഭാവം (Concentration Risk) വിപണി അനുകൂലമായിരിക്കുന്ന സമയത്ത് ഉയർന്ന നേട്ടം സമ്മാനിക്കാമെങ്കിലും, എഐ മേഖലയിലെ കമ്പനികളുടെ വരുമാന വളർച്ചയിൽ ഇടിവുണ്ടായാൽ ഈ വിപണികൾ വലിയ തിരുത്തലുകൾക്ക് വിധേയമാകാനുള്ള സാധ്യതയും കൂടുതലാണ്.

നിക്ഷേപകർക്കുള്ള പാഠമെന്ത്?

ഈ സംഭവവികാസങ്ങൾ ഇന്ത്യൻ റീട്ടെയിൽ നിക്ഷേപകർക്ക് പുതിയൊരു പാഠം പകർന്നു നൽകുന്നുണ്ട്. ഭൂരിഭാഗം നിക്ഷേപകരും ഇപ്പോഴും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളിലും ബാങ്കിംഗ്, കൺസംപ്ഷൻ തീമുകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാൽ എഐ വഴിയുള്ള സാമ്പത്തിക വളർച്ച ആഗോള സ്വഭാവമുള്ളതാണ്.

ഇത് ഇന്ത്യയുടെ ദീർഘകാല വളർച്ചാ സാധ്യതകളെ ബാധിക്കില്ലെങ്കിലും നിക്ഷേപകർ തങ്ങളുടെ പോർട്ട്‌ഫോളിയോയുടെ ഒരു നിശ്ചിത വിഹിതം അന്താരാഷ്ട്ര വിപണിയിലെ സാങ്കേതികവിദ്യാ മേഖലകളിലേക്ക് മാറ്റേണ്ടതിന്റെ (Global Diversification) ആവശ്യകത മാ‌ർക്കറ്റ് അനലി​സ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നു. കാരണം ലോകത്തെ അടുത്ത സാമ്പത്തിക കുതിച്ചുചാട്ടം ഏത് സാങ്കേതിക ശൃംഖലയെ കേന്ദ്രീകരിച്ചാണെന്ന് തിരിച്ചറിയുന്നവർക്ക് മാത്രമേ നിക്ഷേപരംഗത്ത് വിപ്ലവകരമായ മുന്നേറ്റം കാഴ്ചവെക്കാൻ സാധിക്കുകയുള്ളൂ.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com